ന്യൂദല്‍ഹി: മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ തോമസ് രാജിവെച്ചു. തോമസിന്റെ സി.വി.സി സ്ഥാനം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്.

നിയമവിരുദ്ധമായാണ് പി.ജെ തോമസിന്റെ നിയമനം നടത്തിയതെന്നാണ് കോടതി ഉത്തരവ്. നിയമനത്തിനായി സമിതി ശുപാര്‍ശ നല്‍കുമ്പോള്‍ പാമൊലിന്‍ കേസ് പരിഗണിക്കാതിരുന്നത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

സി.വി.സി എന്നത് സുപ്രധാനമായ പദവിയാണ്. വ്യക്തി ഈ സ്ഥാനത്തിന് യോഗ്യനാണോയെന്ന് പരിശോധിക്കേണ്ടിയിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെയാണ് നിയമനം നടത്തിയത്.

2000-2004 വരെയുള്ള കാലയളവില്‍ പേഴ്‌സണല്‍ മന്ത്രാലയം തോമസിനെതിരെ നല്‍കിയ നിരവധി കുറിപ്പുകളും പരിഗണിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തി സത്യസന്ധനാണോ എന്നല്ല മറിച്ച് അയാള്‍ക്ക് ആ പദവിയിലിരുന്ന് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യവും പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദല്‍ഹിയിലെ സെന്റര്‍ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ജെ.എം. ലിങ്‌ദോയുമാണ് പി.ജെ. തോമസിനെ സി.വി.സി ആയി നിയമിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സി.വി.സി കറതീര്‍ന്ന സത്യസന്ധതയുള്ളയാളായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും പാമോലിന്‍കേസില്‍വിചാരണ നേരിടുന്ന പി.ജെ.തോമസിന് ഈ യോഗ്യത അവകാശപ്പെടാനാകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാനവാദം.

എന്നാല്‍ഈ രണ്ട് ആക്ഷേപങ്ങളും തെറ്റാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും തോമസിന്റേയും നിലപാട്. സത്യസന്ധത എന്നത് ഗുണം മാത്രമാണ്. നിയമപരമായ യോഗ്യതയല്ല. പാമോലിന്‍കേസില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നും വി.എസ്. അച്യുതാനന്ദനും കെ.കരുണാകരനും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ തന്നെ കരുവാക്കുകയായിരുന്നുവെന്നും തോമസ് ബോധിപ്പിച്ചിരുന്നു.

എന്നാല്‍പാമോലീന്‍കേസിന്റെ രേഖകള്‍ സി.വി.സി നിയമനസമിതി പരിഗണിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പ്രോസിക്യൂഷന്‍അനുമതി, കുറ്റപത്രം, ഹൈക്കോടതിവിധി എന്നിവയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെയെങ്കില്‍തീരുമാനം അധാര്‍മികമാണെന്ന് കരുതേണ്ടി വരുമെന്ന് വാദത്തിനിടെ കോടതി പ്രതികരിച്ചിരുന്നു.

അടിയന്തിര ക്യാബിനറ്റ് യോഗം

ന്യൂദല്‍ഹി: സി.വി.സി നിയമനത്തിനെതിരെ സുപ്രീം കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തു. വൈകീട്ട് അഞ്ച് മണിക്കാണ് യോഗം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിയമമന്ത്രി വീരപ്പ മൊയ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ബി.ജെ.പി അടിയന്തിര കോര്‍ കമ്മിറ്റി യോഗം വിളിച്ചു

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചരിത്രപരമായ വിധിയാണിതെന്ന് ബി.ജെ.പി വ്യക്തമാക്കി. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി അടിയന്തിര കോര്‍കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.