Administrator
Administrator
ഒരു ജനതയെ ഭിക്ഷക്കാരാക്കുന്ന ബജറ്റ്: പി.ജെ ജയിംസ്
Administrator
Friday 11th February 2011 9:00am

pj james cpiml kerala2011ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ ഉയര്‍ന്നിരിക്കയാണ്. പ്രമുഖ മാര്‍ക്‌സിയന്‍ സാമ്പത്തിക ചിന്തകനായ പി.ജെ ജെയിംസ് ബജറ്റിനെ അവലോകനം ചെയ്യുകയാണിവിടെ. പി.ജെ ജെയിംസുമായി ഡൂള്‍ന്യൂസ് പ്രതിനിധി മനേഷ് ഗോവിന്ദന്‍ സംസാരിക്കുന്നു

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2011ലെ സംസ്ഥാന ബജറ്റിനെ താങ്കള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?.

2011-12 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ഇലക്ഷന്‍ മാനിഫെസ്റ്റോ മാത്രമാണ്. കൃഷിയും അനുബന്ധ മേഖലകളെയും തൊടാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. കൃഷിയും കാര്‍ഷിക അനുബന്ധമേഖലകളും അടക്കമുള്ള പ്രാഥമിക മേഖല കേവലം 12 ശതമാനം മാത്രമാണ്. കേരളീയ സമ്പദ്ഘടനയുടെ 67 ശതമാനം സേവന മേഖലയിലാണ്. ഈ സേവന മേഖല എന്ന് പറയുന്നത് പെരുപ്പിച്ച് കാണിക്കുന്ന ഊഹമേഖലകളാണ്. ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം മേഖല അടക്കമുള്ള 67 ശതമാനമാണ് ഇതില്‍ വരുന്നത്. ഈ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ക്കാണ് തോമസ് ഐസക് ഊന്നല്‍ കൊടുക്കുന്നത്.

അതേസമയം ഭക്ഷ്യമേഖലയില്‍ നാല്‍പത് ലക്ഷം ടണ്‍ നെല്ല് വേണ്ടിടത്ത് ആറ് ലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത്. ബജറ്റില്‍ ഈ രംഗം പൂര്‍ണമായി അവഗണിക്കപ്പെട്ടു. ഇവിടെ 40,000 കോടി രൂപയുടെ റോഡ് പദ്ധതി ജനകീയ ഗതാഗത നയവുമായി ബന്ധപ്പെട്ടുള്ളതല്ല. റോഡ് വികസനം യഥാര്‍ത്ഥത്തില്‍ വരേണ്ടത്, റെയില്‍വെ, ജലഗതാഗതം, റോഡ് ഇവയെയെല്ലാം സന്തുലിതമായി കണക്കിലെടുക്കുന്ന പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുന്ന രീതിയിലാവണം. ഇതിനെല്ലാം പകരം ഊന്നല്‍ കൊടുത്തിട്ടുള്ളത് വളര്‍ന്ന് വരുന്ന ഊഹക്കച്ചവടത്തിനാണ്.

പുത്തന്‍ സാമ്പത്തിക മേഖലയായ ഐ.ടി മേഖല നിലനില്‍ക്കുന്നത് പൂര്‍ണ്ണമായും പുറം കരാറുകളെ ആശ്രയിച്ചാണ്. വരാന്‍ പോകുന്ന സ്മാര്‍ട്‌സിറ്റി ആയാലും ഇന്‍ഫോപാര്‍ക്ക് ആയാലും ടി.സി.എസ്, ഇന്‍ഫോസിസ് ആയാലും ഇവയെല്ലാം ബഹുരാഷ്ട്ര കുത്തകള്‍ക്ക് വേണ്ടിയുള്ള ഔട്ട്‌സോഴ്‌സിങ്ങിലൂടെ മാത്രമേ നിലനില്‍ക്കുകയുള്ളൂ. നമ്മുടെ നാട്ടിലെ മനുഷ്യവിഭവങ്ങളെ കുറഞ്ഞവിലക്ക് ഉപയോഗിക്കുക എന്നത് മാത്രമാണ് ഇവയുടെ അടിസ്ഥാനം നമ്മുടെ സമ്പദ്ഘടനയുമായി ഏതെങ്കിലും തരത്തിലുള്ള ജൈവബന്ധം ഐ.ടി മേഖലക്കില്ല. എന്നാല്‍ ഇടത്പക്ഷം എന്ന് പറയുന്ന കേരളത്തിലെ സര്‍ക്കാറിന് മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്രകുത്തകയുടെ ആധിപത്യത്തെ ഏതെങ്കിലും തരത്തില്‍ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും ഐ.ടി നയത്തില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടില്ല. പൂര്‍ണ്ണമായും നവ ഉദാരീകരണ പാതയിലൂടെയാണ് തോമസ് ഐസക് സഞ്ചരിക്കുന്നത്. മന്‍മോഹന്‍സിങ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയങ്ങള്‍, അതേ ചട്ടക്കൂടിനകത്ത് കൂടിയാണ് കേരളവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ അതേ രൂപത്തില്‍ തന്നെയാണ് തോമസ് ഐസക് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും അവകാശപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ നികുതിനയം സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തില്‍ ഭീമമായ ഇടിവുണ്ടാക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായി ശരിയാണോ?

ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെല്ലാം തന്നെ രാജ്യത്ത് അസന്തുലിതമായ വികസനമാണുണ്ടാക്കുന്നത്. രാജ്യത്തിന്റെ വടക്ക് കിഴക്കിന്‍ മേഖലകളിലും ജമ്മു-കാശ്മീരിലും ആന്ധപ്രദേശിലും എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ ഈ നയങ്ങളാണ് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കേന്ദ്രനയം വന്‍തോതില്‍ സമ്പത്ത് കേന്ദ്രീകരിക്കുകയും ഇന്ത്യയുടെ വൈവിധ്യത്തെ കാണാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കേരളത്തിനും ബാധകമാണ്. ഇവിടെ പുത്തന്‍സാമ്പത്തിക സിദ്ധാന്തത്തെ എതിര്‍ക്കുന്ന ഇടത്പക്ഷം മുന്നോട്ട് വെക്കുന്ന വ്യവസായ നയവും ഐ.ടി നയവും ടൂറിസവും റോഡ് നയവും എല്ലാം വിദേശ ആശ്രിതത്തെ ശക്തിപ്പെടുത്തുന്നതാണ്. 78,000 കോടി രൂപയുടെ പൊതുകടത്തിന്റെ നാല്‍പത് ശതമാനം ബാഹ്യകടമാണ്. ഇത് രാജ്യത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ആശ്രിതത്വത്തെ കൂടുതല്‍ ബലപ്പെടുത്തുന്നു. കേരളത്തിന്റെ ആളോഹരി കടത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ഇതില്‍ മുപ്പതിനായിരം കോടി രൂപ 2006ന് ശേഷം വര്‍ധിച്ചതാണ്. ഇവിടെ ആഭ്യന്തര വിഭവ സമാഹരണം ഒന്നും തന്നെ നടക്കുന്നില്ല. ഇവിടെ ഒരു വര്‍ഷം 25000 കോടി രൂപയുടെ സ്വര്‍ണ്ണവ്യാപാരം നടക്കുന്നുണ്ട്. ഇവിടെ നിന്ന് സമാഹരിക്കുന്ന നികുതി 175 കോടി രൂപ മാത്രമാണ്.

തോമസ് ഐസക്കിന് മുമ്പുള്ള  ധനമന്ത്രിമാരൊന്നും ഇന്നത്തെ നിലയില്‍ സ്വര്‍ണ്ണവ്യാപാരികളില്‍ നിന്ന്  നികുതി ഈടാക്കിയിരുന്നില്ല. 2006ന് ശേഷം മാത്രമാണ് സ്വര്‍ണ്ണവ്യാപാരത്തില്‍ നിന്നുള്ള നികുതി വരുമാനം സംസ്ഥാന സര്‍ക്കാറിന് ലഭിച്ചുതുടങ്ങിയത്.

