എഡിറ്റര്‍
എഡിറ്റര്‍
ശാഖയിലെ പരമത വിദ്വേഷ പ്രചരണം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു; ഹൈന്ദവ സഹോദരങ്ങള്‍ ആര്‍.എസ്.എസിനെ തള്ളി നിലപാടുകള്‍ ഉറക്കെ പറയണം: പി.കെ ഫിറോസ്
എഡിറ്റര്‍
Saturday 25th March 2017 6:08pm

 

കോഴിക്കോട്: ആര്‍.എസ്.എസിന്റെ ശാഖയില്‍ നടക്കുന്ന പരമത വിദ്വേഷ പ്രചരണങ്ങള്‍ പ്രവര്‍ത്തകരെ കൊലപാതകങ്ങളിലേക്ക് നയിക്കുന്നെന്ന് മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസ്. കാസര്‍കോട് മദ്രസാധ്യാപകനെ കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് ഫിറോസ് ശാഖയിലെ പരമത വിദ്വേഷമാണ് കുറ്റ കൃത്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അഭിപ്രായപ്പെട്ടത്.


Also read മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ല; വയനാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി കാത്തു നിന്നത് 24 മണിക്കൂര്‍ 


വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്ന സംഭവത്തെ സംയമനത്തോടെ കൊകാര്യം ചെയ്ത കാസര്‍കോടന്‍ ജനതയ്ക്ക അഭിനന്ദനമറിയിച്ച് കൊണ്ട് ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആര്‍.എസ്.എസ് നിലപാടുകളെ ഹൈന്ദവ സഹോദരങ്ങള്‍ പരസ്യമായി തള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

‘വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്ന ഒരു സംഭവത്തെ ഏറെ സംയമനത്തോടെ കൈകാര്യം ചെയ്ത കാസര്‍കോട്ടെ ജനങ്ങളും പ്രത്യേകിച്ച് മുസ്ലിം സമുദായവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റില്‍ സംഭവത്തിലെ പ്രധാന പ്രശ്‌നം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന വസ്തുതയും ഫിറോസ് ചൂണ്ടിക്കാട്ടുന്നു.

കാസര്‍കോട്ടെ കൊലപാതകം ആദ്യ സംഭവമല്ലെന്നും കോരളത്തില്‍ ഇതിനു മുമ്പും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ഫിറോസ് കാസര്‍കോട് സമീപകാലത്തുണ്ടായ രണ്ട് കൊലപാതകങ്ങളും കൊടിഞ്ഞി ഫൈസല്‍ കൊലപാതകവും ആര്‍.എസ്.എസിന്റെ ശാഖയിലെ പരമത വിദ്വേഷ പ്രസംഗത്തില്‍ ഉന്‍മത്തരായി പ്രവര്‍ത്തകര്‍ നടത്തിയ കുറ്റ കൃത്യങ്ങളാണെന്ന് ആരോപിച്ചു.

തന്റെ നാട്ടുകാരനായ മഹല്ല് സെക്രട്ടറി സീതിക്കോയ ഹാജിയെ സുബഹി നമസ്‌കരിക്കാന്‍ പോകുമ്പോള്‍ പള്ളി കോമ്പോണ്ടില്‍ വച്ച് കൊലപ്പെടുത്തിയ ആര്‍.എസ്.എസ്‌കാരനെയും കൊലപാതകത്തിലേക്ക്് നയിച്ചത് ശാഖ പ്രവര്‍ത്തനത്തിന്റെ പ്രേരണയാണെന്ന പറഞ്ഞ ഫിറോസ് സ്ഥിരമായി ശാഖയില്‍ പോകുന്ന കുറ്റവാളിക്ക് സുബഹി നമസ്‌കരിക്കാന്‍ പോകുന്ന സീതിക്കോയ ഹാജി ഹിന്ദുക്കളുടെ ശത്രുവായി തോന്നിയതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പറയുന്നു.

ആ കേസില്‍ പി. എസ്.ശ്രീധരന്‍ പിള്ള കേസ് വാദിക്കുകയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്യുകയായിരുന്നെന്നും പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ് ആണെന്നു പറയാന്‍ പലര്‍ക്കും ഭയമാണെന്നും ഫിറോസ് പറഞ്ഞു.

ആര്‍.എസ്.എസിനെതിര പറഞ്ഞാല്‍ നാട്ടിലെ സൗഹൃദ അന്തരീക്ഷം തകരുമോയെന്ന ഭീതി ഓരോ മുസ്‌ലിമിന്റെയും മനസിലല്‍ ബോധപൂര്‍വം പ്രതിഷ്ഠിക്കപ്പെട്ടതാണ് ഇതിന് കാരണമെന്നും ഇതിന് ഉദാഹരണമാണ് റിയാസ് മൗലവിയുട െകൊലപാതകം ഉണ്ടായപ്പോള്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റെ ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചതെന്നും ഫിറോസ് പറഞ്ഞു.


Dont miss ഞങ്ങളില്‍ മൂന്ന് പേരില്‍ ഒരാളെ തിരഞ്ഞെടുത്തേ മതിയാവൂ; മലയാളത്തിലെ യുവസംവിധായകരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള 


നാടിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ ഹൈന്ദവ സുഹൃത്തുക്കളാണ് ഏറ്റവും വലിയ പങ്ക് വഹിച്ചതെന്ന് പറയുന്ന ഫിറോസ് ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഇനി മൗനം പാലിക്കരുതെന്നും നിലപാടുകള്‍ മൂടി വെക്കാനുള്ളതല്ലെന്നും അവ പരസ്യമായിത്തന്നെ പ്രകടിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അല്ലെങ്കില്‍ ഒരു ലജ്ജയുമില്ലാതെ ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടനയാണെന്ന് പറഞ്ഞ് വരുമെന്ന് പറഞ്ഞുകൊണ്ടാണ് ഫിറോസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ചൂരിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ ആരാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ഇപ്പോള്‍ ആര്‍.എസ്.എസുകാരാണ് കൊല ചെയ്തതെന്ന് വ്യക്തമായിരിക്കുന്നു. വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്ന ഒരു സംഭവത്തെ ഏറെ സംയമനത്തോടെ കൈകാര്യം ചെയ്ത കാസര്‍ക്കോട്ടെ ജനങ്ങളും പ്രത്യേകിച്ച് മുസ്ലിം സമുദായവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. എങ്കിലും ഈ സംഭവത്തിലെ കാതലായ പ്രശ്‌നം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് വളരെ ഗൗരവമേറിയതാണ്.

കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ ഇത്തരത്തില്‍ പല കൊതപാതകങ്ങളും നടത്തിയിട്ടുണ്ട്. കാസര്‍കോട് തന്നെ സമീപകാലത്ത് സമാനമായ രണ്ട് കൊലപാതകങ്ങള്‍ ആര്‍.എസ്.എസ് നടത്തിയിട്ടുണ്ട്. കൊടിഞ്ഞിയിലെ ഫൈസലും ഈ അടുത്ത കാലത്താണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ആര്‍.എസ്.എസിന്റെ ശാഖയില്‍ നടക്കുന്ന പരമത വിദ്വേഷ പ്രസംഗത്തില്‍ ഉന്‍മത്തരായി നടത്തിയതാണ് ഈ ക്രൂര കൃത്യങ്ങള്‍ എന്ന് ബോധ്യമാകും.

