തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീറിന് മുഖ്യമന്ത്രിയുടെ മറുപടി. തലശ്ശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതുവരേയും മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. പി.ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകനാണെന്നും ഭരണതലത്തില്‍ വരെ മമ്മൂട്ടിയുടെ ഇടപെടലുണ്ടെന്നുമായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവന.

കേരളത്തിലെ ഒരു മഹാനടന്റെ ഫാനാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആളെന്നും മുഖ്യമന്ത്രിയില്‍ നടന് വല്ലാത്ത സ്വാധീനമുണ്ടെന്നും തലശ്ശേരിക്കാരനായ സിനിമാ ബന്ധമുള്ള ഒരാള്‍ പറഞ്ഞതായി കേട്ടു. തലശ്ശേരിക്കാരനായിരുന്നിട്ടും അയാള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് എനിക്കു പറയാനുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിയ്യറ്റര്‍ സമരത്തില്‍ തനിക്ക് നീതി ലഭിക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയില്‍ മമ്മൂട്ടി ചെലുത്തിയ സ്വാധീനം മൂലമാണെന്ന് നേരത്തെ ബഷീര്‍ പറഞ്ഞിരുന്നു. ആ സ്വാധീനത്തിന്റെ ബലിയാടാവുകയായിരുന്നു താനെന്നും ബഷീര്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയ്ക്ക് മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കുന്നത് മമ്മൂട്ടിയുടെ ഇടപെടല്‍ മൂലമാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിച്ചിരുന്നെങ്കില്‍ കേസിലെ ഗൂഢാലോചന തെളിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: എല്ലാം നശിപ്പിക്കാനുള്ള അവസ്ഥയിലായിരുന്നു ദിലീപ്: ലാല്‍ പറയുന്നു


തിയ്യറ്റര്‍ സമരത്തില്‍ ഒരു വിഭാഗത്തോട് മാത്രമാണ് സര്‍ക്കാര്‍ നീതി കാണിച്ചതെന്നും മമ്മൂട്ടിയോട് പിണറായിക്ക് അതിയായ ആരാധനയാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. അതേസമയം മോഹന്‍ലാല്‍ ഇത്തരം കേസുകളില്‍ അന്യായമായി ഇടപെടാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.