എഡിറ്റര്‍
എഡിറ്റര്‍
മുല്ലപ്പെരിയാറിനുവേണ്ടി പി.ജെ ജോസഫ് അഭിനയിക്കുന്നു; ജംങ്ഷന്‍ പുരോഗമിക്കുന്നു
എഡിറ്റര്‍
Tuesday 29th May 2012 12:45pm

എം.എല്‍.എമാരും മന്ത്രിമാരും സിനിമയിലെത്തുന്നത് മലയാള സിനിമയ്ക്ക് പുത്തരിയല്ല. ജോസ് തെറ്റയില്‍,ത കെ.ബി ഗണേഷ്‌കുമാര്‍ തുടങ്ങിയവരെല്ലാം ഈ വഴിയെ സഞ്ചരിച്ചവരാണ്. ഇപ്പോഴിതാ വീണ്ടും ഒരു മന്ത്രി അഭിനയ രംഗത്തേക്ക് വരികയാണ്.

ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫാണ് വെള്ളിത്തിരയില്‍ കൂടി കഴിവ് തെളിയിക്കാനെത്തുന്നത്. ശശി ശങ്കര്‍  സംവിധാനം ചെയ്യുന്ന ജംങ്ഷന്‍ എന്നയാണ് മന്ത്രിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ പ്രഫസര്‍ ഭാഗ്യനാഥ് എന്ന കഥാപാത്രത്തെയാണ് ജോസഫ് അവതരിപ്പിക്കുന്നത്. സത്യന്‍ കൊളങ്ങാട് രചന നിര്‍വഹിച്ച ചിത്രം മുസ്തഫ കാസര്‍കോടാണ് നിര്‍മിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മുല്ലപ്പെരിയാറും സമീപപ്രദേശമായ വള്ളക്കടവുമാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്. മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള അവസ്ഥയും ഗ്രാഫിക്‌സിന്റെ സഹായത്താല്‍ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു.

ചിത്രത്തില്‍ മന്ത്രിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഭാഗ്യനാഥ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും മന്ത്രി തന്നെയാണ്. ഡബ്ബിങ്ങിനായി തൈക്കാട് സ്വകാര്യ സ്റ്റുഡിയോയില്‍ എത്തി മന്ത്രി കഴിഞ്ഞദിവസം ഡബ്ബിങ് പൂര്‍ത്തിയാക്കി.

അശോക് രാജ്, സുധീഷ്, ഭീമന്‍ രഘു, കൊല്ലം തുളസി എന്നിവരും ചിത്രത്തിലുണ്ട്.

പി.ജെ ജോസഫ് നല്ലൊരു ഗായകനാണെന്ന് മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞതാണ്. ഇനി അദ്ദേഹം നല്ലൊരു സിനിമാ നടനാണോ എന്ന് കാത്തിരുന്ന് കാണാം.

Advertisement