എഡിറ്റര്‍
എഡിറ്റര്‍
പിങ്കി പ്രമാണിക്കിന്റെ ലിംഗപരിശോധനാ ഫലം ഇന്ന്
എഡിറ്റര്‍
Tuesday 19th June 2012 11:07am

കൊല്‍ക്കത്ത: മാനഭംഗക്കേസില്‍ അറസ്റ്റിലായ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേത്രി പിങ്കി പ്രമാണിക്കിന്റെ ലിംഗപരിശോധനാഫലം ഇന്ന് പുറത്ത് വരും. ഇന്നലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബര്‍സാത് സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് പിങ്കി പരിശോധനയ്ക്കു വിധേയയായത്.

പിങ്കിയുടെ മെഡിക്കല്‍ പരിശോധന നടത്തിയത് ആറംഗ സംഘമാണ്. നേരത്തെ രണ്ടു തവണ പിങ്കി ലിംഗപരിശോധന നടത്താന്‍ വിസമ്മതിച്ചിരുന്നു. ഒടുവില്‍ ഇന്നലെ പരിശോധനയ്ക്കു വിധേയയാകാന്‍ പിങ്കി തയാറായി.

ജുഡീഷ്യല്‍ കസ്റ്റഡിയിലായ പിങ്കി പ്രമാണിക്കിനെ ഇന്നലെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റെയില്‍വേയില്‍ ടിക്കറ്റ് കലക്ടറായിരുന്നു പിങ്കി.

ഡംഡം ജയിലില്‍ കഴിയുന്ന പിങ്കിയെ പ്രത്യേക സെല്ലിലാണ് താമസിപ്പിച്ചിരിക്കുന്നത്. പിങ്കി സ്ത്രീയല്ലെന്നും പുരുഷനാണെന്നും തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ലൈഗംഗിമായി പീഡിപ്പിക്കുകയായിരുന്നെന്ന് കാണിച്ച് അനാമിക എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് പിങ്കി അറസ്റ്റിലാകുന്നത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാണെന്നും മൂന്നുലക്ഷം രൂപ നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിലാണ് തന്നെ കുടുക്കിയതെന്നും പിങ്കി പറഞ്ഞു.

2006-ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയ താരമാണ് പുരുലിയ സ്വദേശിയായ പിങ്കി. ലിംഗപരിശോധനാഫലം വന്ന ശേഷമേ പിങ്കിക്കെതിരേ നടപടിയുളളുവെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement