‘മാലിന്യം നഗരപിതാവിന്റെ സ്വത്താണ്’ എന്നു നമ്മുടെ നാട്ടിലെ പഞ്ചയാത്തീരാജ് /മുനിസിപ്പല്‍ നിയമത്തിലും എഴുതിവച്ചിട്ടുണ്ട്. എന്നാല്‍, ആ ‘സ്വത്തു’മായി പൗരന്മാര്‍ വരുമ്പോള്‍ അതുവാങ്ങി സംസ്‌കരിക്കാതെ, അവരെ ഒളിക്യാമറ വച്ചു പിടിച്ചു കേസെടുക്കുകയാണിവിടെ.



പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും മറ്റും ഉണ്ടാകുന്നത് ‘വൃത്തിഹീന’മായ പരിസരവും ‘മാലിന്യം’ കുന്നുകൂടുന്നതും മൂലമാണെന്നാണ് കേരളത്തിലെ 99.9 ശതമാനം ആളുകളും കരുതുന്നത്. അതുകൊണ്ടാണ് ‘മഴക്കാല പൂര്‍വശുചീകരണം’ നടത്തിയതിലെ പോരായ്മ മൂലമാണ് പകര്‍ച്ചപ്പനികള്‍ കൂടിയതെന്ന ആരോപണവുമായി മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാക്കൊല്ലവും രംഗത്തുവരുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വലതു പക്ഷവും വലതര്‍ ഭരിക്കുമ്പോള്‍ ഇടതരും ബഹളം വയ്ക്കും.

ബി.ജെ.പി/ബി.ഡി.ജെ.എസ് മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി വരെയുള്ള കക്ഷികളും സമരകോലാഹലങ്ങളുമായി രംഗത്തുവരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം, എം.എല്‍.എയും ജില്ലാ മെഡിക്കല്‍ ഓഫീസറും പങ്കെടുത്ത പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ , മാലിന്യനിര്‍മാര്‍ജനം ആണ് പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം എന്നാണ് രണ്ടുപേരും അസന്ദിഗ്ധമായി പ്രസ്താവിച്ചത്.

നഗരവും നാടും തോടുമെല്ലാം വൃത്തിഹീനമാകുന്നത്, വീടുകളിലെയോ ഹോട്ടല്‍ പോലുള്ള സ്ഥാപനങ്ങളിലെയോ മാര്‍ക്കറ്റിലെയോ ജൈവമാലിന്യങ്ങള്‍ കിറ്റുകളിലാക്കി റോഡിലേക്കു വലിച്ചെറിയുന്നതുകൊണ്ടാണ്. ബോധവത്കരണത്തിന്റെ അഭാവം കൊണ്ടോ സാമൂഹികബോധത്തിന്റെ കുറവുകൊണ്ടോ അല്ല ആളുകള്‍ മാലിന്യം വലിച്ചെറിയുന്നത്; അവ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള കേന്ദ്രീകൃത സംവിധാനമില്ലാത്തതുകൊണ്ടാണ്ടാണ്. നഗരവാസികള്‍ക്കും തീരെ ചെറിയ സ്ഥലത്തു വീടു വച്ചു താമസിക്കുന്ന ഗ്രാമീണര്‍ക്കും ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍, ലോകമെങ്ങും കേന്ദ്രീകൃതാടിസ്ഥാനത്തിലാണു ഫലപ്രദമായി നടപ്പാക്കുന്നത്. മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്ന വാഹനത്തില്‍വച്ചുതന്നെ സംസ്‌കരിക്കുന്ന ടെക്‌നോളജിയൊക്കെയാണ് വികസിത രാജ്യങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്. യൂട്യൂബില്‍ നോക്കിയാല്‍ അത്തരം നിരവധി മികച്ച രീതികള്‍ കാണാനാകും.

മാലിന്യങ്ങള്‍ തരംതിരിച്ചു നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു കഴിയാത്തതും വികസിത രാജ്യങ്ങളിലേതുപോലുള്ള കുറ്റമറ്റ കേന്ദ്രീകൃത പ്ലാന്റുകളും വാഹനങ്ങളും സ്ഥാപിക്കാന്‍ കഴിയാത്തതും മൂലമാണ് കേരളത്തില്‍ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ പരാജയപ്പെടുന്നത്.

പൈപ്പ് കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റുമൊക്കെ നിര്‍മിച്ച് മണ്ണും വെള്ളവും മലിനമാക്കുന്ന ഉറവിടമാലിന്യ സംസ്‌കരണം എന്ന ഏര്‍പ്പാട് ലോകത്ത് വേറെ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ആശാസ്യമോ വിജയകരമാവുന്നതോ ആയ പദ്ധതിയല്ലത് . ഇവിടെയും അതു പരാജയം തന്നെയാണെന്നു ബോധ്യപ്പെട്ടിട്ടും കോടിക്കണക്കിനു രൂപയാണ് ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി വര്‍ഷാവര്‍ഷം ചെലവാക്കുന്നത്.

അതെന്തായാലും, ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍, ഈ വലിച്ചെറിയുന്ന ജൈവമാലിന്യത്തിലൊന്നും വളരില്ല. അതുപോലെതന്നെ, മഴക്കാലമാകുമ്പോള്‍ പറമ്പുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും അവ വളരില്ല. മറ്റു പകര്‍ച്ചപ്പനികളുണ്ടാകുന്നതിനും മാലിന്യമാണു കാരണമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. നമ്മുടെ നാട്ടില്‍ അത്തരം പഠനങ്ങളൊക്കെ നടക്കുന്നത് വളരെ അപൂര്‍വമായാണ്.

എന്നാല്‍, മാധ്യമങ്ങളും തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അധികാരികളും മാലിന്യത്തെയാണ് എല്ലാക്കൊല്ലവും കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുടെ പ്രചാരണങ്ങള്‍ കേട്ട് ആരോഗ്യവകുപ്പിനും വെളിവില്ലാതായിരിക്കയാണ്. ‘മാലിന്യങ്ങളകറ്റാം, രോഗങ്ങളും’ എന്ന അവരുടെ കാമ്പെയിനും ഡി.എം.ഒയുടെ പ്രസ്താവനയും അതാണു സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍ ഡങ്കിപ്പനി വരാനുള്ള കാരണം മാലിന്യമാണെന്നാണ് കേരളത്തിലെ എല്ലാത്തട്ടിലുള്ള ജനങ്ങളും വിശ്വസിക്കുന്നത്. മനോരമയും മാതൃഭൂമിയും തിരിച്ചു പറയുന്നതുവരെ ജനങ്ങളുടെ ഈ അഭിപ്രായം മാറാനും പ്രയാസമാണ്. ദിനേനെ, മാലിന്യക്കൂമ്പാരത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും മത്സരബുദ്ധിയോടെ പരസ്യപ്പെടുത്തി, അവയാണു പകര്‍ച്ചപ്പനിയ്ക്കു കാരണമെന്നു റിപ്പോര്‍ട്ടെഴുതുന്ന ഈ പത്രങ്ങള്‍, മറിച്ചൊരു കുറിപ്പു നല്‍കുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്ക് അവസരം നല്‍കാറുള്ള മാധ്യമം പത്രം പോലും, പകര്‍ച്ചപ്പനി സംബന്ധമായി മുഖപ്രസംഗം എഴുതിയത് ഇങ്ങനെയാണ്: ‘മഴക്കാലം തുടങ്ങുമ്പോള്‍ പനിയും രോഗങ്ങളും വര്‍ധിക്കുകയെന്നത് നമ്മുടെ സംസ്ഥാനത്തെ പൊതുപ്രവണതയാണ്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി അപരിചിതങ്ങളായ പുതിയ പല രോഗങ്ങളും പനികളും നാട്ടില്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ വര്‍ഷം അത് കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. പടര്‍ന്നുപിടിക്കുന്ന അസുഖങ്ങളില്‍ നല്ലൊരു പങ്കും കൊതുകുജന്യ രോഗങ്ങളാണ്.

അതായത്, മഴ തുടങ്ങുമ്പോഴേക്ക് രോഗം പരത്തുന്ന കൊതുകുകള്‍ പെരുകുന്ന അവസ്ഥ. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് എല്ലാവരും കൂട്ടായി ആലോചിക്കണം. രാജ്യത്തിനുതന്നെ അഭിമാനാര്‍ഹമായ വിധത്തില്‍ പൊതുജനാരോഗ്യ രംഗത്ത് മുന്നേറ്റം നടത്തിയ ഒരു ജനത മഴയോടൊപ്പം വന്നെത്തുന്ന കൊതുകുകള്‍ക്ക് മുന്നില്‍ തോറ്റുപോകുന്നത് വലിയ നാണക്കേട് തന്നെയാണ്.

ആരോഗ്യ രംഗത്ത് ഇത്രയും വികാസം നേടിയിട്ടും എന്തുകൊണ്ട് ഓരോ വര്‍ഷവും പുതിയ രോഗങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന കാര്യം ഗൗരവത്തില്‍ പരിശോധിക്കണം. കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പറഞ്ഞാല്‍ അതിന്റെ മറ്റൊരര്‍ഥം, സംസ്ഥാനം അങ്ങേയറ്റം വൃത്തിഹീനമാണ് എന്നതു കൂടിയാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നേറിയ ഒരു ജനതക്ക് നാണക്കേടാണ് ഇത്തരമൊരു അവസ്ഥ.’ (15/6/17)

അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണു നമ്മുടേത്. തദ്ഫലമായി ഓരോ വീടിനു ചുറ്റും കുപ്പി, ഗ്ലാസ്, കപ്പ്, പ്ലാസ്റ്റിക് തുടങ്ങിയ, ആധുനിക ഉപഭോഗവസ്തുക്കളുടെ കണ്ടെയ്‌നറുകള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെട്ടിരിക്കുന്നതു കാണാം. അത്തരം ചെറിയ കണ്ടെയ്‌നറുകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലാണ് ഈഡിസ് കൊതുകുകള്‍ എന്ന ഡെങ്കിപ്പനിക്കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍, ചിരട്ട, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഇന്‍ഡോര്‍ പ്ലാന്റ്‌സ് വച്ചിട്ടുള്ള പാത്രങ്ങള്‍, ടെറസ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്നാലും അവിടെ ഈ കൊതുകുകള്‍ വളരും.

അതോടൊപ്പം റബ്ബര്‍ത്തോട്ടങ്ങളിലെ ചിരട്ടകളിലും തോട്ടത്തില്‍ അട്ടിയിട്ടുകിടക്കുന്ന ഉണങ്ങിയ ഇലകളിലും ഈ കൊതുകുകള്‍ ധാരാളമായി വളരുന്നു. വീടുകള്‍ക്കു ചുറ്റും വീട്ടിനകത്തുമുള്ള കണ്ടെയ്‌നറുകള്‍ കമഴ്ത്തിക്കളയാനും വെള്ളം കയറാതെ മാറ്റിവയ്ക്കാനും വീട്ടുകാര്‍ വിചാരിച്ചാല്‍ നടക്കും. എന്നാല്‍ റബ്ബര്‍ തോട്ടങ്ങളിലെ പ്രശ്‌നം മിക്കവാറും അപരിഹാര്യമായി തുടരുകയാണ്. ചിരട്ട നിര്‍ബന്ധപൂര്‍വം മാറ്റാമെന്നു വച്ചാലും ഇലകള്‍ മാറ്റലോ കത്തിച്ചുകളയലോ ഏതാണ്ട് അപ്രായോഗികം തന്നെയാണ്.

അതുകൊണ്ടുതന്നെയാണ് റബ്ബര്‍ തോട്ടങ്ങള്‍ കൂടുതലുള്ള പ്രദേശത്ത് ഡങ്കിപ്പനി എല്ലാക്കൊല്ലവും ആവര്‍ത്തിക്കുന്നതും ശക്തമാകുന്നതും. വീടുകളില്‍ നിന്ന് ഇത്തരം ‘മാലിന്യങ്ങള്‍’ റോഡിലേക്കു വലിച്ചെറിയുന്നിടത്തും ആക്രിക്കാര്‍ക്കു കൊടുക്കുന്നിടത്തും ഈ പ്രശ്‌നം വരും. ‘മാലിന്യങ്ങളകറ്റാ’നായി വര്‍ഷം തോറും കോടിക്കണക്കിനു രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ദുര്‍വ്യയം ചെയ്തുകൊണ്ടിരിക്കുന്നത്.

വാര്‍ഡൊന്നിന് 25000 രൂപയാണ് എല്ലാകൊല്ലവും അനുവദിക്കാറുള്ളത്. മഴക്കുഴി നിര്‍മിച്ച് മഴവെള്ളം ഭൂമിയിലേക്കിറക്കണം എന്ന് ഒരു വശത്തു നിര്‍ദേശിക്കുമ്പോള്‍ മറുവശത്ത്, മഴവെള്ളം തോട്ടിലോട്ട് ഒഴുക്കിക്കളയാനായാണ് വാര്‍ഡ് സമിതികള്‍ പ്രധാനമായും ഈ ഫണ്ട് ചെലവഴിക്കുന്നത്. റോഡരികിലെ പുല്ലുവെട്ടാനും ആശുപത്രി ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങള്‍ വൃത്തിയാക്കാനും വേണ്ടി ബാക്കിയുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫണ്ട് പോര എന്ന അഭിപ്രായക്കാരാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ മെംബര്‍മാര്‍ പൊതുവേ.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരാണെങ്കില്‍ വൗച്ചറും കണക്കും എഴുതി സൂക്ഷിക്കല്‍ പോലുള്ള കാരണങ്ങളാല്‍ ഫണ്ട് അനുവദിക്കല്ലേ എന്നും പ്രാര്‍ഥിക്കുന്നു. ഫണ്ട് അതതുവര്‍ഷം തന്നെ ചെലവാക്കിയില്ലെങ്കില്‍ ചോദ്യം വരുന്നതുകാരണം, മേല്‍ വിവരിച്ച അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയാണ്.

ജൈവമാലിന്യ സംസ്‌കരണവും പകര്‍ച്ചപ്പനിയുമായി കൂട്ടിക്കുഴക്കുന്ന ഏര്‍പ്പാട് അടിയന്തരമായി നിര്‍ത്തേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനവും തന്മൂലമുണ്ടാകുന്ന വൈറസുകളുടെ പെരുപ്പവും ആണ് പകര്‍ച്ചപ്പനി വര്‍ധിക്കുന്നതിനു കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. Vectors, pathogens and hosts each survive and reproduce within a range of optimal climatic conditions: temperature and precipitation are the most important, while sea level elevation, wind, and daylight duration are also important. (http://www.who.int/globalchange/summary/en/index5.html). കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, മനുഷ്യരുടെ രോഗപ്രതിരോധശേഷിയിലും കുറവുണ്ടാക്കുമത്രേ.

മാലിന്യം കുന്നുകൂടുന്നതു മൂലം എലിശല്യം കൂടുമെന്നും എലിപ്പനി മൂലമുള്ള അസുഖങ്ങള്‍ പടരാനിടയുണ്ടെന്നും പറയാമെങ്കിലും ഡങ്കിപ്പനിയുള്‍പ്പെടെയുള്ള വൈറല്‍ പനികള്‍ക്കു കാരണം മാലിന്യമാണെന്നു തെളിയിക്കുന്ന ഏതെങ്കിലും പഠനം പുറത്തുവന്നിട്ടുണ്ടോ?

ജൈവമാലിന്യ സംസ്‌കരണമാണെങ്കില്‍, മഴക്കാലത്തു മാത്രം നടപ്പാക്കേണ്ട കാര്യവുമല്ല. എല്ലാ ദിവസവും ശാസ്ത്രീയമായി അവ സംസ്‌കരിക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുകയാണു വേണ്ടത്. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ലോകമെങ്ങും കേന്ദ്രീകൃതാടിസ്ഥാനത്തിലാണു ഫലപ്രദമായി നടപ്പാക്കുന്നത്. സ്വന്തം വീടുകളില്‍ മാലിന്യം സംസ്‌കരിക്കുക എന്നത് ഭൂരിപക്ഷത്തിനും സാധിക്കുന്ന കാര്യമല്ല. മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്ന വാഹനത്തില്‍വച്ചുതന്നെ സംസ്‌കരിക്കുന്ന ടെക്‌നോളജിയൊക്കെയാണ് വികസിത രാജ്യങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്. യൂട്യൂബില്‍ നോക്കിയാല്‍ അത്തരം നിരവധി മികച്ച രീതികള്‍ കാണാനാകും.

പൈപ്പ് കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റുമൊക്കെ നിര്‍മിച്ച് മണ്ണും വെള്ളവും മലിനമാക്കുന്ന ഉറവിടമാലിന്യ സംസ്‌കരണം എന്ന ഏര്‍പ്പാട് ലോകത്ത് വേറെ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ആശാസ്യമോ വിജയകരമാവുന്നതോ ആയ പദ്ധതിയല്ലത്. ‘മാലിന്യം നഗരപിതാവിന്റെ സ്വത്താണ്’ എന്നു നമ്മുടെ നാട്ടിലെ പഞ്ചയാത്തീരാജ് /മുനിസിപ്പല്‍ നിയമത്തിലും എഴുതിവച്ചിട്ടുണ്ട്. എന്നാല്‍, ആ ‘സ്വത്തു’മായി പൗരന്മാര്‍ വരുമ്പോള്‍ അതുവാങ്ങി സംസ്‌കരിക്കാതെ, അവരെ ഒളിക്യാമറ വച്ചു പിടിച്ചു കേസെടുക്കുകയാണിവിടെ. നിയമത്തില്‍ നിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആ ഉത്തരവാദിത്വം എടുത്തുകളഞ്ഞ് ഉറവിട മാലിന്യ സംസ്‌കരണം പൌരന്റെ ചുമതലയാക്കിയിരിക്കുകയാണിപ്പോള്‍.

‘ഇപ്പോള്‍ പടരുന്ന പനികളില്‍ നല്ലൊരു ശതമാനം ജലദോഷ വൈറസുകള്‍ ഉണ്ടാക്കുന്ന ‘ഫ്‌ലൂ’ പനികളാണ്. ഇവ 3-5 ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ത്തന്നെ വിശ്രമിച്ച് ചികിത്സിച്ചാല്‍ ഭേദമാകും. കേരളം ഹൈപര്‍ എന്‍ഡമിക് പ്രദേശമായതിനാല്‍ ഇവയില്‍ 10 ശതമാനത്തില്‍ താഴെ ഡെങ്കുവായിരിക്കാന്‍ സാധ്യതയുണ്ട്.

ഡെങ്കിപ്പനിയില്‍ തന്നെ 90 ശതമാനത്തിലധികവും ഫ്‌ലു പനി പോലെ വിശ്രമംകൊണ്ട് 3-5 ദിവസത്തിനുള്ളില്‍ ഭേദമാകുന്നതായതിനാല്‍ ‘ഔട്ട് പേഷ്യന്റ്’ ചികിത്സ മാത്രമേ ആവശ്യമുള്ളൂ. ഇവരില്‍ ചെറിയൊരു ശതമാനം പേര്‍ക്ക് സങ്കീര്‍ണതകളുണ്ടായി ശരിയായ ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണത്തിലേക്ക് നയിച്ചേക്കാം.

ഡെങ്കിപ്പനിയുണ്ടായി 3-4 ദിവസംകഴിഞ്ഞ് മാത്രമാണ് സങ്കീര്‍ണതകളുണ്ടാക്കുന്ന ഈ ഘട്ടത്തിലേക്ക് രോഗി പ്രവേശിക്കുകയുള്ളൂ എന്നാണ് മോഡേണ്‍ മെഡിസിനിലെ ഡോക്റ്റര്‍മാര്‍ പറയുന്നതെങ്കിലും രോഗികളോ ഡോക്റ്റര്‍മാര്‍ തന്നെയോ ഈ ഉപദേശം ചെവിക്കൊള്ളാറില്ല. പനി വന്നാല്‍ ഉടന്‍ ഡോക്റ്ററെ കാണുക എന്നതാണു പൊതുവേ മലയാളികള്‍ ചെയ്യാറുള്ളത്. ആരോഗ്യവകുപ്പിന്റെ തന്നെ പ്രചാരണങ്ങളും മാധ്യമങ്ങളിലെ വാര്‍ത്തകളും കാണുന്ന ആളുകളാരും പനി വന്നാല്‍ മരുന്നൊന്നും കഴിക്കാതെ വിശ്രമിക്കാന്‍, ഭയം മൂലം തയ്യാറാവില്ല.

