Categories

പിണറായി vs കാന്തപുരം: പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും

kanthapuram-vs-pinarayiസ്വന്തം ലേഖകന്‍

കോഴിക്കോട്: തിരുകേശ വിവാദത്തിലെ പിണറായി വിജയന്റെ പ്രസ്താവന സി.പി.ഐ.എമ്മും കാന്തപുരവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുസ്‌ലിം സമുദായത്തിനുള്ളില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ മതത്തിന്റെ വരമ്പുകള്‍ ഭേദിച്ച് പുറത്തേക്ക് കടന്നിരിക്കുന്നത്. വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുന്ന സമുദായത്തിന് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് പിണറായി വിജയന്‍.

തന്റെ കയ്യില്‍ പ്രവാചകന്റെ കേശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാന്തപുരം അതു സൂക്ഷിക്കാനായി കോഴിക്കോട്ട് 40 കോടി ചെലവില്‍ പള്ളി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടതാണ് വിവാദമായത്. കാരന്തൂര്‍ മര്‍ക്കസില്‍ നേരത്തെ തന്നെ പ്രവാചക കേശമെന്നവകാശപ്പെട്ട് മുടി സൂക്ഷിച്ചിരുന്നു. ഇത് വിശ്വാസികള്‍ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. എന്നാല്‍ പള്ളി നിര്‍മ്മാണത്തിന് വിപുലമായ പ്രചാരണ കോലാഹലങ്ങളുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ദിനപത്രമായ തേജസില്‍ ഒ.അബ്ദുല്ല കേശത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ലേഖനമെഴുതിയതോടെ മുസ്‌ലിം സമുദായത്തിനുള്ളില്‍ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഒ അബ്ദുല്ലക്കെതിരെ കാന്തപുരം വിഭാഗം പ്രസംഗങ്ങളിലും ലേഖനങ്ങളിലും ശക്തമായ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ പിന്നീട് കാന്തപുരത്തിന്റെ എതിര്‍പക്ഷത്തുള്ള ഇ.കെ വിഭാഗം സുന്നികളും പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് വിഭാഗങ്ങളും രംഗത്തെത്തുകയായിരുന്നു. സമുദായത്തിനുള്ളില്‍ രണ്ട് തരത്തിലായിരുന്നു വിമര്‍ശനമുണ്ടായത്. മുടി ഒറിജിനലല്ലെന്നും കാന്തപുരം വ്യാജമായി സംഘടിപ്പിച്ചതാണെന്നുമാണ് ഇ.കെ വിഭാഗം ഉന്നയിച്ച ആരോപണം. എന്നാല്‍ മുടി ഒറിജിനിലാണെങ്കില്‍പ്പോലും അതിനെ ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി സംഘടനകളുടെ വിമര്‍ശനം.

സമുദായത്തിനുള്ളില്‍ വളര്‍ന്നു വന്ന എതിര്‍പ്പുകളെ ആള്‍ബലം കാട്ടി മറികടക്കാനായിരുന്നു കാന്തപുരത്തിന്റെ ശ്രമം. അതിനായി അവര്‍ പള്ളിയുടെ തറക്കല്ലിടല്‍ കര്‍മ്മം കോഴിക്കോട്ട് വിപുലമായ സമ്മേളനം വിളിച്ചുകൂട്ടി നടത്തി. സാഹചര്യം മറികടക്കാന്‍ കാന്തപുരം അടുത്തിടെ കേരള യാത്രക്കൊരുങ്ങുകയുമാണ്. യാത്രക്കായി സംസ്ഥാനത്തൊട്ടുക്കും വിപുലമായ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് പിണറായി വെടി പൊട്ടിച്ചത്.

പിണറായിയുടെ പ്രസ്താവനയും അതിന് കാന്തപുരം നടത്തിയ മറുപടിയും വിവാദത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുവന്നിരിക്കയാണ്. സമസ്തയുടെ പിളര്‍പ്പിന് ശേഷം സ്വതന്ത്ര നിലപാടെടുത്ത കാന്തപുരം പിന്നീട് പതുക്കെ എല്‍.ഡി.എഫ് പക്ഷത്തേക്ക് നീങ്ങുകയായിരുന്നു. വര്‍ഷങ്ങളായി നീണ്ട ഈ ബന്ധം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ വഷളായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ യു.ഡി.എഫിനായിരുന്നുവെന്ന് കാന്തപുരം പരസ്യമായി പറയുകയും ചെയ്തു. അവസരം വന്നപ്പോള്‍ കാന്തപുരത്തിന് ഇതിന് ശക്തമായ തിരിച്ചടി നല്‍കുകയാണ് പിണറായി ചെയ്തത്.

