തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് പിങ്ക് പൊലീസ് അപമാനിച്ച വിഷ്ണുവും ആതിരയും വിവാഹിതരായി. കനകക്കുന്ന് കൊട്ടാരത്തിനു സമീപം ഒന്നിച്ചിരുന്നതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണും ആതിരയുമാണ് ഇന്ന് വിവാഹിതരായത്. വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണെങ്കിലും പൊലീസിന്റെ നടപടിയെത്തുടര്‍ന്നാണ് പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് വിഷ്ണു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also read മുട്ടുമടക്കില്ല, നിവര്‍ന്നു നിന്നു മരിക്കും; ഒഞ്ചിയത്തെ സ്ത്രീകള്‍ ഓര്‍മിപ്പിക്കുന്നത് ലാ പാഷനാരിയയെ : കെസി.ഉമേഷ്ബാബു 


കഴിഞ്ഞ ദിവസമായിരുന്നു മ്യൂസിയത്തില്‍ ഇരിക്കുകയായിരുന്ന അനീഷിനെയും ആതിരയെയും തോളില്‍ കൈയ്യിട്ടെന്നതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നടപടിക്കെതിരെ ഇരുവരും പ്രതികരിച്ചതോടെ പൊലീസ് നടപടി വിവാദത്തിലാകുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഇവരുടെ ബന്ധുക്കളും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന് പൊലീസിനോട് ഇവര്‍ ചോദിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസിനു സാധിച്ചിരുന്നില്ല.


Related one കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ 


വിവാഹക്കാര്യം വീട്ടുകാര്‍ നേരത്തേ തീരുമാനിച്ചതായിരുന്നെന്നും പൊലീസിന്റെ സദാചാര പ്രവര്‍ത്തനം മൂലം സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പെട്ടന്ന് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നെന്നും വിഷ്ണു പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. കൊല്ലം അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനു വിധേയനായ അനീഷ് ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. ആക്രമണത്തിനിരയായതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്ന് അനീഷ് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

അനീഷിന്റെ മരണം ഏറെ വേദനയുണ്ടാക്കിയെന്നും സദാചാര ഗുണ്ടായിസമാണ് അവന്റെ ജീവനെടുത്തതെന്നും വിഷ്ണു പ്രതികരിച്ചു. ‘വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ വിഷമം തോന്നി. സദാചാര ഗുണ്ടായിസത്തിന്റെ ക്രൂരതയുടെ ഫലമാണ് അവന്റെ മരണം. ഇത്തരം സംഭവങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണ്’ വിഷ്ണു പറഞ്ഞു.