എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന് പങ്കില്ല; കൊലചെയ്തത് ക്വട്ടേഷന്‍ സംഘം, പിന്നില്‍ യു.ഡി.എഫ്: പിണറായി
എഡിറ്റര്‍
Saturday 5th May 2012 12:00pm

തിരുവനന്തപുരം: റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമെന്ന് പിണറായി വിജയന്‍. കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ല. യു.ഡി.എഫിന്റെ ഗൂഢാലാചനയാണിത്. ക്വട്ടേഷന്‍ സംഘങ്ങളാണ് കൊലപാതകം നടത്തിയത്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് അക്രമം നടത്തുന്നത് യു.ഡി.എഫിന്റെ രീതിയാണെന്നും പിണറായി പറഞ്ഞു.

പിണറായിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം:

ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകവാര്‍ത്ത പുറത്തുവന്നയുടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരമാണ് വന്നത്. കൊലയ്ക്കു പിന്നില്‍ സി.പി.ഐ.എം ആണെന്ന തരത്തിലായിരുന്നു പ്രതികരണം.

Ads By Google

ഇതിന് പിന്നാലെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി അധ്യക്ഷന്‍ തുടങ്ങി പലരുടെയും പ്രതികരണം വന്നു. ഈ പ്രതികരണങ്ങളെല്ലാം ന്തൊണ് സംഭവിച്ചതെന്ന് മനസിലാവുന്നതിന് മുമ്പ് വന്നിട്ടുള്ളതാണ്. അപ്പോള്‍ സംഭവങ്ങളെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുണ്ടായിരുന്നെന്ന് വ്യക്തമാണ്. ആ ധാരണ മറ്റൊരു രീതിയില്‍ സി.പി.ഐ.എമ്മിനെതിരെ പ്രയോഗിക്കുകയാണ് ഇവര്‍ ചെയ്തത്. ഇവരുടെ പ്രസ്താവനകള്‍ അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രിയുടെയും കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രസ്താവന പോലീസിനോട് നിങ്ങള്‍ ഇങ്ങനെ അന്വേഷിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുന്നതായിരുന്നു.

സി.പി.ഐ.എം രാഷ്ട്രീയമായി നേരിടേണ്ടവരെ രാഷ്ട്രീയമായി തന്നെ നേരിടും. ഞങ്ങളുടെതില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുള്ളവരെ നിഷ്‌കാസനം ചെയ്ത് അവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഇല്ലാതാക്കാമെന്ന മൗഢ്യം ഞങ്ങള്‍ക്കില്ല. സി.പി.ഐ.എമ്മില്‍ നിന്നും പലരീതിയില്‍ വിട്ടുനില്‍ക്കുന്നവരുണ്ട്. ചിലര്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ പാര്‍ട്ടി അവരെ പുറത്താക്കും. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ നിലപാട് എതിര്‍ക്കേണ്ടതാണെന്ന ധാരണയില്‍ പാര്‍ട്ടി ഉപേക്ഷിച്ച് എതിര്‍പക്ഷത്ത് നിന്ന് പാര്‍ട്ടിയെ എതിര്‍ക്കുന്നു. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ അവര്‍ അറിയാതെ ചില തെറ്റുചെയ്തത് കൊണ്ടുമാത്രം ഒഴിവാക്കപ്പെട്ടവരാണ്. അവര്‍ പാര്‍ട്ടിയെ നിധി പോലെ മനസില്‍ കരുതിയിരിക്കുന്നു. പാര്‍ട്ടിയെ എതിര്‍ക്കാന്‍ ചിലര്‍  മറുവശത്ത് നിന്ന് അവര്‍ത്തുന്ന വാദഗതികളെ ശക്തമായി എതിര്‍ക്കും. അവരെ ശാരീരികമായി ഇല്ലാതാക്കുകയെന്നത് ഒരു സന്ദര്‍ഭത്തിലും സി.പി.ഐ.എം സ്വീകരിച്ചിട്ടില്ല.

