കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പൗരന്റെ അവകാശത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ മേല്‍ സംഘപരിവാര്‍ തങ്ങളുടെ ആഗ്രഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരോധന നീക്കം ജനാധിപത്യ രാഷ്ട്രത്തിനോ ജനാധിപത്യ സംവിധാനത്തിനോ ചേര്‍ന്നതല്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ആര്‍.എസ്.എസിന്റെ കീഴില്‍ രാജ്യം അത്യന്തം അപകടകരമായ നിലയിലേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ സംഭവിക്കുന്ന ആപത്തിന്റെ തെളിവാണ് കന്നുകാലി കശാപ്പ് നിരോധനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


Also Read: ‘അടുത്ത വര്‍ഷം പാര്‍ലമെന്റ് ഗോശാലായായി പ്രഖ്യാപിക്കണം’; കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധാഗ്നി


f നേരത്തെ, തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പൗരവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. കേരളത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.

‘ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ തുടക്കം മുതല്‍ക്കേയുള്ള ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. എന്തു കഴിക്കണമെന്നു തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍, എന്തു ഭക്ഷിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.’ ചെന്നിത്തല പറഞ്ഞു

ഇതിനെ ചെറുത്തുതോല്പിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ മുന്നോട്ടുവരണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.

റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം തന്നെ ഇത്തരമൊരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് ദുരുദ്ദേശത്തോടു കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു