തിരുവനന്തപുരം:കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കെതിരെ യൂ.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്.

സമരത്തില്‍ പങ്കെടുത്തത് അവിചാരിതമായാണെന്നും സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊടുപുഴയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് താന്‍ അവിടെയെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് സമരത്തിന് ആശംസയര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. രാപകല്‍ സമരത്തില്‍ നേരിട്ടു പങ്കാളിയാകാന്‍ ഉദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സമരത്തില്‍ യൂ.ഡി.എഫ് മുന്നോട്ട് വെക്കുന്ന് മുദ്രാവാക്യങ്ങളും കേരളാ കോണ്‍ഗ്രസിന്റെ മുദ്രവാക്യങ്ങളും സമാനമാണ് അതുകൊണ്ട് കൂടിയാണ് താന്‍ സമരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം വിശദമാക്കി.


Also Read ‘മിതാലിയുടെ ജീവിതം പുസ്തക രൂപത്തിലും’; ആത്മകഥയെഴുതാന്‍ ഒരുങ്ങി മിതാലി രാജ്


അതെ സമയം പി.ജെ ജോസഫിന്റെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി തയ്യാറായില്ല. കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫില്‍ തിരിച്ചുവരുതിനെ യു.ഡി.എഫിലെ വിവിധ നേതാക്കള്‍ പിന്തുണച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും കേരള സര്‍ക്കാറിന്റെ മദ്യനയത്തിനും എതിരായാണ് യു.ഡി.എഫ് രാപ്പകല്‍ സമരം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്. എല്ലാ ജില്ലകളിലും യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘിടിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും തൃശ്ശൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴിക്കോട് പി.കെ കുഞ്ഞാലികുട്ടി എം.പിയും സമരം ഉദ്ഘാടനം ചെയ്തു.