ഒഞ്ചിയത്ത് ഞങ്ങളെ കഠിനമായി എതിര്‍ക്കുന്ന നിലപാട് യു.ഡി.എഫിനോട് ചേര്‍ന്ന് ഈ വിഭാഗം സ്വീകരിച്ചിരുന്നു. ഈ അവസരം മുല്ലപ്പള്ളി നല്ലതുപോലെ ഉപയോഗിച്ചിരുന്നു. അവരുടെ തെറ്റായ നിലപാടിനെ പാര്‍ട്ടി നിശിതമായി വിമര്‍ശിച്ചിട്ടുള്ളതാണ്. ഇവിടെ പലരും അവരുടെ ആള്‍ബലത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അവരുണ്ടാക്കിയ മുന്നേത്തെക്കുറിച്ച് പറഞ്ഞു. എന്നാല്‍ അതിനുശേഷം നിയമസബാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനെക്കുറിച്ച് ഒന്നും മിണ്ടില്ല. ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാടാണ് ശരിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട ജനവിഭാഗം പൂര്‍ണമായി ഉള്‍ക്കൊണ്ടു തിരിച്ചുവരികയാണെന്നുള്ളതാണ്. അത് കേവലം ഇവരുടെയെല്ലാം അനുഭാവികളായി നിന്നവര്‍ മാത്രമല്ല. ഇവരുടെയൊപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍വരെ ഞങ്ങളൊടൊപ്പം വന്നിട്ടുണ്ട്. അപ്പോള്‍ ഒഞ്ചിയത്തെ നില കുറച്ചുപേരൊഴികെ ബാക്കിയെല്ലാവരും തിരിച്ചുവരുന്നുവെന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതാണ്. അത്തരത്തിലൊരു സാഹചര്യം ഉയര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ക്ക് ശാരീരികമായി ആരെയെങ്കിലും വകവരുത്തേണ്ട ആവശ്യം എന്താണ്? ഇക്കഴിഞ്ഞയെല്ലാ സംഘര്‍ഷങ്ങളുടെ ഘട്ടങ്ങളിലും നോക്കിനോക്കൂ, വലിയ ബഹളമയമായ അന്തരീക്ഷങ്ങളൊക്കെ അവിടെയുണ്ടായിട്ടുണ്ട്. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം ഏതെങ്കിലുമൊരു പ്രവര്‍ത്തകനെയോ ഏതെങ്കിലുമൊരു നേതാവിനെയോ ആക്രമിച്ച് വകവരുത്തിക്കളയാം എന്ന നിലപാട് അവിടെ സി.പി.ഐ.എം സ്വീകരിച്ചിട്ടില്ല.

ഇവിടെ കേന്ദ്രആഭ്യന്തരസഹമന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം ചന്ദ്രശേഖരനെ കഴിഞ്ഞകുറച്ച് കാലങ്ങളായി ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ചന്ദ്രശേഖരന് പോലീസ് സംരക്ഷണം നല്‍കിയില്ല. ഇതില്‍പരം കുറ്റകരമായ അനാസ്ഥയുണ്ടോ. സാധാരണതലത്തില്‍ ചന്ദ്രശേഖരനെപ്പോലെയുള്ള ഒരു പ്രവര്‍ത്തകന്‍ അത്തരമൊരു പരാതി കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ അടുത്തും മുഖ്യമന്ത്രിയുടെ അടുത്തും ഉന്നയിച്ചുവെങ്കില്‍ ഉടനെ തന്നെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നില്ലേ. ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ തന്നെ ഇതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കാണേണ്ടതുണ്ട്.

സി.പി.ഐ.എമ്മിനെ വേട്ടയാടാനുള്ള ഉനനതമായൊരു ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറുന്നത്. ഇത് നമ്മുടെ രാജ്യത്ത് മുമ്പും നടന്നിട്ടുണ്ട്. പടിഞ്ഞാറന്‍ ബംഗാളില്‍ 1972ലെ അര്‍ധഫാസിസ്റ്റ് ഭീകരത. അതിന് തുടക്കം കുറിക്കുന്നത് ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടുകൊണ്ടാണ്. ആ കൊലയുടെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ പെടലിയില്‍ കെട്ടിവെക്കാനാണ് അന്ന് ശ്രമിച്ചിരുന്നത്. പിന്നെയാണ് അവിടെയുള്ള അര്‍ധഫാസിസ്റ്റ് ഭീകരത ആരംഭിച്ചത്. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തൊരു പ്രത്യേക ഘട്ടമാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ യു.ഡി.എഫ് ചെയ്ത കാര്യങ്ങള്‍ നമുക്കോര്‍മ്മയുണ്ട്. അപ്പോഴാണ് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് കാരണക്കാരനായ ആളെ ഹാജരാക്കുന്നത്. ശെല്‍വരാജിന്റെ രാജി ആ ഘട്ടത്തിലാണുയരുന്നത്. എന്നാല്‍ ശെല്‍വരാജ് മാര്‍ വേറെയുണ്ടാവില്ലയെന്ന പൂര്‍ണബോധ്യം യു.ഡി.എഫിന് വന്നു. സി.പി.ഐ.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ജനങ്ങളുടെ മധ്യത്തില്‍ വലിയ തോതില്‍ താറടിച്ചുകാണിക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണിത്.

