മലപ്പുറം: മഞ്ഞളാംകുഴി അലി അടുത്ത തെരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ എം.എല്‍.എയും മന്ത്രിയുമായേക്കമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതിനു സി.പി.ഐ.എം അങ്കലാപ്പിലാകേണ്ട ആവശ്യമില്ല. സുന്ദരനായ അലിയെ കണ്ടവരാരും കീടമാണെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വന്നവര്‍ പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് സാധ്യതയെന്നും ഇത് സി.പി.ഐ.എമ്മിനു തന്നെ ഭീഷണിയാവുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫില്‍ നിന്ന് ഒരു എം.എല്‍.എ കൂടി യു ഡി.എഫിലെത്തും. തെരഞ്ഞെടുപ്പ് ആയതിനാല്‍ ആ ബോംബ് ഇപ്പോള്‍ പൊട്ടിച്ചാല്‍ ശരിയാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വര്‍ഗീയ സംഘടനകളുമായുള്ള സി.പി.ഐ.എമ്മിന്റെ രഹസ്യബന്ധം ഇഷ്ടപ്പെടാത്ത സുന്നി സംഘടനകളും മറ്റു മതസംഘടനകളും യുഡിഎഫിനൊപ്പം നില്‍ക്കും. ലീഗിനോടുള്ള എ.പി വിഭാഗം സുന്നികളുടെ എതിര്‍പ്പ് കുറഞ്ഞിട്ടുണ്ടെന്നും ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുമായി യു.ഡി.എഫിനു ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ സി.പി.ഐ.എം വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിനെ വേണ്ടരീതിയില്‍ പരിഗണിക്കാനായിട്ടില്ലെന്ന് സമ്മതിച്ച അദ്ദേഹം നിയമസഭാതിരഞ്ഞെടുപ്പില്‍ അതു പരിഹരിക്കുമെന്നും പറഞ്ഞു.