ഇതിലൂടെ തോമസ് ഐസക്ക് തെളിയിക്കാന്‍ ശ്രമിക്കുന്നത് താന്‍ ഇടതുപക്ഷത്ത് തന്നെയാണെന്നാണ്. അദ്ദേഹം മാര്‍ക്‌സിസ്റ്റാണെന്നാണ് അവകാശപ്പെടുന്നത്. ഇടത്പക്ഷം എന്ന് അവകാശപ്പെടുന്ന തോമസ് ഐസക്കിന് 175 കോടി രൂപ നികുതി നാമമാത്രമാണ്. നികുതി ശേഖരിക്കുന്നതിനുള്ള സാധ്യതകളാണ് ഐസക് കാണിച്ച് തരുന്നത്. 25,000 കോടി രൂപയുടെ കച്ചവടം നടക്കുന്ന മേഖലയില്‍ നിന്ന് 2006ന് മുമ്പ് നികുതി പിരിച്ചില്ല എന്ന വസ്തുത തെളിയിക്കുന്നത് അവര്‍ വലതുപക്ഷം ആണ് എന്നാണ്. അവര്‍ വ്യവസ്ഥയുടെ ആളുകളാണെന്ന് അവകാശപ്പെടുന്നവരാണ്. ഇടത്പക്ഷം വ്യവസ്ഥക്കെതിരാണെന്ന് അവകാശപ്പെടുന്നവരാണ്. ഇവര്‍ ഉയര്‍ത്തുന്നത് ചെങ്കൊടിയും അവകാശപ്പെടുന്നത് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നുമാണ്. അതുകൊണ്ടാണ് നമ്മള്‍ വിമര്‍ശിക്കുന്നത്. രണ്ടും രണ്ടായിത്തന്നെ കാണണം. തോമസ് ഐസക്ക് ഹാരോള്‍ഡ് ഡോമര്‍ എന്ന ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്റെ ഉദ്ധരണി പറഞ്ഞുകൊണ്ടാണ് ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. തോമസ് ഐസക് കാള്‍മാര്‍ക്‌സിന്റെ വാക്കുകള്‍ ഉദ്ധരിക്കില്ല. ഹാരോള്‍ഡ് ഡോമര്‍ പറഞ്ഞിരിക്കുന്ന പലിശയും സംസ്ഥാനത്തിന്റെ വരുമാന വര്‍ധനവും താരതമ്മ്യപ്പെടുത്തിക്കൊണ്ടാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. അദ്ദേഹം പിന്തുടരുന്നത ബൂര്‍ഷ്വാസാമ്പത്തിക ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങളാണ്.

കടത്തെ ഞാന്‍ ഭയപ്പെടുന്നില്ല, വികസനം ഏത് രീതിയിലായാലും വരണം എന്നാണ് ഐസക് പറഞ്ഞത്.

ഇവിടെയാണ് പ്രശ്‌നം ഏത് രീതിയിലുള്ള വികസനം, ആരുടെ വികസനമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. നവ ഉദാരീകരണം മുന്നോട്ട് വെക്കുന്ന വികസനം താഴെക്കിടയിലുള്ളവരെ സ്പര്‍ശിക്കുന്നതേയില്ല. പരമ്പരാഗത വ്യവസായ മേഖലയടക്കം തളര്‍ന്ന്കഴിഞ്ഞു. വളര്‍ന്ന് വരുന്നത് പുത്തന്‍സാമ്പത്തിക മേഖലയായ ഊഹക്കച്ചവടവും ടൂറിസവും മറ്റുമാണ്. ആ മേഖലയിലുള്ള വളര്‍ച്ചയാണ് ഈ പറയുന്ന വികാസം എന്ന് തോമസ് തോമസ് ഐസക്ക് അവകാശപ്പെടുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ നാമമാത്രമാണ്. ഇവിടെ ദാരിദ്ര്യരേഖക്ക് താഴെ 40 ലക്ഷം കുടുംബങ്ങളാണ് സര്‍ക്കാര്‍ കണക്കിലുള്ളത്. അതായത് ഒന്നേകാല്‍ കോടികുടുംബം ദാരിദ്ര്യരേഖക്ക് താഴെയാണ്. പെന്‍ഷന്‍ വര്‍ധവ്, ശമ്പള വര്‍ധനവ്, നാമമാത്രമായ ബാധ്യതകള്‍ എഴുതിത്തള്ളല്‍-ബജറ്റിന്റെ ജനകീയത ഈ പറയുന്ന ക്ഷേമപദ്ധതികളാണ്. പക്ഷെ ഈ ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന ഒരു പ്രഖ്യാപനവും ഇവിടെയുണ്ടാവുന്നില്ല. നമ്മള്‍ ഒരു ജനതയെ, ഒരു വിഭാഗത്തെ നിരന്തരം സര്‍ക്കാറിന്റെ ഔദാര്യം പറ്റുന്ന ഭിക്ഷക്കാരായിട്ടാണോ നിലനിര്‍ത്തേണ്ടത്?. അവരുടെ സാമ്പത്തിക ഭദ്രത നമ്മള്‍ ഉറപ്പാക്കേണ്ടെ?

