തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവനയെ പുച്ഛിച്ചു തള്ളുന്നതായി മുഖ്യമന്ത്രി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മധ്യപ്രദേശിലെ ഒരു സംഘപരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍ പിണറായി വിജയന്റെ തല കൊയ്യുന്നതിന് ഇനാം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത കണ്ടു. ആര്‍.എസ്.എസുകാര്‍ പലരുടേയും തല എടുത്തിട്ടുണ്ട്. അതുകൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലല്ലോ. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. കൊലവിളിയെ പുച്ഛിച്ച് തള്ളുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

മധ്യപ്രദേശിലെ ഉജ്ജയിനിലെ ആര്‍.എസ്.എസ് പ്രമുഖനായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചു കൊണ്ട് പ്രസ്താവന നടത്തിയത്.

പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് തന്റെ മുഴുവന്‍ സ്വത്തും വിറ്റിട്ടാണെങ്കിലും പാരിതോഷികം നല്‍കുമെന്നും ഇയാള്‍ പ്രസംഗിച്ചിരുന്നു.

ഗോധ്രയില്‍ തങ്ങള്‍ പകവീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്ന് സി.പി.ഐ.എമ്മിന് ചന്ദ്രാവത് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദു സമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.
എം.പി ചിന്താമണി മാളവ്യയും എം.എല്‍.എ മോഹന്‍ യാദവിന്റെയും സാന്നിധ്യത്തിലായിരുന്നു ആര്‍.എസ്.എസ് നേതാവ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.


Also Read: പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി: കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌


ആര്‍.എസ്.എസിന്റെ പൊതുയോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’ എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
അതിനിടെ ഈ പരാമര്‍ശം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് ഉജ്ജൈന്‍ എസ്.പി എം.എം വര്‍മ്മ പറഞ്ഞത്. അതിനെക്കുറിച്ച് അന്വേഷിച്ച ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നും എസ്.പി പറഞ്ഞു.