ന്യൂദല്‍ഹി: പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ച മാര്‍ച്ച് 18 ഞായറാഴ്ചയില്‍ നിന്നും മാര്‍ച്ച് 18 ശനിയാഴ്ചയിലേക്ക് മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറത്തിറക്കി.

ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ച തിരഞ്ഞെടുപ്പ് ഉണ്ടാകുന്നത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തീയതി മാറ്റുന്നതിനെ ബി.എസ്.പി മാത്രമാണ് സര്‍വകക്ഷി യോഗത്തില്‍ എതിര്‍ത്തത്.

പിറവം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനായി മാര്‍ച്ച് 17 ലെ പരീക്ഷ 26 ലേക്ക് മാറ്റി സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പിറവം ഉപതെരഞ്ഞെടുപ്പ് തീയതി 17ലേക്കു മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, പിറവം ഉപതെരഞ്ഞടുപ്പില്‍ മത്സിരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കെ.ആര്‍. രാജഗോപാലിനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന സംസ്ഥാന നേതൃ യോഗത്തിലാണ് തീരുമാനം. നാളെ പത്രിക സമര്‍പ്പിക്കും.

പിറവത്ത് കെ.ആര്‍. രാജഗോപാലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്ന് യോഗത്തിനു മുന്‍പുതന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മാധ്യമങ്ങളെ അറിയിച്ചതിനെച്ചൊല്ലി യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ സി.കെ.പത്മനാഭന്‍, പി.എസ് ശ്രീധരന്‍ പിള്ള, പി.കെ കൃഷ്ണദാസ് എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

അതിനിടെ പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ഭരണം തുടരാന്‍ അവസരമൊരുക്കണമെന്ന് എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യതാല്‍പര്യത്തെക്കരുതിയുള്ള ശരിദൂരമാണിതെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

Malayalam News

Kerala News In English