കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 120 ലേറെ പേര്‍ മരിക്കുകയും 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ലംഗ പ്രദേശത്തെ വ്യാവസായിക മേഖലയ്ക്കു സമീപമാണ് സംഭവം. തീയണയ്ക്കുന്നതിനായി അഗ്‌നിശമനസേന ശ്രമം തുടരുകയാണ്.

നിരവധി പേര്‍ വെന്തുമരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. 120മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സിഗരരറ്റ് കുറ്റിയില്‍ നിന്നാണ് പെട്രോള്‍ പൈപ്പ് ലൈനില്‍ തീപടര്‍ന്നതെന്നും പൈപ് ലൈനില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നും സംശയിക്കുന്നതായി പോലീസ് വക്താവ് പറഞ്ഞു. പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ ആള്‍ക്കാര്‍ പെട്രോള്‍ ശേഖരിക്കാനെത്തിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അട്ടിമറിയാണോയെന്നും സംശയമുണ്ട്.

നെയ്‌റോബി നഗരത്തിലെ ലക്ഷക്കണക്കിനു പേര്‍ താമസിക്കുന്ന ചേരിപ്രദേശത്തിനും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് പൈപ് ലൈന്‍ കടന്നുപോകുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ തീ പടര്‍ന്നുപിടിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായത്.