വന്നേടുത്തോളം റിപ്പോര്‍ട്ടുകള്‍ വച്ച് ക്വട്ടേഷന്‍ സംഘത്തെയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തെ സാധാരണഗതിയില്‍ ഉപയോഗിക്കാറ് യു.ഡി.എഫ് സംഘമാണ്. യു.ഡി.എഫാണ്. യു.ഡി.എഫിന്റെ പ്രമുഖരായ നേതാക്കന്മാര് തന്നെ യു.ഡി.എഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നുണ്ട്. അതായത് തീവ്രവാദികള്‍ പലയിടത്തും നുഴഞ്ഞുകയറുന്നുണ്ട് എന്ന് പറയുന്നുണ്ട്. മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കണ്ണൂരില്‍ മൂന്ന് കാറുകളില്‍ വന്ന ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. യു.ഡി.എഫ് കൊണ്ടുവന്നതായിരുന്നു അത്. കൊണ്ടുവന്ന നേതാവ് പോലീസ് സ്‌റ്റേഷനില്‍ സത്യാഗ്രഹമിരുന്ന കാര്യം നിങ്ങളാരും മറന്നുകാണില്ല. ഒരു ദിവസം മുഴുവനായിരുന്നു സത്യാഗ്രഹം. ചാലക്കുടിക്കാരായ ചിലരടക്കമായിരുന്നു ആ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നത്. ആ ക്വട്ടേഷന്‍ സംഘത്തിന്റെ എല്ലാവിവരങ്ങളും പിന്നീട്  പുറത്തുവന്നതാണ്.

ഞങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയെന്നല്ലാതെ ക്വട്ടേഷന്‍ സംഘത്തെ വാടകക്കെടുക്കുന്നവരല്ല. ഇവിടെ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി ഏതോ ഒരു ഗൂഢ സംഘത്തെ സാധാരണഗതിയില്‍  പ്രഫഷണല്‍ കൊലയാളികളാണെന്ന് സംശയിക്കുന്ന ഒരുകൂട്ടരെ വാടകയ്‌ക്കെടുത്തിട്ടുണ്ട് എന്ന് വേണം കണക്കാക്കാന്‍. അവരെ നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കണം. പക്ഷേ അവരെ കണ്ടെത്തണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണം. അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കുകയും ഞങ്ങള്‍ പറയുന്നവരെക്കുറിച്ച് അന്വേഷിച്ചോ എന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയല്ല വേണ്ടത്. ആദ്യം പറയുക സി.പി.ഐ.എമ്മാണെന്ന്, പിന്നെ പറയുക ജില്ലയ്ക്ക പുറത്തുള്ള ആളുകളാണ് ഇത് വന്ന് ചെയ്തിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയായിട്ട് പറയുക പാര്‍ട്ടി സംസ്ഥാന നേതൃത്വം കൂടി പ്ലാന്‍ ചെയ്തിട്ടാണ് ഇത് നടന്നിട്ടുള്ളത്. ഇപ്പോള്‍ നിങ്ങളുടെ അന്വേഷണം ഏത് വഴിക്ക് നീങ്ങണമെന്ന ദിശ നിശ്ചയിച്ചുകൊടുക്കുകയെന്ന പരിപാടിയാണ് ഇവിടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിമാരും മുഖ്യമന്ത്രിയും ചെയ്തിട്ടുള്ളത്.

