Administrator
Administrator
വികസനത്തിന് വിദേശനിക്ഷേപമാവാം : പിണറായി
Administrator
Wednesday 31st August 2011 1:07pm

pinarayi vijayanകാസര്‍ഗോഡ്: വികസനത്തിന് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാര്‍ട്ടിക്കുണ്ട്. അത് പൊതുതാല്‍പര്യങ്ങളെ ഹനിക്കുന്നതല്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദേശ നിക്ഷേപം സംബന്ധിച്ച് പിണറായി ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം

‘അമേരിക്കന്‍ കൗണ്‍സിലുകളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ശരിയാണ്. ഞങ്ങളെ കാണാനാഗ്രഹിക്കുന്നു എന്നു പറഞ്ഞ് അവര്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അല്ലാതെ അവരെ ഞങ്ങള്‍ അങ്ങോട്ട് സമീപിച്ചതല്ല. രാജ്യത്തെ പ്രമുഖ രാഷ്ട്രീയക്കാരുമായെല്ലാം അവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഞങ്ങളെയും സമീപിച്ചെന്നേയുള്ളൂ. ഒരു നിശ്ചിത അജണ്ഡ വച്ചുള്ള കൂടിക്കാഴ്ചയായിരുന്നില്ല അത്. എ.കെ.ജി സെന്ററില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അവരെ കണ്ടു. മര്യാദ എന്ന രീതിയില്‍ അവരെ സ്വീകരിച്ചു.

എന്നെ കാണാന്‍ വന്നസമയത്ത് എന്നെ മാത്രമാണ് കണ്ടത്. വി.എസോ, ബേബിയോ, ഐസക്കോ ആ സമയത്തുണ്ടായിരുന്നില്ല. പ്രത്യേകമായും രണ്ട് വിഷയങ്ങളിലൂന്നിയായിരുന്നു അവരുടെ ചര്‍ച്ച. സി.പി.ഐ.എം അമേരിക്കക്കെതിരാണോ എന്ന് അവര്‍ ചോദിച്ചു. അമേരിക്കയോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അമേരിക്കന്‍ നയങ്ങളോടാണ് എതിര്‍പ്പെന്നും ഞാന്‍ പറഞ്ഞു. ലക്ഷക്കണക്കിനാളുകളെ കൊല്ലുകയും മാരകായുധങ്ങള്‍ ജനങ്ങള്‍ക്കുനേരെ യാതൊരു ദയയുമില്ലാതെ പ്രയോഗിക്കുന്ന അമേരിക്കന്‍ നയം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

അമേരിക്കന്‍ വ്യവസായ നിക്ഷേപത്തെ എതിര്‍ക്കുന്നുണ്ടോ എന്നും അവര്‍ ചോദിച്ചു. അമേരിക്കന്‍ വ്യവസായ നിക്ഷേപത്തെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് മറുപടി പറഞ്ഞു. ആ സമയത്താണ് കൊക്കക്കോള വിഷയം അവര്‍ ചൂണ്ടിക്കാട്ടിയത്. കൊക്കക്കോള അമേരിക്കന്‍ കമ്പനിയായതുകൊണ്ടല്ല ഞങ്ങള്‍ എതിര്‍ക്കുന്നതെന്നും അത് ഇവിടെയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് എതിര്‍പ്പിന് കാരണമെന്നും ഞാന്‍ പറഞ്ഞു. വന്‍തോതില്‍ ജലമൂറ്റുന്നതിനാല്‍ സമീപപ്രദേശത്ത് ജലലഭ്യത കുറഞ്ഞതായും മറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊക്കകോള കമ്പനിക്കെതിരെ സമരം നടന്നത്. അതിനര്‍ത്ഥം അമേരിക്കന്‍ കമ്പനികളെല്ലാം ശരിയല്ലെന്നല്ല . കൊക്കകോള ഇവിടെ വേണ്ടെന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ. വി.എസ് നോട് ഇതിനെക്കുറിച്ച് ചോദിക്കാത്തതിനാലാവാം അദ്ദേഹം ഇക്കാര്യം പറയാതിരുന്നത്.

യു.എസ് വിദേശ നിക്ഷേപത്തെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും അവരെ ധരിപ്പിച്ചു. സാമ്രാജ്യത്വ പോരാട്ടങ്ങള്‍ക്ക് തടസമാകുന്ന തരത്തിലുള്ള വായ്പകള്‍ സ്വീകരിക്കില്ല. ഐ.ടിപോലുള്ള മേഖലകളില്‍ നിക്ഷേപം ആവാം. കാര്‍ഷിക മേഖലയില്‍ നിക്ഷേപം അനുവദിക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതാണ് കൂടിക്കാഴ്ചയില്‍ സംഭവിച്ചത്. ഇതിന്റെ പേരില്‍ വലിയ ബഹളമുണ്ടാക്കി പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കാമെന്നാണ് ധാരണയെങ്കലില്‍ അതിനുവെച്ച വെള്ളം വാങ്ങിവെക്കുന്നതായിരിക്കും നല്ലത്.

വി.എസും അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു തവണ ആയുര്‍വേദ ചികിത്സയിലായതിനാല്‍ അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചേ എന്നുള്ളൂ.’

Advertisement