കോഴിക്കോട്: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാധാന ചര്‍ച്ചകളുടെ ഭാഗമായി ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്തെന്നു പറഞ്ഞ് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ധാര്‍ഷ്ട്യത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി മുമ്പും ഇത്തരത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച് മനോരമയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ കെ.സി ബിപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ഇ.അഹമ്മദ് അന്തരിച്ച സമയം മുഖ്യന്റെ അനുശോചനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ബിപിന്‍ വെളിപ്പെടുത്തുന്നത്.


Also Read:  ‘എന്റെ ധര്‍മ്മത്തിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഗതി’; സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വിട്ട് ഹിന്ദു തീവ്രവാദി 


കെ.കെ രാഗേഷ് അറിയച്ചത് പ്രകരമായിരുന്നു തങ്ങള്‍ ഗസ്റ്റ് ഹൗസിലെത്തിയതെന്നും ബിപിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ബിപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതൊരു അപൂര്‍വ വീഡിയോ ആണ്. കുറച്ചു മാസങ്ങളായി കയ്യിലുണ്ടായിരുന്നു. ആലോചിച്ച ശേഷമാണ് ഷെയര്‍ ചെയ്യുന്നത്. ഇ അഹമ്മദ് മരിച്ചതിന്റെ പിറ്റേന്നാണ് സംഭവം. മുഖ്യമന്ത്രിക്ക് അനുശോചനം പറയാനുണ്ടെന്ന് വിളിച്ചു പറഞ്ഞത് കെ.കെ.രാഗേഷ് എം.പിയായിരുന്നു. എല്ലാ മാധ്യമ പ്രവര്‍ത്തകരും കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി. സമയം നട്ടുച്ചയാണ്, മുഖ്യമന്ത്രി വരുമ്പോള്‍ വെയിലത്ത് നിര്‍ത്തിക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാര്‍പോര്‍ച്ചില്‍ നിന്നു. അവിടെ മൈക്കും സ്റ്റാന്റുമൊന്നും പറ്റില്ലെന്നും മാറ്റണമെന്നും പൊലീസ് പറഞ്ഞപ്പോള്‍ പണിയായുധങ്ങളെല്ലാം എടുത്ത് ഹാളിലേക്ക് നിന്നു. വഴി മുടക്കാതെ, കേബിള്‍ കുരുക്കാതെ, മുഖ്യമന്ത്രിയുടെ വരവ് കാത്തുനിന്നു. വേറെ ഒന്നും ചോദിക്കാനില്ലാത്തത് കൊണ്ട് എല്ലാവരും ക്ഷമയോടെയാണ് കാത്തുനിന്നത്. മുഖ്യമന്ത്രി വന്നപ്പോള്‍ ഞങ്ങളൊന്നും ചോദിക്കാനും പോയില്ല. അനുശോചനം പറയാനുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതുകൊണ്ടാണല്ലോ വന്നത്. ചോദ്യത്തിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ല. അത് വീഡിയോയില്‍ കാണാം.
ഇനി ഓഡിയോ കേട്ടുനോക്കൂ. ‘എന്നാപ്പിന്നെ നിങ്ങള്‍ക്ക് അങ്ങ് അകത്ത് കയറി ഇരുന്നു കൂടായിരുന്നോ’ ഇതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. അവിടെ നിന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. ഞാനും സഹലുമെല്ലാം ആകെ അമ്പരന്നു പോയി. എന്തിനാണ് ഇങ്ങനെയൊരു പ്രതികരണമെന്ന് മനസിലായേയില്ല. വിളിച്ചു വരുത്തിയ ബഹു. രാഗേഷിനെ തിരിച്ചുവിളിച്ച് ഇതെന്ത് മര്യാദയാണ് എന്നു ചോദിച്ചപ്പോള്‍ ” പിണറായിയല്ലേ വിട്ടേക്ക് ‘ എന്നായിരുന്നു മറുപടി. ജന്മി തമ്പ്രാക്കന്‍മാരോട് മല്ലിട്ട് അടിയാള വര്‍ഗത്തിന്റെ മോചനം സാധ്യമാക്കിയ ഒരു പ്രസ്ഥാനത്തിന്റെ പിന്മുറക്കാരനാണോ രാഗേഷ് എന്ന് ഈ ധിക്കാരത്തെ നിസാരവല്‍ക്കരിച്ചപ്പോള്‍ തോന്നി. ഒന്നും പറഞ്ഞില്ല. പോകാം എന്നു പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങി എല്ലാവരും. ദേശാഭിമാനി റിപോര്‍ട്ടര്‍ കാര്യമറിയിച്ചതോടെ ബഹു മുഖ്യന്‍ മേടയില്‍ നിന്ന് പുറത്തിറങ്ങി അനുശോചനം പറഞ്ഞ് ഗസ്റ്റ്ഹൗസിലേക്ക് തന്നെ കയറിപ്പോയി.
പറഞ്ഞു വരുന്നത്. ഇതൊന്നും അദ്ദേഹത്തെ സംബന്ധിച്ചയിടത്തോളം പുതിയ കാര്യമല്ല. പക്ഷേ മിസ്റ്റര്‍ പിണറായി വിജയന്‍ മനസിലാക്കേണ്ടത് ഇത് പുതിയ കാലമാണ് എന്ന് മാത്രമാണ്.
NB: പ്രസ്തുത വീഡിയോയിന് വി.വി.ജയരാജ് അല്‍പം മ്യൂസിക് ഇട്ട് നേര്‍പ്പിച്ചിട്ടുണ്ട്. നന്നായി,,, സീരിയസായി തമ്പ്രാന് തോന്നിയാല്‍ കെ.എം. ഷാജഹാനാകാനാവും എന്റെ വിധി
ജയ് പിണറായി
ജയ് ജര്‍മ്മനി