ദേവികുളം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങളനുസരിച്ച് പുതുപ്പള്ളിയില്‍ നിന്ന് മല്‍സരിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും തൊടുപുഴ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച പി.ജെ ജോസഫും വിജയിച്ചു. പുതുപ്പള്ളിയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ സുജ സൂസന്‍ ജോര്‍ജ്ജിനെ ഉമ്മന്‍ ചാണ്ടി 33,255 വോട്ടിനാണ് തോല്‍പ്പിച്ചത്.

തൊടുപുഴയില്‍ അടിയൊഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മാണി വിഭാഗം സ്ഥാനാര്‍ത്ഥി പി.ജെ ജോസഫ് 22,868 വോട്ടിനാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ അഗസ്റ്റിന്‍ ജോസഫിനെ തോല്‍പ്പിച്ചത്. കടുത്തുരുത്തിയിലും മാണിവിഭാഗം സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫാണ് ജയിച്ചത്. 22891 വോട്ടുകള്‍ക്കാണ് ജോസഫ് എതിര്‍സ്ഥാനാര്‍ത്ഥിയായ സ്റ്റീഫന്‍ ജോര്‍ജ്ജിനെ തോല്‍പ്പിച്ചത്.

പത്തനം തിട്ടയില്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടെ മൂന്നിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ് ജയിച്ചത്.

ഇടുക്കിയിലെ ദേവികുളത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിരാജേന്ദ്രന്‍ 4815 വോട്ടിന് ലീഡ് ചെയ്യുന്നു. ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ജയചന്ദ്രന്‍ 9887 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു. പീരുമേട്ടില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ഇ.എസ് ബിജിമോള്‍ മുന്നേറുന്നു.

ഇടുക്കി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ 2196 വോട്ടിനും പീരുമേട്ടില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ഇ.എസ് ബിജിമോള്‍ 1503 വോട്ടിന് മുന്നിട്ടുനില്‍ക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തിയാണ് രണ്ടാംസ്ഥാനത്ത്.

കോട്ടയം ജില്ലയില്‍ പാലയില്‍ യു.ഡി.എഫ് സാനാര്‍ത്ഥി കെ.എം മാണി 5002 വോട്ടിനും ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടന്‍ 3832 വോട്ടിനും ലീഡ് ചെയ്യുന്നു. വൈക്കം മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി അജിത്ത് 7238 വോട്ടിനും ലീഡ് ചെയ്യുന്നു. ഏറ്റുമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 3759 വോട്ടിനും കോട്ടയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 721 വോട്ടിനും മുന്നിട്ടുനില്‍ക്കുന്നു.

ചങ്ങനാശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എഫ് തോമസ് 2524 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍,.ജയരാജ് 6238 വോട്ടിനും പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് 6430 വോട്ടിനും മുന്നിട്ടുനില്‍ക്കുന്നു.

പത്തനംതിട്ടയിലെ തിരുവല്ലയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി മാത്യൂ തോമസാണ് ലീഡ് ചെയ്യുന്നത്. മാത്യു തോമസിന്റെ ലീഡ് 3253 ആണ്. കോന്നി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പ്രകാശ് 3237 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. റാന്നിയില്‍ സി.പി.ഐ.എമ്മിലെ രാജു എബ്രഹം 1765 വോട്ടിനും ആറന്‍മുളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ നായര്‍ 5234 വോട്ടിനും മുന്നിലാണ്. അടൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ചിതയം ഗോപകുമാറുമാണ് 976 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.