എഡിറ്റര്‍
എഡിറ്റര്‍
നിരപരാധിയാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: പിണറായി
എഡിറ്റര്‍
Sunday 30th June 2013 4:17pm

Pinarayi

തിരുവനന്തപുരം: ##സോളാര്‍കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരപരാധിയാണെങ്കില്‍ രാജി വെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ##പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ രാജി ധാര്‍മിക വിഷയമല്ല നിയമപരമായ കാര്യമാണെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ads By Google

ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കും. നിയമപരമായി അന്വേഷണം മുന്നോട്ടു നീങ്ങിയാല്‍ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു തെളിവെടുക്കേണ്ടി വരും.

അങ്ങനെ വന്നാല്‍ അടുത്ത നടപടിയായി മുഖ്യമന്ത്രിയുടെ മൊഴിയെടുക്കേണ്ടി വരും. നിരപരാധിയാണെങ്കില്‍ അന്വേഷണത്തിലൂടെ ആരോപണ വിമുക്തനായതിന് ശേഷം അധികാരത്തില്‍ മടങ്ങിയെത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടി കടന്ന് അകത്തേക്ക് കടന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല.

ജോപ്പന്റെ സ്വാധീനം വച്ച് മാത്രം നടത്തേണ്ട കാര്യത്തിന് 40 ലക്ഷം നല്‍കാന്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ തയാറാകുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ അടക്കം പരാമര്‍ശിച്ചാണ് ശ്രീധരന്‍ നായര്‍ പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. രാജി വയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നിര്‍ബന്ധിക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുന്നില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.

അതേസമയം, ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗികാപവാദ കേസ് മാധ്യമസൃഷ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സോളാര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ##തെറ്റയിലെനെതിരെയുള്ള ആരോപണം കൊണ്ടുവന്നത്.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്ന അവസരത്തിലാണ് തെറ്റയില്‍ വിവാദം വന്നത്. ചരിത്രത്തിലില്ലാത്ത ആവശ്യമാണ് തെറ്റയിലിന്റെ കാര്യത്തില്‍ ആവശ്യപ്പെടുന്നത്. ലൈംഗികാരോപണത്തില്‍ എം.എല്‍.എ സ്ഥാനം ഇതുവരെ ആരും രാജി വെച്ചിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisement