തിരുവനന്തപുരം: തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണെന്ന് വ്യവസായമന്ത്രി പി. കുഞ്ഞാലിക്കുട്ടി. വി.എസും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ചില ക്രിമിനലുകളുമാണ് തനിക്കെതിരായ കേസുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായനയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.

തനിക്കെതിരായി നിരന്തരം കേസുകള്‍ കൊടുക്കുന്നയാളാണ് വി.എസ് അച്യുതാനന്ദന്‍. കേസുകളുമായി 17 ഓളം കോടതികളില്‍ അദ്ദേഹം കയറി ഇറങ്ങിയിട്ടുണ്ട്. ഒരു കേസില്‍ പോലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ല. എന്നിട്ടും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഹൈക്കോടതിയിലേക്കും പിന്നീട് സുപ്രീംകോടതിയിലേക്കും പോകുന്നതിന് അവര്‍ക്ക് മടിയില്ല.

ചില ഭരണാധികാരികള്‍ സന്തോഷം കണ്ടെത്തുന്നത് ഭരണ നേട്ടങ്ങളിലാണ്. എന്നാല്‍ മറ്റുചിലര്‍ സന്തോഷിക്കുന്നത് മറ്റുള്ളവരെ ദ്രോഹിച്ചാണ്. പാരവെപ്പും ദ്രോഹിക്കലും ശീലമാക്കി നടക്കുന്ന ചില രാഷ്ട്രീയക്കാരുണ്ട്. ഇതുപോലുള്ള സാഡിസ്റ്റുകളാണ് തന്നെ ദ്രോഹിക്കുന്നതിന് പിന്നിലും. വയസ്സായാലെങ്കിലും ചിലരുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാവാറുണ്ട് . ഇവിടെ അതൊന്നുമില്ല.

തനിക്കെതിരായ എത്രയോ കേസുകള്‍ ഇങ്ങനെ തള്ളിയിരിക്കുന്നു. പലകേസുകളും താന്‍ തന്നെ മറന്നുപോയിരിക്കുന്നു. ഒന്നുകില്‍ താന്‍ ഇല്ലാതാവണം. അല്ലെങ്കില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ഇല്ലാതാകണം. എന്നാലേ ഇതിനൊക്കെ അന്ത്യമുണ്ടാവൂയെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ നീക്കം നടക്കുന്നവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുയരുന്നത്. വി.എസിനെതിരെയും മകനെതിരെയും നിരവധി ആരോപണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. ഇതിലും ഗുരുതരമായ പലതും ഇനി വരാനിരിക്കുന്നതേയുള്ളൂ. എന്നിട്ടാണ് തന്നെ കുറ്റംപറയാന്‍ അദ്ദേഹം ശ്രമിക്കുന്നത്. പാപം ചെയ്യാത്തവര്‍ വേണം കല്ലെറിയാനെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സെസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പാക്കില്ലെന്നും വ്യവസായമന്ത്രി പറഞ്ഞു