പിറവത്ത് വോട്ട് ചെയ്യാനെത്തിയ 97 വയസ്സുള്ള പുളങ്കുന്നത്ത് കാവ് സൂസമ്മ ചാക്കോ

 

ഫോട്ടോ: രാംകുമാര്

പിറവം: പിറവം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 86.3 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ കണക്ക് പുറത്തുവിട്ടത്. 1,59,181 ആണ് ആകെ പോള്‍ ചെയ്ത വോട്ടുകള്‍. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് മണീട് പഞ്ചായത്തിലാണ് 89.5 ശതമാനം. ഏറ്റവും കുറഞ്ഞത് ഇലഞ്ഞിയില്‍ 82.5 ശതമാനം. 1987 ലെ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.45 ശതമാനത്തിന്റെ റെക്കോര്‍ഡാണ് ഇത്തവണ തകര്‍ന്നത്. വോട്ടെണ്ണല്‍ മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്‌കൂളില്‍ 21ന് രാവിലെ എ്ട്ട മണി മുതല്‍ തുടങ്ങും.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇരു മുന്നണികളും അവകാശവാദവുമായി രംഗത്തെത്തിട്ടുണ്ട്. പോളിങ് ശതമാനം കൂടിയത് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് ഇരുമുന്നണികളും പറയുന്നത്. മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഇരു സ്ഥാനാര്‍ത്ഥികള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് ഏഴ് മണിക്ക് തന്നെ വോട്ട് ചെയ്യാനെത്തി. മണ്ണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ സകുടുംബമെത്തിയാണ് അനൂപ് വോട്ട് ചെയ്തത്. ബൂത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയതും അനൂപ് ജേക്കബാണ്.

വിജയം ഉറപ്പെന്ന് നോട്ട് രേഖപ്പെടുത്തിയശേഷം അനൂപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒത്തൊരുമയോടുള്ള പ്രവര്‍ത്തനമാണ് പിറവത്ത് നടന്നത്. എല്ലാ പഞ്ചായത്തുകളിലും മേല്‍ക്കൈ നേടുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

മണിമലക്കുന്ന് കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് എം.ജെ ജേക്കബ് വോട്ട് ചെയ്തത്. ഒരു മണിക്കൂറോളം ക്യൂവില്‍ കാത്തുനിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. പോളിംഗ് ശതമാനം ഉയരുന്നതു എല്‍.ഡി.എഫിനു അനുകൂലമെന്നും വിജയപ്രതീക്ഷയിലാണെന്നും അദ്ദേഹം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി മറ്റു ബൂത്തുകളും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഏറെ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്, ബി.ജെ.പി സ്ഥാനാര്‍ഥി കെ.ആര്‍. രാജഗോപാല്‍ തുടങ്ങി ഒന്‍പതു പേരാണ് മത്സര രംഗത്തുള്ളത്.

134 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിനായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ചട്ടം ലംഘിച്ച് കൂത്താട്ടുകുളത്ത് സ്ലിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കളായ സുരേഷ് കുറുപ്പ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്നും മാറിനില്‍ക്കണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. പിറവം മണ്ഡലത്തില്‍ എത്തിയ സാജുപോള്‍ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ അദ്ദേഹത്തോട് മണ്ഡലം വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ വികസനത്തിനൊപ്പം, കേരളം അടുത്തിടെ ചര്‍ച്ചചെയ്ത എല്ലാ വിഷയങ്ങളും പിറവത്ത് മുന്നണികള്‍ ആയുധമാക്കി. മുക്കുംമൂലയും അരിച്ചുപെറുക്കിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇരുപക്ഷവും നടത്തിയത്. വോട്ടു ചെയ്യാതെ ആര്‍ക്കും വീട്ടിലിരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പോളിങില്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. പോളിങ് ഉയര്‍ന്നാല്‍ അത് ഗുണകരമാകുമെന്ന കണക്കും മുന്നണികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 79. 08 ശതമാനമായിരുന്നു പിറവത്തെ പോളിങ്. ഇത്തവണ അത് 90 വരെയെങ്കിലും പോയേക്കാമെന്ന് മുന്നണികള്‍ കണക്ക് കുട്ടുന്നു. 183493 വോട്ടര്‍മാരില്‍ 93229 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലായതിനാല്‍ പെണ്മനസ്സ് പിടിക്കുന്ന പ്രചാരണങ്ങള്‍ക്കാണ് ഇരുമുന്നണികളും ഊന്നല്‍ നല്‍കിയത്.

 

Malayalam news

Kerala news in English