Categories

‘കേരള കോണ്‍ഗ്രസിലെ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്’;തുറന്നു പറഞ്ഞ് പി.ജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്. അതേസമയം, ഇന്നലെ കെ.എം മാണിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും പി.ജെ ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കി.

തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുകയും അഭിപ്രായ വ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പരിഹരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. അതേസമയം, സി.പി.ഐ.എം പിന്തുണച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ച ഇ.എം അഗസ്റ്റ്യന്‍ രാജി തീരുമാനം പിന്‍വലിച്ചു. വൈകാരികമായി പ്രതികരിച്ചതെന്നായിരുന്നു അഗസ്റ്റ്യന്റെ പ്രതികരണം.

രാജി പുന: പരിശോധിക്കണമെന്ന മാണിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം പിന്തുണയെച്ചൊല്ലി കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുക്കാതിരുന്നതോടെയായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി പി.ജെ ജോസഫ് രംഗത്തെത്തിയത്.

സി.പി.ഐ.എം പിന്തുണയോടെ കേരളാകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി ജില്ലാ പ്രസിഡന്റായതില്‍ നേരത്തെയും പി.ജെ ജോസഫ് പരസ്യപ്രതിഷേധമറിയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന മാണി പിന്നീട് നിലപാടില്‍ മയം വരുത്തിയതും പി.ജെ ജോസഫിന്റെ പ്രസ്താവന വന്നതിനു ശേഷമായിരുന്നു.

ജില്ലാ പഞ്ചായത്തില്‍ ഉണ്ടായ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമായ സംഭവാണെന്നും പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം. ഇന്നലെ നടന്ന യോഗത്തില്‍ വ്യക്തിപരമായ കാരണങ്ങള്‍ കാരണം സി. എഫ് തോമസും പങ്കെടുത്തിരുന്നില്ല.


Also Read: ‘നിര്‍ഭയയ്ക്കു ലഭിച്ച നീതി എനിക്കും വേണം’: തന്നെ ബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബില്‍ക്കിസ് ഭാനു


നേരത്തെ സഖ്യത്തിനെതിരെ പരസ്യ നിലപാടായിരുന്നു മോന്‍സ് ജോസഫും സ്വീകരിച്ചിരുന്നത്. പാര്‍ട്ടി നയമല്ലയിതെന്നും ചരല്‍ക്കുന്ന് ക്യപിലെടുത്ത തീരുമാനമാണ് യഥാര്‍ത്ഥ നിലപാടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനം.

രാഷ്ട്രീയമായി വഞ്ചിച്ചെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നാണ് പി.ജെ ജോസഫ് വിഭാഗം വിട്ടു നിന്നത്.