കൊല്ലം: മംഗളം ചാനല്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴുത്തറപ്പന്‍ മത്സരങ്ങള്‍ നടക്കുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടു പോകുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്തും വാര്‍ത്തയാകുന്ന സാഹചര്യമാണിന്ന്. കുട്ടികള്‍ക്ക് കേള്‍ക്കാവുന്നത്, കേള്‍ക്കാന്‍ പാടില്ലാത്തത് എന്ന് വേര്‍തിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൊല്ലത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റിസ് പി.എ ആന്റണിയ്ക്കാണ് അന്വേഷണച്ചുമതല. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മൂന്നുമാസത്തെ കാലാവധിയാണ് കമ്മീഷന്. ശശീന്ദ്രനെ എന്തിനുവേണ്ടിയാണ് വിളിച്ചത്, ആരാണ് വിളിച്ചത്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, പുറത്തുവന്ന സംഭാഷണം എഡിറ്റ് ചെയ്തതാണോ എന്നിങ്ങനെയുളള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്.


Also Read:  പെസഹാ ആചരണത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം


മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ പുറത്തുവിട്ട ഓഡിയോയെ തുടര്‍ന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചത്. പരാതി പറയാനെത്തിയ യുവതിയോട് മന്ത്രി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാരോപിച്ചാണ് മംഗളം ഓഡിയോ പ്രചരിപ്പിച്ചത്.

ശശീന്ദ്രന്റെ രാജിക്കു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.