Administrator
Administrator
അലി, ആസാദ്, വീരന്‍ ഒരു നുകത്തിന് പറ്റിയവര്‍: പിണറായി
Administrator
Monday 18th October 2010 3:37pm

കല്‍പറ്റ: മഞ്ഞളാംകുഴി അലിയും, ഡോ. ആസാദും, എം.പി. വീരേന്ദ്രകുമാറും ഒരു നുകത്തില്‍ കെട്ടാന്‍ പറ്റിയവരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മലപ്പുറം പനങ്ങാങ്ങരയില്‍ കഴിഞ്ഞ ദിവസം ഇവര്‍ പങ്കെടുത്ത പൊതുയോഗത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിണറായിയുടെ മറുപടി.
അവര്‍ എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ രൂപമായതായും അതാണ് അവിടെ കണ്ടതെന്നും പിണറായി പ്രതികരിച്ചു.

മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാമെന്ന് ഒരിക്കലും വാഗ്ദാനം നല്‍കിയിട്ടില്ല. ഏതൊരു മനുഷ്യനും ആഗ്രഹത്തിന് പരിധിവെക്കേണ്ട കാര്യമില്ല. പ്രവാസി സംഘടന വന്നപ്പോള്‍ അലി പ്രസിഡന്റായി. ബാങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനാണ് നല്‍കിയത്. നോര്‍ക്കയില്‍ അംഗമാക്കി. എന്നാല്‍, നോര്‍ക്കയുടെ ചെയര്‍മാനാകണമെന്ന് അലി ആഗ്രഹിച്ചാല്‍ എന്തുചെയ്യും? ടി.കെ. ഹംസ അതിനെല്ലാം പറ്റിയതാണ്. ഏല്‍പിച്ച ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. പിണറായി വിശദീകരിച്ചു.

അലി പോകുന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. അലി ഇപ്പോള്‍ ഓരോന്ന് പറയുന്നത് മനസ്സിലാകുന്നില്ല. യു.ഡി.എഫ് കൂടുതല്‍ ഇടതുപക്ഷത്തേക്ക് പോകുന്നുവെന്ന മഞ്ഞളാംകുഴി അലിയുടെ നിലപാടിനോട് പ്രതികരിക്കുന്നില്ല. എല്ലാസ്ഥാനവും തനിക്കു വേണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. അലി യു.ഡി.എഫിലെത്തി കൂടുതല്‍ പരീക്ഷണം നടത്തട്ടെയെന്നും പിണറായി പറഞ്ഞു.

യു.ഡി.എഫ് അന്തഃഛിദ്രങ്ങളുടെ കൂടായി മാറി. കക്ഷിരാഷ്ട്രീയത്തില്‍ ഒരു കക്ഷിയുടെ വരവും പോക്കും രാഷ്ട്രീയബലാബലത്തില്‍ മാറ്റമുണ്ടാക്കില്ല. പക്ഷേ പി.ജെ ജോസഫ് എല്‍.ഡി.എഫ ്‌വിട്ട് യു.ഡി.എഫില്‍ ചെന്നത് അവര്‍ക്കിടയില്‍ വലിയ കുഴപ്പത്തിനു കാരണമായിരിക്കുകയാണ്.

മഹാശക്തിമാനായി എന്നവകാശപ്പെടുന്ന മാണിയെതന്നെ യു.ഡി.എഫില്‍ അംഗീകരിക്കുന്നില്ലെന്ന അവസ്ഥയാണ്. 2005 ലേക്കാള്‍ വലിയ തിരിച്ചടിയാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നത്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ചുള്ള എല്‍ഡിഎഫ് നിലപാടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുരോഹിതരുടെ നിലപാടിനെ ന്യായീകരിച്ച യു.ഡി.എഫിന് പാസ്റ്ററല്‍ കൗസില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും പിണറായി വയനാട് പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

Advertisement