പ്രചരണത്തിന്റെ കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. ഇതേ കോഴിക്കോട് ജില്ലയില്‍ തന്നെയാണ് തെരുവമ്പറ്. തെരുവമ്പറമ്പിലെ സ്ത്രീയുടെ പേരൊക്കെ എനിക്ക് ഓര്‍മ്മവരുന്നുണ്ട്. പക്ഷേ ഞാന്‍ പറയുന്നില്ല. ഒരു മുസ് ലീം സ്ത്രീയെ ബലാല്‍ത്സംഗം ചെയ്ത കഥ എത്ര വ്യാപകമായിട്ടാണ് പ്രചരിപ്പിച്ചത്. പക്ഷേ അതിന്റെ വസ്തുത പിന്നീട് പുറത്തുവന്നത്. അപ്പോള്‍ തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിടാന്‍ നിങ്ങള്‍ കേമരാണ്. ആ തെറ്റായ പ്രചാരണം നടത്തി യഥാര്‍ഥ കൊലയാളികളെ നിയമത്തിന്റെ കരങ്ങളില്‍പ്പെടുത്താനുള്ള നടപടികളാണ് ഇവിടെ സ്വീകരിക്കേണ്ടത്. ഇത് യു.ഡി.എഫ് പെട്ടെന്നുതന്നെ ഹര്‍ത്താലാണല്ലോ പ്രഖ്യാപിക്കുന്നത്. ഹര്‍ത്താലിനുതന്നെ എതിരാണെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരാണല്ലോ ഇവര്‍. അവര്‍ക്കിപ്പോള്‍ വളരെപ്പെട്ടെന്ന് ഹര്‍ത്താല്‍ ഇഷ്ടപ്പെട്ടയൊന്നായി മാറിയല്ലോ. ഇതാണ് യു.ഡി.എഫിന്റെ നിലയെന്ന് നാം കാണണം. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ 25ഓളം വീടുകള്‍ നിരവധി കടകള്‍ ഈ പ്രദേശത്ത് ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം പ്രചോദനമായത് ഈ ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളാണ് എന്ന് നാം കാണണം. അവരുടെ പ്രസ്താവനകളാണ് ഞങ്ങള്‍ക്കെതിരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയുള്ള ആക്രമണത്തിനുള്ള പ്രചോദനം സൃഷ്ടിക്കുന്നത്. അവിടുത്തെ പാര്‍ട്ടി ഏരിയ സെക്രട്ടറിയാണ് സഖാവ് സി.എച്ച്.അശോകന്‍. അശോകന്റെ വീട് ആക്രമിച്ചു തകര്‍ത്തുകളഞ്ഞു. ഒഞ്ചിയത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ബാലകൃഷ്ണന്‍. ബാലകകൃഷ്ണന്റെ വീട്ടിനുനേരെ ആക്രമണം നടന്നിരിക്കുന്നു. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ വീട് ആക്രമിച്ച് തകര്‍ത്തിരിക്കുന്നു. ഇതൊക്കെ ഇവരുടെ അവിവേകപൂര്‍ണമായ, അവിവേകം എന്ന് പറയാന്‍ പറ്റില്ല വ്യക്തമായ ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയാണ്, ആ പ്രസ്താവനയുടെ ഫലമായി സംഭവിച്ചിട്ടുള്ളതാണ്.

ഞങ്ങള്‍ ഇതിനെ കാണുന്നത് സി.പി.ഐ.എമ്മിന് നേരെയുള്ള ഒരു കടന്നാക്രമണമുന്നോടിയെന്ന നിലക്കാണ്. അത്തരമൊരു ഗൂഢാലോചനയിലൂടെ സി.പി.ഐ.എമ്മിനെ കടന്നാക്രമിക്കാനുള്ള മുന്നൊരുക്കമാണ് ഇവിടെ നടക്കുന്നത്. ഈ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊടൊപ്പം തന്നെ യു.ഡി.എഫിന്റെയും ഗവണ്‍മെന്റിനെയും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഞങ്ങള്‍ രേഖപ്പെടുത്തും. അതിന്റെ ഭാഗമായുള്ള സംസ്ഥാന വ്യാപകമായി പ്രധാനകേന്ദ്രങ്ങളിലെല്ലാം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും ചെയ്യും.

തീവ്രവാദബന്ധമുള്ളവരും പ്രഫഷണല്‍ കൊലയാളികളും കൊലയെങ്ങനെ ശാസ്ത്രീയമായി നടത്താം എന്നതിനെക്കുറിച്ച് പരിശീലിക്കുന്നവരാണ്. തീവ്രവാദി ബന്ധമുള്ളവരാണോ പ്രഫഷണല്‍ കൊലയാളികളാണോ കൊലനടത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ടതുണ്ട്.

ഒരു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ചന്ദ്രശേഖരന്റെ നിലപാട് എന്തായാലും ആ നിലപാടിന്റെ പേരില്‍ കൊലചെയ്യപ്പെടേണ്ടയാളായിരുന്നില്ല. അപ്പോള്‍ ആ കൊലയെയാണ് ഞങ്ങള്‍ അപലപിക്കുന്നത്. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്ന വി.എസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണ്.

Advertisement