തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്. പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ജോര്‍ജ്ജ് രാഷ്ട്രപതിക്കയച്ച കത്ത് വ്യക്തിപരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാ പരമായ സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലൊരു കത്തയക്കുന്നത് ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പി.ജെ ജോസഫ് പ്രതികരിച്ചില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ കെ.എം മാണി വന്ന ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് പി.സി ജോര്‍ജ് ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ മാത്രമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.