‘മനുഷ്യ ശരീരത്തിലെ ഏറ്റവും ഉദാത്തമായ പ്രതിരോധ സംവിധാനമാണു പനി അല്ലെങ്കില്‍ ശരീര ഊഷ്മാവ് കൂടുക എന്നത്. ശരീരത്തിനു ദോഷകരമായ ബാക്റ്റീരിയയോ വൈറസോ ഉള്ളില്‍കിടക്കുമ്പോള്‍ ശരീരം സ്വയം ചൂടുകൂട്ടി ആ അണുക്കള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഒരു തടസ്സം തീര്‍ക്കുകയാണു ചെയ്യുന്നത്.

‘ ഒന്നോ രണ്ടോ ദിവസം ശരീരത്തെ പനിക്കാന്‍ അനുവദിച്ചാലേ വൈറസുകള്‍ നശിക്കുകയുള്ളൂ എന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്ന കാര്യം. അതുകൊണ്ടാണ് പനി വന്നാല്‍, ‘ധാരാളം വെള്ളം കുടിച്ച് ആദ്യത്തെ മൂന്നു ദിവസം വിശ്രമിക്കുക’ എന്നൊക്കെ ആരോഗ്യവകുപ്പ് ലഘുലേഖയിറക്കിയിട്ടുള്ളത്.

പനിയുമായി വരുന്ന രോഗികള്‍ക്ക് ആദ്യം ഏതു ചികിത്സ നല്‍കണം, ഏതെല്ലാം നല്‍കിക്കൂട എന്നെല്ലാം സ്പഷ്ടമായി പ്രതിപാദിച്ചിട്ടുള്ള ഫീവര്‍/ഡെങ്കി പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ മേഖലയിലെ ഡോക്റ്റര്‍മാര്‍പോലും അതൊന്നും പാലിക്കാറില്ല.

ആദ്യമേ തന്നെ എല്ലാ പനിക്കാര്‍ക്കും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നവരാണ് അവരില്‍പ്പലരും. സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍, ഫീവര്‍ പ്രോട്ടോക്കോളെപ്പറ്റി കേട്ടിട്ടുണ്ടോ എന്നതു തന്നെ സംശയമാണ്. പനിമരണങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ അശാസ്ത്രീയ ചികിത്സയുടെ പങ്കിനെക്കുറിച്ചും വിദഗ്ധാന്വേഷണം നടത്തേണ്ടതുണ്ട്.

ആരോഗ്യവകുപ്പ് കോടിക്കണക്കിനു രൂപ ചെലവഴിച്ചു ബോധവത്കരണം നടത്തിയിട്ടും ഡെങ്കിപ്പനിക്കൊതുകുകളുടെ ഉറവിടങ്ങളായ, വെള്ളം കെട്ടിനില്‍ക്കുന്ന കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനോ മഴവെള്ളം കെട്ടിനില്‍ക്കാതെ മാറ്റിവയ്ക്കാനോ ഭൂരിപക്ഷം ജനങ്ങളും തയ്യാറായിട്ടില്ല. ഓരോ വര്‍ഷവും വകുപ്പിലെ ഉദ്യോഗസ്ഥരോ ആശ വര്‍ക്കര്‍മാരോ വന്ന് അവ മാറ്റട്ടെ എന്നു കരുതുന്ന ധാരാളം വീട്ടുകാരുണ്ട്. ചിരട്ട കമഴ്ത്തല്‍ പോലുള്ള നിസ്സാരമായ മാര്‍ഗത്തിലൂടെ ഈഡിസ് കൊതുകുകളെ തുരത്താം എന്നവര്‍ വിശ്വസിക്കുന്നില്ല. തൊട്ടടുത്ത തോടും മാലിന്യക്കൂമ്പാരവും കാണിച്ച് അവിടെ മരുന്നടിക്കാന്‍ വല്ല പണിയും ചെയ്യ് എന്നാണ് അതുകൊണ്ട് അവര്‍ ആരോഗ്യപ്രവര്‍ത്തകരെ ഉപദേശിക്കാറ്. മാലിന്യം മൂലം കൊതുകു പെരുകുന്നു എന്ന തെറ്റായ അറിവാണ് മാധ്യമങ്ങളിലൂടെ അവര്‍ക്കു ലഭിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ ബോധവത്കരണപ്രവര്‍ത്തനം സത്യം പറഞ്ഞാല്‍ വലിയ പരാജയമാണ്. സര്‍ക്കാര്‍, പത്രങ്ങളിലൂടെ നടത്തുന്ന ബോധവത്കരണ പരസ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിപക്ഷം ജനങ്ങളും ഇതൊന്നും അറിയുന്നുപോലുമില്ല. അങ്കണവാടികളും കുടുംബശ്രീ യോഗങ്ങളുമൊക്കയാണ് ആരോഗ്യപ്രവര്‍ത്തകരുടെ സ്ഥിരം ആരോഗ്യവിദ്യാഭ്യാസ ക്ലാസ് വേദികള്‍. ഗ്രാമ/വാര്‍ഡ് സഭകളും റെസിഡന്‍സ് അസോസിയേഷന്‍ യോഗങ്ങളും ബോധവത്കരണത്തിനുള്ള നല്ലൊരു ഇടമാണെങ്കിലും അവ മിക്കവാറും ഞായറാഴ്ചകളിലോ അവധി ദിനങ്ങളിലോ ആയതിനാല്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അവ ഒഴിവാക്കുകയാണു പതിവ്. എന്നിട്ട് സ്ഥിരം വേദികളായ അങ്കണവാടികളിലും കുടുംബശ്രീയിലും ചര്‍വിതചര്‍വണം നടത്തുന്നു. വളരെ ചെറിയൊരു വിഭാഗത്തിന്റെ അടുക്കല്‍ മാത്രം നടത്തുന്ന ആ ബോധവത്കരണം കൊണ്ട് കാര്യമായ ഗുണമൊന്നുമില്ല.

