Categories

‘വീരപുത്രനെതിരെ മലപ്പുറത്തെ ചില പ്രമാണിമാര്‍ രംഗത്ത്’

തൃശൂര്‍: മലപ്പുറം കേന്ദ്രീകരിച്ച് ചില പ്രമാണിമാര്‍ തന്റെ സിനിമ തിയേറ്ററില്‍നിന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സിനിമയെ ചില പ്രത്യേക രീതിയില്‍ കണ്ട് അക്രമിക്കാനും ദുഷ്പ്രചരണം നടത്തി തെറ്റായി വ്യാഖ്യാനിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ലീഗ് നേതാവ് ഇതിനെതിരെ രംഗത്തുവന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. ഇന്നത്തെ ലീഗല്ല സിനിമയിലെ ലീഗെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

21ന് വീരപുത്രനിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഖബറിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് പി.ടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ സംവിധാനം ചെയ്തത്. സാസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ് കൊല്ലപ്പെട്ടതായി പറയുന്നതിനെതിരെയാണ് ഹമീദ് രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍നിന്ന് പ്രസംഗം കഴിഞ്ഞ് പുഴ കടന്ന് ചേന്ദമംഗലൂരിലെത്തി ഹമീദിന്റെ പിതാവും മണാശ്ശേരി അംശം അധികാരിയുമായ കളത്തിങ്ങല്‍ എ.എം. അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം തിരിച്ചുപോകുമ്പോള്‍ വിഷബാധയേറ്റ് സാഹിബ് മരിച്ചെന്നാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ 1978ല്‍ പി.പി. ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, എസ്.കെ. പൊറ്റെക്കാട്ട്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതുകയും അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്ത ജീവചരിത്രത്തിലും മറ്റു ചരിത്രഗ്രന്ഥങ്ങളിലും മരണം ഹൃദയാഘാതം മൂലമാണെന്നാണ് പറയുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

One Response to “‘വീരപുത്രനെതിരെ മലപ്പുറത്തെ ചില പ്രമാണിമാര്‍ രംഗത്ത്’”

  1. Manojkumar.R

    വിവാദമാകട്ടെ! എങ്കിലല്ലേ സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുകയുള്ളൂ.എങ്ങിനെയെങ്കിലുമൊക്കെ മുടക്ക് മുതല്‍ തിരിച്ചു കിട്ടിയില്ലെങ്കില്‍ നിര്‍മാതാവിന്റെ ആത്മഹത്യ ആയിരിക്കും നമ്മള്‍ വിവാദമാക്കുക….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.