Administrator
Administrator
ജനവിധി അംഗീകരിക്കും, പ്രതിപക്ഷത്തിരിക്കും: പിണറായി
Administrator
Friday 13th May 2011 4:27pm

pinarayi vijayanതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷത്തിരിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുതിരക്കച്ചവടത്തിലൂടെ ഭരണംപിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കില്ലെന്ന വ്യക്തമായ സൂചനയാണ് പിണറായി ഫലപ്രഖ്യാപനത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

കുറച്ചുസീറ്റുകള്‍ കൂടി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിരിക്കാനുള്ള ജനങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കും. ജാതിമത ശക്തികളെ കൂട്ടുപിടിച്ച് എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ ഇത്തവണയും യു.ഡി.എഫ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരം ജാതിമത ശക്തികളിലെ നല്ലൊരു വിഭാഗം എല്‍.ഡി.എഫിനോട് ശത്രുതാ മനോഭാവം പുലര്‍ത്തിയിരുന്നില്ലെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജനോപകാരപ്രദമായ ഭരണമാണ് ഇടതുസര്‍ക്കാര്‍ നടത്തിയത്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ ജനവിരുദ്ധ നയങ്ങളാകും നടപ്പാക്കാന്‍ ശ്രമിക്കുക. അത്തരം നയങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷം അതിശക്തമായി പ്രതികരിക്കുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

ശതമാനക്കണക്കുകള്‍ ഉപയോഗിച്ച് എല്‍.ഡി.എഫിന്റെ മുന്നേറ്റം ന്യായീകരിക്കാന്‍ ഇത്തവണയും സംസ്ഥാനസെക്രട്ടറി ശ്രമിച്ചു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ മാറ്റമുണ്ടാക്കുമെന്ന വാദം ശരിയല്ലെന്ന് പിണറായി പറഞ്ഞു. ഘടകകക്ഷികള്‍ മുന്നണിവിട്ടത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ജനതാദളിലെ ഒരുവിഭാഗം മുന്നേറ്റം നേടിയെന്നും ചൂണ്ടിക്കാട്ടി.

Advertisement