സ്‌കൂളുകളിലും കോളജുകളിലും സിലബസിന്റെ ഭാഗമായി, ആരോഗ്യശീലങ്ങളും ശുചിത്വശീലങ്ങളും ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കുട്ടികളെ പഠിപ്പിക്കലാണ് ഏക പോംവഴി. അതുചെയ്യാതെ, സ്‌കൂളുകളിലും സ്ഥാപനങ്ങളിലും, യാന്ത്രികമായി ഏറ്റു ചൊല്ലുന്ന പ്രതിജ്ഞ നടത്തിയിട്ട് വല്ല ഫലവുമുണ്ടോ?

പ്രമുഖ ചാനലുകളില്‍ പ്രൈം ടൈമില്‍ സെലിബ്രിറ്റികളെ ഉപയോഗിച്ചു നടത്തുന്ന, പരസ്യം പോലുള്ള ചെറിയ പരിപാടികളിലൂടെയും ബോധവത്കരണം നടത്താം. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് പോലുള്ള നവ മാധ്യമങ്ങളും ഉപയോഗിക്കാം. ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സന്ദേശങ്ങള്‍ ആമുഖമായി കാണിച്ച് ജനങ്ങളെ ബോറടിപ്പിക്കുന്ന പരസ്യം ചെയ്യാതിരിക്കാനുള്ള വിവേകവും വേണം. ബോധവത്കരണത്തിനും ശുചീകരണത്തിനുമായി ഇപ്പോള്‍ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും മുഖേന ധൂര്‍ത്തടിച്ചുകൊണ്ടിരിക്കുന്ന പണമുണ്ടെങ്കില്‍ ഈ പരസ്യം നിഷ്പ്രയാസം ചെയ്യാവുന്നതാണ്.

അതുപോലെ തന്നെ, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംഭരണവും കൊതുകു പെരുകാനുള്ള സാധ്യത ഒഴിവാക്കിക്കൊണ്ടു നടപ്പാക്കണം. ഈ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ സര്‍ക്കാരിനു കൊണ്ടുവരാവുന്നതാണ്. കേരളത്തെ സംബന്ധിച്ച് യാതൊരു പ്രസക്തിയുമില്ലാത്ത മലേറിയ സ്ലൈഡ് എടുക്കലും കുടുംബാസൂത്രണ പരിപാടികളും ഒക്കെ ചെയ്ത് വിലപ്പെട്ട സമയവും അധ്വാനവും പാഴാക്കിക്കൊണ്ടിരിക്കുന്ന, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ വിഭാഗത്തെ അത്തരം ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ഒരു പരിധിവരെ ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും കഴിയും.