ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനം റദ്ദാക്കിയ സുപ്രീംകോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ തോമസ് റിവ്യൂ ഹരജി നല്‍കും. സി.വി.സി നിയമത്തിലെ ആറാം വകുപ്പ് പ്രകാരം മുഖ്യവിജിലന്‍സ് കമ്മീഷണറെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കുക.

ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അടങ്ങുന്ന മൂന്നംഗബെഞ്ചാണ് തോമസിനെ കേന്ദ്രവിജിലന്‍സ് സ്ഥാനത്തു നിന്നും നീക്കിയത്. എന്നാല്‍ ഭരണഘടനയുടെ 145 ാം വകുപ്പ് പ്രകാരം ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടത് അഞ്ചംഗബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിവ്യൂഹരജി നല്‍കുക.

പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതിയാണ് തന്നെ നിയമിച്ചതെന്നും ഈ സമതിയുടെ ഭാഗം കേള്‍ക്കാതെയാണ് തന്നെ നീക്കംചെയ്യാനുള്ള തീരുമാനമെടുത്തതെന്നും തോമസ് ഹരജിയില്‍ ചൂണ്ടിക്കാട്ടും. ഏറെ വിവാദങ്ങള്‍ക്കുശേഷമാണ് പി.ജെ തോമസിന്റെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്.