ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തര്‍ഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് ഘട്ടമായാണ് യു.പിയില്‍ വോട്ടെടുപ്പ് നടത്തുക. കഴിഞ്ഞ തവണ എട്ട് ഘട്ടമായാണ് യു.പിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. യു.പിയില്‍ ഫെബ്രുവരി 4,8,11,15,19,25,28 എന്നീ തീയ്യതികളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഗോവയില്‍ മാര്‍ച്ച് 3നും, മണിപ്പൂരില്‍ ജനുവരി 28നും, പഞ്ചാബിലും ഉത്തരാഖണ്ഡിലും ജനുവരി 30നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് നാലിന് നടക്കും. ഉത്തര്‍പ്രദേശില്‍ 403ഉം പഞ്ചാബില്‍ 117ഉം ഗോവയില്‍ 40ഉം ഉത്തര്‍ഖണ്ഡില്‍ 70ഉം മണിപ്പൂരില്‍ 60ഉം നിയമസഭാ സീറ്റുകളാണുള്ളത്.

Subscribe Us:

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉടന്‍നിലവില്‍വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ശനമായി ചില നിബന്ധനകളും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കാന്‍ സമിതിയെ രൂപീകരിക്കും. ഇലക്ഷന്‍ കാലത്തെ ധനവിനിയോഗം സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇന്‍കം ടാക്‌സ് വകുപ്പിനെ ചുമതലപ്പെടുത്തും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയെയ വിന്യസിക്കും. ആവശ്യമായി വന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സൈന്യത്തിന്റെ സഹായം തേടുമെന്നും കമ്മീഷന്‍ അറിയിച്ചു.

അതിനിടെ, ടി.എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പിറവം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിയതി പിന്നീട് തീരുമാനിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. പിറവത്തെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.എം.ജേക്കബിന്റെ മകന്‍ അനീഷ് ജേക്കബ് ആണ് പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.എം.ജേക്കബാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സമ്പത്ത്, എച്ച്.എസ് ബ്രഹ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam News

Kerala News In English