മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണയായതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

എന്നാല്‍ എത്ര സീറ്റുകള്‍ വേണമെന്നതും ഏതെല്ലാം വേണമെന്നതുമായ കാര്യം ഇപ്പോള്‍ വ്യക്തമാക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

23 സീറ്റുകള്‍ ലീഗ് ചോദിച്ചിരുന്നു എന്ന് പി.പി തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണം എത്രയെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നില്ല. അതിനിടെ 26 മണ്ഡലങ്ങളിലേക്കുള്ള മുസ് ലിം ലീഗ് സാധ്യതാ പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലേക്കും മൂന്നുപേരുള്ള പട്ടികയാണു തയ്യാറാക്കിയിട്ടുള്ളത്.

യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് സ്ഥാനാര്‍ഥികളെ നിശ്ചയിക്കും. പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളുടെ യോഗം വിളിച്ച് ഭൂരിപക്ഷ അഭിപ്രായമനുസരിച്ചായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.