പിറവം: പിറവം ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പ്പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.  ആകെ 1,83,170 വോട്ടര്‍മാരാണ് പിറവം മണ്ഡലത്തിലുള്ളത്. 4,221 വോട്ടര്‍മാരാണ് ഇത്തവണ പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. സ്ത്രീ വോട്ടര്‍മാരാണ് പിറവം മണ്ഡലത്തില്‍ കൂടുതല്‍. 93,245 സ്ത്രീ വോട്ടര്‍മാരും 89,925 പുരുഷ വോട്ടര്‍മാരുമാണ് പിറവത്തുള്ളത്.

ജനുവരി 5 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 1,78,869 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പുതിയ ഹിയറിംഗ് കഴിഞ്ഞപ്പോള്‍ 4230 വോട്ടര്‍മാര്‍ പട്ടികയില്‍ കൂടുതലായി ഇടംകണ്ടു. വോട്ടുചേര്‍ക്കുന്നതിന് 8426 അപേക്ഷകളാണ് പുതുതായി ലഭിച്ചിരുന്നത്. ഇതില്‍ 4857 പേര്‍ ഹിയറിംഗിന് എത്തി. 624 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Subscribe Us:

പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ് പത്രിക സമര്‍പ്പിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ഥിയായാണ് ഡെയ്‌സി ജേക്കബ് പത്രിക സമര്‍പ്പിക്കുക. ഏതെങ്കിലും കാരണവശാല്‍ മുന്നണി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയാല്‍ പകരം മത്സരിക്കുന്നതിനായാണ് ഡമ്മി സ്ഥാനാര്‍ഥി പത്രിക നല്‍കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ പത്രിക സമര്‍പ്പിക്കാം. നാളെയാണ് സൂക്ഷ്മ പരിശോധന. മത്സര രംഗത്തുള്ള പ്രധാന മൂന്ന് കക്ഷികളുടെയും സ്ഥാനാര്‍ഥികള്‍ ഇതിനകം പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി സ്വതന്ത്രന്മാരും അപരന്മാരും ഇന്ന് രംഗത്തെത്തുമാണ് സൂചന.

എന്നാല്‍ പിറവം ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ മനോരോഗികളും ഉള്‍പ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. മത്സരിക്കാനുള്ള മനോരോഗികളുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. മുത്തോലപുരം മറിയാലയത്തിലുള്ളവരുടെ അപേക്ഷകളാണ് സ്വീകരിച്ചത്.

എന്നാല്‍ വോട്ടര്‍പട്ടികയില്‍ മനോരോഗികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയോട്, സ്വയം തിരിച്ചറിയാന്‍ കഴിയുന്നവരെയാണ് ഉള്‍പ്പെടുത്തിയതെന്ന് തഹസില്‍ദാര്‍ പ്രതികരിച്ചു. വോട്ടര്‍ പട്ടികയില്‍ മനോരാഗികളുണ്ടെന്ന് എല്‍.ഡി.എഫ് നേരത്തെ പരാതിപ്പെട്ടിരുന്നു.

ഇന്നലെ പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയിരുന്നു. ഇടതു സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനു 1.22 കോടി രൂപയുടെയും യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനു 3.06 കോടി രൂപയുടെയും സ്വത്തുവകകളുണ്ട്. ഇതു സംബന്ധിച്ച സത്യവാങ്മൂലം നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പു വരണാധികാരിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

Malayalam News

Kerala News In English