കോഴിക്കോട് : മുഖ്യമന്ത്രിയുടെ മകനും കയര്‍ ഫെഡ് എം.ഡിയുമായ വി.എസ് അരുണ്‍ കുമാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന്
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സാധരണ ആളുകള്‍ മാറിനില്‍ക്കുന്ന മക്കാവു ദ്വീപിലേക്ക് ആയിരുന്നു അരുണ്‍ കുമാറിന്റെ യാത്രയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗ തീരുമാനം വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കയര്‍ഫെഡ് എംഡി എന്തിനാണ് മക്കാവു ദ്വീപില്‍ പോകുന്നത്. ചന്ദന മാഫിയയുമായി മാത്രമല്ല മൂന്നാര്‍ റിസോര്‍ട്ട്, മദ്യലോബി, പാലക്കാട് ഉരുക്ക് ഫാക്ടറി തുടങ്ങിയ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മകന് ബന്ധമുണ്ട്.

തെരെഞ്ഞടുപ്പ് മാത്രമാണ് ലീഗ് പ്രവര്‍ത്തക സമിതിയോഗം ചര്‍ച്ച ചെയ്തത്. മറ്റു കാര്യങ്ങളിലേക്കൊന്നും കടന്നിട്ടില്ല. യോഗം കൂടി കേസെടുക്കുക എന്നത് യു.ഡി.എഫിന്റെ പരിപാടിയല്ല. റൗഫ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ സാഹചര്യത്തില്‍ അറസ്റ്റ് ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് ഇപ്പോള്‍ വന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

യു.ഡി.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ബ്ലാക്‌മെയില്‍ ചെയ്ത് തെരെഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് ആരും കരുതേണ്ട. കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മകനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഐ.എന്‍.എല്ലുമായുള്ള ചര്‍ച്ചക്ക് ശേഷം ലയന സമ്മേളനം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.