msfകോഴിക്കോട്: മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും വിദ്യാഭ്യാസ നയത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് എം.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് പി.കെ ഫിറോസിന്റെ ലേഖനം. മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുന്ന ‘പൊതുവിദ്യാഭ്യാസത്തെ ആര് രക്ഷിക്കും’ എന്ന പേരിലുള്ള ലേഖന പരമ്പരയിലാണ് ഫിറോസ് നിലപാട് വ്യക്തമാക്കുന്നത്.

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താതെ അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ ലേഖനത്തില്‍ ശക്തിയായി വിമര്‍ശിക്കുന്നുണ്ട്. ഇത്തരം അണ്‍എയ്ഡഡ് സ്ഥാനങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെയും ലേഖനം വിലയിരുത്തുന്നു. സംസ്ഥാനത്ത് 500ല്‍ പരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് തീരുമാനിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് എം.എസ്.എഫ് പ്രസിഡന്റിന്റെ നിലപാട് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നവരുടെ മക്കളെ മാത്രം ലക്ഷ്യംവെച്ച് വിദ്യാഭ്യാസക്കച്ചവടത്തിനൊരുങ്ങുന്നവര്‍ ന്യൂനപക്ഷ സംരക്ഷണം എന്ന മുദ്രാവാക്യത്തെ കൂട്ടുപിടിക്കുന്നത് പിന്നോക്കത്തില്‍ കഴിയുന്ന ഒരു വിഭാഗത്തിന്റെ അജണ്ടകളെത്തന്നെ അട്ടിമറിക്കുന്നതിനു തുല്യമാണെന്ന് ലേഖനത്തില്‍ പറയുന്നു.

പഠിക്കാനിടമില്ലാത്തതിന്റെ പേരില്‍ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്ന അവസ്ഥ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഇന്ന് കേരളത്തിലില്ല. പൊതുവിദ്യാലയങ്ങളില്‍നിന്ന് പണക്കാരന്റെ മക്കളെ പെറുക്കിയെടുത്ത് സ്ഥാപനം നടത്തി കാശുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ പൊതുവിദ്യാലയങ്ങള്‍ ശവപ്പറമ്പാക്കുന്നതിനും ദരിദ്രരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നിഷേധിക്കപ്പെടുന്നതിനും മറുപടി പറയേണ്ടിവരും. ഇത്തരം ന്യൂനപക്ഷസ്‌നേഹികളെ സാമ്പത്തികനേട്ടത്തിനായി സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്നവരായി മാത്രം സര്‍ക്കാര്‍ കാണണം.

പൊതുവിദ്യാലയങ്ങളുടെ നിലവാരം കുറവാണെന്ന് വിലയിരുത്തുമ്പോള്‍ അതിന് പരിഹാരമായി സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് പൊതു വിദ്യാലയങ്ങളെ ആ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള ഇച്ഛാ ശക്തിയാണ് ഒരു സര്‍ക്കാറില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ കുട്ടികളുടെ നിലവാരം ഉയരുമെന്ന് പറയുന്നത് കീടനാശിനി ഉപയോഗിച്ചാല്‍ നല്ല ഉല്‍പ്പന്നം ലഭിക്കില്ലേ എന്ന് ചോദിക്കുന്നത് പോലെയാണ്.

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് കലാലയങ്ങള്‍ക്കുള്ളത്. പള്ളിക്കൂടത്തെ കേവലം ഫാക്ടറിയും വിദ്യാര്‍ത്ഥിയെ വെറും ചരക്കുമായിട്ടല്ല കാണേണ്ടത്. എന്തെങ്കിലും തൊഴില്‍ ലഭിക്കാനുള്ള മാനദണ്ഡം മാത്രമായി വിദ്യാഭ്യാസത്തെ കാണുന്നതും ശരിയല്ല. ബഹുസ്വരസമൂഹത്തിന്റെ പരിച്ഛേദമായ ഇത്തരം വൈവിധ്യങ്ങളുള്ളത് പൊതുവിദ്യാലയങ്ങളില്‍ മാത്രമാണെന്നത് ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ഇത്തരം പൊതുവിദ്യാലയങ്ങളാണ് നമ്മുടെ ബഹുസ്വരസമൂഹത്തിന് ശക്തി പകര്‍ന്നതും. പല സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് മാനേജ്‌മെന്റിന്റെ മതത്തിലും ജാതിയിലുമുള്ള കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. ഇങ്ങനെവിദ്യാര്‍ത്ഥികളെ കംപാര്‍ട്ട്‌മെന്റ് വല്‍കരിക്കുന്ന സ്ഥാപനങ്ങള്‍ ആത്യന്തികമായി നമ്മുടെ ബഹുസ്വര സമൂഹഘടനയ്ക്ക് വലിയ ദോഷം ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനത്ത് വിവിധ മതസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യു.ഡി.എഫിന് അത്തരം സംഘടനകളുടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലം അംഗീകാരം നല്‍കേണ്ട സ്ഥിതിയാണ്. അധികാരമേറ്റ ഉടന്‍ തന്നെ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസംഗത്തില്‍ സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നിലപാടാണ് എം.എസ്.എഫ് പ്രസിഡന്റ് പാര്‍ട്ടി പത്രത്തില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.