വാഷിങ്ടണ്‍: യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഫിലിപ്പ്. ജെ.ക്രോളി രാജിവച്ചു. വിക്കിലീക്ക്‌സിനു നയതന്ത്ര വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അമേരിക്കന്‍ സൈനികനെ യുഎസ് സേന കൈകാര്യം ചെയ്ത വിധത്തെ ക്രോളി വിമര്‍ച്ചിരുന്നു. ഇതുണ്ടാക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് ക്രോളിയുടെ രാജി.

അമേരിക്കന്‍ നയതന്ത്രജ്ഞനെതിരെ യു.എസ് സേനയെടുത്ത നടപടിയെ മസാച്ചുസെറ്റ്‌സിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ വച്ച് ക്രോളി വിമര്‍ശിച്ചിരുന്നു. യുഎസ് സേനയുടെ പെരുമാറ്റം പരിഹാസ്യവും വിഡ്ഢിത്തവും ആയിരുന്നു എന്നായിരുന്നു ക്രോളിയുടെ പരാമര്‍ശം. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് തന്റെ വ്യക്തിപരമായ അഭിപ്രായമാണ് താന്‍ രേഖപ്പെടുത്തിയതെന്ന് ക്രൗലി വ്യക്തമാക്കിയിരുന്നു.

2009 മേയ് മുതല്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവായി സേവനമനുഷ്ഠിക്കുകയായിരുന്നു ക്രോളി. ക്ലിന്റന്‍ ഭരണകൂടത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്‌പെഷല്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു. ക്രോളിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ക്രോളിയുടെ ഡപ്യൂട്ടിയായി പ്രവര്‍ത്തിച്ചു വന്ന മൈക്കല്‍ ഹാമര്‍ താല്‍ക്കാലികമായി ആ സ്ഥാനം വഹിക്കുമെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റന്‍ അറിയിച്ചു.