ന്യൂദല്‍ഹി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22ന് ഇറക്കും. 29 വരെ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍ നടക്കുക. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എല്‍.ഡി.എഫും യു.ഡി.എഫും നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.ജെ ജേക്കബ് തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അനൂപ് വിജയിച്ചാല്‍ മന്ത്രിയായിരിക്കുമെന്ന് യു.ഡി.എഫ് മുമ്പേ വ്യക്തമാക്കിയിരുന്നു.

നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തിലാണെന്നിരിക്കെ പിറവം തിരഞ്ഞെടുപ്പിന് വലിയ പ്രസക്തിയാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 153 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ് എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്.

നേരത്തെ തന്നെ ഇരു മുന്നണികളും മണ്ഡലത്തില്‍ പ്രചാരണത്തിനു സജീവമായി ഇറങ്ങിക്കഴിഞ്ഞതാണ്. പിറവം മണ്ഡലം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. യു.ഡി.എഫിനെ പിറവത്ത് തോല്‍പ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രതികരിച്ചു.

ശങ്കരന്‍കോവില്‍ (തമിഴ്‌നാട്), മന്‍സ (ഗുജറാത്ത്), മെഹബൂബ്‌നഗര്‍, നാഗര്‍ കര്‍ണൂല്‍, കോവൂര്‍, ഘാന്‍പുര്‍, കോളാപ്പുര്‍ അദീലാബാദ്, കാമാറെഡ്ഡി ( ആന്ധ്രാപ്രദേശ്) എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാ മണ്ഡലങ്ങള്‍. ഇതിന് പുറമേ ഉടുപ്പി-ചിക്മംഗലൂര്‍ ലോക്‌സഭാ മണ്ഡലത്തിലും അന്നേദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടെ നിന്നുള്ള എം.പി സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Malayalam News

Kerala News In English