ഇതിനെ ഒരു ക്ഷേമബജറ്റ് എന്ന് പറയാനാകുമോ?. ഇതൊരു ജനകീയ, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റ് മാത്രമാണ്. ഇതൊരു സാമ്പത്തിക ഉദാരീകരണ-ജനകീയ ബജറ്റ് മാത്രമാണ്. ജനകീയ ബജറ്റ് എന്ന പുറം തോടിനുള്ളില്‍ ഉള്ള പുത്തന്‍ സാമ്പത്തിക നയങ്ങളാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. മന്‍മോഹന്‍സിങ്ങ് കേന്ദ്രത്തില്‍ ആവര്‍ത്തിക്കുന്ന അതേ നയങ്ങളാണ് ഇവിടെയും മുന്നോട്ട് വെക്കുന്നത്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നത്. യാതൊരു വ്യത്യാസവുമില്ല.

ഭക്ഷ്യ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ബജറ്റ് ആരംഭിക്കുന്നത്. പക്ഷെ അതിലേക്കായി കൂടുതല്‍ ഫണ്ടൊന്നും നീക്കിവെച്ചതായി കാണുന്നില്ല? അതേസമയം വ്യവസായ വികസനത്തിനായി കോടികളുടെ പ്രഖ്യാപനമാണുണ്ടായിട്ടുള്ളത്. ഇതിനെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

സര്‍ക്കാറിന്റെ കണക്കനുസരിച്ച് 44 ലക്ഷം തൊഴില്‍ രഹിതരാണ് കേരളത്തിലുള്ളത്. ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ള വ്യവസായ പ്രഖ്യാപനങ്ങള്‍ ചീപ്പ് ലേബറിനെ ഉപയോഗിക്കാനുള്ള പ്രഖ്യാപനമാണ്. അതായത് ടൂറിസം,റിയല്‍ എസ്റ്റേറ്റ്, ഐ.ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യവസായങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ലോകകമ്പോളത്തിന്റെ കയറ്റിറക്കങ്ങളാണ് ഈ പറയുന്ന തൊഴിലാളികളെ നിര്‍ണ്ണയിക്കുന്നത്. ഇവിടെ ഉണ്ടായ വ്യവസായ പ്രഖ്യാപനം രാജ്യത്തെയോ തൊഴിലാളികളെയോ സുസ്ഥിര വികസനത്തിലേക്ക് നയിക്കില്ല. പുത്തന്‍സാമ്പത്തിക നയങ്ങളെ മറകിടക്കുന്ന യാതൊരു പ്രഖ്യാപനങ്ങളും ഈ ബജറ്റിലില്ല. ഈ ബജറ്റ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ജനപ്രീതിയിലൂടെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെക്കുക എന്നു മാത്രമാണ്. ഇതിലൂടെ കുത്തകകളെയും സാമ്പത്തിക ഉദാരീകരണ മാഫിയകളെയും സഹായിക്കുകയാണ്.

അണ്‍എയ്ഡഡ് മേഖലയിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. ഇതെങ്ങിനെ സംഭവിച്ചു?

ക്ഷേമ പദ്ധതിയല്ല ഇവിടെ വെക്കേണ്ടത്. അണ്‍എയ്ഡഡ് – സ്വകാര്യ വിദ്യഭ്യാസ മേഖലയെ മൂക്കുകയറിട്ട് ജനകീയ നിയന്ത്രണത്തില്‍ കൊണ്ട വരിക എന്നതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. പക്ഷെ ഇവര്‍ അത് ചെയ്യുന്നില്ല. ഇത് തത്വത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ ബജറ്റ് സ്വകാര്യവത്കരണത്തെയും ഉദാരവത്കരണത്തെയുംഎല്ലാ മറകളും നീക്കി പ്രോത്സാഹിപ്പിക്കുകയാണ്.

Advertisement