എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന ബിജെപി ആരോപണം വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള തന്ത്രം: മുസ്‌ലീം യൂത്ത്‌ലീഗ്
എഡിറ്റര്‍
Wednesday 22nd February 2017 10:48pm

 

കോഴിക്കോട്: ബി.ജെ.പി കേരളത്തില്‍ പയറ്റുന്നത് മാധ്യമങ്ങളില്‍ ഇടംപിടിക്കുക എന്ന തന്ത്രമാണെന്ന് മുസ്‌ലീം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. എന്ത് വിഷയം ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക എന്നത് മാധ്യമങ്ങളില്‍ നിറയാനുള്ള തന്ത്രമാണെന്നും ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.


Also read മംഗളൂരുവിലെ പരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ധൈര്യം പിണറായി കാണിക്കണം: വിടി ബല്‍റാം 


നടിയെ അക്രമിച്ച സംഭവത്തില്‍ ബിനീഷ് കോടിയേരിക്കെതിരെ ആരോപണമുന്നയിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നടപടിയെ വിമര്‍ശിച്ച് കൊണ്ടാണ് ഫിറോസ് ഫേസ്ബുക്കില്‍ ബി.ജെ.പി നടപടിക്കെതിരെ രംഗത്ത് വന്നത്.

വാര്‍ത്തയില്‍ ഇടംപിടിക്കുന്നതിനായി എന്ത് ആരോപണം ഉന്നയിച്ചാലും അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വരെ ചോദിക്കാതെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

കേരളത്തില്‍ മുമ്പ് കെ. സുരേന്ദ്രനാണ് ഇത്തരം പണി ചയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രധാകൃഷ്ണനാണ് ഇതിന്റെ ചാമ്പ്യനെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഒരാള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് പറയുക ഇല്ലെങ്കില്‍ അയാള്‍ തെളിയിക്കട്ടെ എന്നതാണ് ബി.ജെ.പി നയമെന്നും ഫിറോസ് ആരോപിച്ചു.


Dont miss നടിയെ അക്രമിച്ച പ്രതികള്‍ക്ക് ബി.ജെ.പിയുമായി ബന്ധം; ക്വട്ടേഷന്‍ കൊടുത്തവരും എടുത്തവരും ഉണ്ട തിന്നേണ്ടി വരും: കോടിയേരി 


ബിനീഷിനെതിരായ ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്നുവരെ ചോദിക്കാതെ പത്രങ്ങളൊക്കെ പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്നും പറഞ്ഞ ഫിറോസ് മാധ്യമങ്ങള്‍ തെളിവുകള്‍ ആവശ്യപ്പെടുകയില്ലെന്നും പറഞ്ഞു. നേരത്തെ കമലിനോട് പാക്കിസ്ഥാനില്‍ പോകണമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അത് വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള തന്ത്രമാണെന്ന് പറഞ്ഞ് വിഷയം ചര്‍ച്ചചെയ്യാതിരുന്നതും ഫിറോസ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

സി.പി.ഐ.എമ്മിനോട് രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും തെളിവുകളുടെ പിന്‍ബലമില്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തനത്തോട് യോജിപ്പില്ലെന്നു പറഞ്ഞ ഫിറോസ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ച് തൊലിയുരിക്കാനുള്ള ആര്‍ജ്ജവമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ടത് എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘ബി.ജെ.പി ഈയിടെയായി കേരളത്തില്‍ പയറ്റുന്ന ഒരു തന്ത്രമുണ്ട്. എന്ത് ഇഷ്യു ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക. മാധ്യമങ്ങളില്‍ ഇടം പിടിക്കാനുള്ള വിദ്യയാണ്. എ.എന്‍.രാധാകൃഷ്ണനാണ് ഇതിന്റെ ഇപ്പോഴത്തെ ചാമ്പ്യന്‍. മുമ്പ് കെ.സുരേന്ദ്രനായിരുന്നു ഇപ്പണി ചെയ്തിരുന്നത്. ഒരാള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് പറയുക. ഇല്ലെങ്കില്‍ അയാള്‍ തെളിയിക്കട്ടെ എന്ന ലൈന്‍. പിന്നെ അയാള്‍ അത് തെളിയിക്കാന്‍ നടക്കണം. സിനിമാ നടിക്ക് നേരെയുള്ള അക്രമം എടുത്ത് നോക്കൂ. ബിനീഷ് കൊടിയേരിക്ക് പങ്കുണ്ടെന്നാണ് രാധാകൃഷ്ണന്‍ ആരോപിച്ചിരിക്കുന്നത്. പത്രങ്ങളിലൊക്കെ വെണ്ടക്ക അക്ഷരത്തിലാണ് വാര്‍ത്ത നിരത്തിയിരിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണമെന്ന് ഈ പത്രക്കാരൊന്നും ചോദിച്ചില്ല. ചോദിക്കുകയുമില്ല. മുമ്പ് കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ഇദ്ധേഹം പറഞ്ഞപ്പോ നൂസ് 18-ല്‍ സനീഷ് പറഞ്ഞിരുന്നു ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല എന്ന്.കാരണം ഇത് വാര്‍ത്തയില്‍ ഇടം പിടിക്കാനുള്ള വെറും തന്ത്രം മാത്രമാണെന്ന്. സംഗതി സി.പി.എമ്മിനോട് രാഷ്ട്രീയമായി നമുക്ക് എതിര്‍പ്പുണ്ടെങ്കിലും ഒരു ശതമാനം പോലും തെളിവിന്റെ പിന്‍ബലമില്ലാതെ ഇമ്മാതിരി ആരോപണങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തനത്തോട് തരിമ്പും യോജിപ്പില്ല. ഇമ്മട്ടിലുള്ള ആരോപണം ഉന്നയിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ച് തൊലിയുരിക്കാനുള്ള ആര്‍ജ്ജവമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ടത്. അല്ലാതെ ഇത്തരക്കാര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുകയല്ല.’

Advertisement