എന്റെ നാടിനടുത്തുള്ള ചാത്തമംഗലം മഹല്ല് സിക്രട്ടറിയായിരുന്ന ഒരു സാധു മനുഷ്യനുണ്ടായിരുന്നു സീതിക്കോയ ഹാജി. അദ്ധേഹം ഏതാനും വര്‍ഷം മുമ്പ് സുബഹി നമസ്‌കരിക്കാന്‍ പോകുമ്പോള്‍ പള്ളി കോമ്പൗണ്ടില്‍ വെച്ച് കൊല്ലപ്പെട്ടു. പ്രതി ആര്‍.എസ്.എസുകാരന്‍. ശാഖയില്‍ സ്ഥിരമായി പോകുന്ന ഇദ്ദേഹത്തിന് എല്ലാ ദിവസവും പുലര്‍ച്ചെ സുബഹി നമസ്‌കരിക്കാന്‍ പോകുന്ന സീതിക്കോയ ഹാജി ഹിന്ദുക്കളുടെ ശത്രുവായി തോന്നി. ഒരു ദിവസം ആ വൃദ്ധനെ അങ്ങ് കൊലപ്പെടുത്തി. പി. എസ്.ശ്രീധരന്‍ പിള്ള കേസ് വാദിച്ചു. സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു.
ഇങ്ങിനെയൊക്കെയാണെങ്കിലും പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ്സാണെന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ ചാനലുകാര്‍ക്ക് പ്രയാസമാണ്. ആര്‍.എസ്.എസിനെതിരെ പറഞ്ഞാല്‍ നാട്ടിലെ സൗഹൃദ അന്തരീക്ഷം തകര്‍ന്ന് പോകുമോ എന്ന ഭീതി ഓരോ മുസ്ലിമിന്റെയും മനസ്സില്‍ ബോധപൂര്‍വ്വം പ്രതിഷ്ടിച്ചിട്ടുമുണ്ട്. റിയാസ് മൗലവിയുടെ കൊലപാതകമുണ്ടായപ്പോള്‍ തന്നെ കാസര്‍കോട് ജില്ലാ ബി.ജ.പിയുടെ പ്രസിഡണ്ട് നടത്തിയ പ്രസ്താവന നോക്കൂ. മുസ്ലിം ലീഗ് ജില്ലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അത്. ഉടനെ ലീഗ് ഡിഫന്‍സിലാവും. അതാണ് ബുദ്ധി. പൊതുബോധം അതിനനുസരിച്ച് രൂപപ്പെട്ട് വരികയും ചെയ്തിട്ടുണ്ട്.

കാസര്‍കോട്ടെ കൊലപാതകം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നുണ്ട്. കൊടിഞ്ഞിയിലെ ഫൈസലിന്റെ കൊലപാതകം ലഘൂകരിച്ചത് കൊണ്ടാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. ഒരു വിഭാഗത്തിന് മാത്രം റിസര്‍വ്വ് ചെയ്ത യു.എ.പി.എ ഫൈസലിന്റെ ഘാതകര്‍ക്ക് ചുമത്താന്‍ പോലീസ് തയ്യാറായില്ല. പ്രതികള്‍ക്ക് നിഷ്പ്രയാസം ജാമ്യവും കിട്ടി. കൊലപാതകങ്ങള്‍ തുടരാന്‍ ആര്‍.എസ്.എസ്സിന് പ്രചോദനമാവുകയും ചെയതു.

പ്രിയപ്പെട്ട ഹൈന്ദവ* സുഹൃത്തുക്കളേ…..
നമ്മുടെ നാടിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതില്‍ നിങ്ങളാണ് ഏറ്റവും വലിയ പങ്ക് വഹിച്ചതെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ മൗനം പാലിക്കുന്നുവെങ്കിലും ശക്തമായ നിലപാടുള്ളവരാണ് നിങ്ങളെന്നതും യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇനി അതു പോര. കൈവെട്ട് കേസുണ്ടായപ്പോ എല്ലാ മുസ്ലിം സംഘടനകളും അതിനെതിരെ ശക്തമായി രംഗത്ത് വന്നത് തെറ്റിദ്ധാരണ പരക്കാതിരിക്കാന്‍ കൂടിയാണ്. നിലപാടുകള്‍ ഇനിയുള്ള കാലത്ത് മൂടിവെക്കാനുള്ളതല്ല. തുറന്ന് പറയാനുള്ളതാണ്. അല്ലെങ്കില്‍ ഒരു ലജ്ജയുമില്ലാതെ അവര്‍ വരും.ആര്‍.എസ്.എസ് സാംസ്‌കാരിക സംഘടനയാണെന്ന് പറഞ്ഞ്…..
(*അങ്ങിനെ വേര്‍തിരിച്ച് അഭിസംബോധന വേണോ എന്ന് ചോദിച്ചേക്കാം. പക്ഷേ ആ ഐഡന്റിറ്റി ഒരു യാഥാര്‍ത്ഥ്യമാണ്.)

Advertisement