കാല് മാറിയ കാന്തപുരം വിഭാഗത്തിന് നല്ലൊരു തല്ല് നല്‍കുന്നതിനൊപ്പം മുസ്‌ലിം സമുദായത്തില്‍ രൂപപ്പെട്ടുവന്ന സാഹചര്യത്തെ പാര്‍ട്ടിക്ക് അനുകൂലമാക്കിയെടുക്കുകയും പിണറായിയുടെ നീക്കത്തിന് പിന്നിലുണ്ട്. സമൂഹത്തിലെ പുരോഗമന സ്വഭാവത്തെ പിറകോട്ട് നയിക്കുന്നതാണ് കാന്തപുരത്തിന്റെ നീക്കമമെന്ന തരത്തിലാണ് പിണറായിയുടെ പ്രസ്താവനകളുണ്ടാവുന്നത്. ഇത്തരം മതവിഷയങ്ങളില്‍ സാധാരണ ഇടപെടുന്ന സ്വഭാവക്കാരനല്ല പിണറായി. മതനേതൃത്വങ്ങളുമായി നടത്തുന്ന അവിഹിത ബന്ധത്തിലൂടെ ഇത്തരം അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതില്‍ നിന്നും സി.പി.ഐ.എം പിറകോട്ട് പോവുകയാണെന്ന് നേരത്തെ ഏറെ ആക്ഷേപവുമുയര്‍ന്നതാണ്.

ഒഴിഞ്ഞുമാറാമായിരുന്ന വിഷയത്തില്‍ പിണറായി ഇടപെട്ടത് വ്യക്തമായ കണക്കുകൂട്ടലുകളോടെ തന്നെയാണ്. എന്നാല്‍ പിണറായിയുടെ പ്രസ്താവന മുസ്‌ലിം സംഘടനകള്‍ക്കുള്ളില്‍ ഉയര്‍ന്നു വന്ന പ്രതിഷേധം കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ രാഷ്ട്രീയപരമായി സി.പി.ഐ.എമ്മിനെ അംഗീകരിക്കാത്ത സുന്ന ഇ.കെ വിഭാഗം പോലും പിണറായിയെ പിന്തുണച്ച് രംഗത്തെത്തി. ഹുസൈന്‍ മടവൂരും ജമാഅത്തെ ഇസ്‌ലാമിയും പിണറായിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ സംഘടനകള്‍ക്ക് മതത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവനയാണ് വരും ദിനങ്ങളില്‍ കൂടുതല്‍ വിവാദമാവുക. അതിനൊപ്പം പള്ളിയും പ്രവാചക കേശവും ചര്‍ച്ച ചെയ്യപ്പെടും. പിണറായിയുടെ പ്രസ്താവന തങ്ങള്‍ അംഗീകരിക്കില്ലെന്ന പറയുന്നതിനപ്പുറം മുസ്‌ലിം സമുദായത്തെക്കുറിച്ചുള്ള വിഷയത്തില്‍ മറ്റു മതത്തില്‍പ്പെട്ടവര്‍ അഭിപ്രായം പറഞ്ഞാല്‍ വര്‍ഗ്ഗീയതയാകുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയാണ് ആ വിഭാഗത്തെ വെട്ടിലിക്കിയിരിക്കുന്നത്. മതങ്ങളും സംഘടനകളും സമൂഹത്തിന്റെ ഭാഗമാണെന്നിരിക്കെ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയ സംഘടനകള്‍ അത് നോക്കേണ്ടെന്ന കാന്തപുരത്തിന്റെ പ്രസ്താവന ശക്തമായ വിമര്‍ശന വിധേയമാവുകയും ചെയ്യും.

6 Responses to “പിണറായി vs കാന്തപുരം: പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും”

 1. Prathiba the Great

  സാറേ, അയ്യാള്‍ നാല്‍പതു കോടിയോ, നാല്‍പതിനായിരം കോടിയോ ഉണ്ടാക്കട്ടെ! വിവരം കെട്ട സമ്പന്നര്‍ സ്വര്‍ഗം വാങ്ങാന്‍ ക്യു നില്‍ക്കും. അയ്യാള്‍ ലക്ഷ്യത്തില്‍ എത്തും. ആരും എതിര്‍കുന്നത് ശരിയല്ല. ഭക്തി എന്നും ഒരു വന്‍ കച്ചവടം ആയിരുന്നു, ആണ്. പക്ഷെ, ഇസ്ലാമിനെ കുറിച്ച് അഭിപ്രായം പറയാന്‍, മറ്റുള്ളവര്‍ക്ക് അവകാശം ഇല്ല എന്ന്, കാന്തപുരം പറഞ്ഞാല്‍, അത് ഒരു മനുഷ്യനും (മുസ്ലിമും) സമ്മതിക്കില്ല. ചിന്തിച്ചും, പഠിച്ചും ഇസ്ലാമിലേക്ക് വരാന്‍ ആണ് ഒരു മുസ്ലിം പറയുക. അതിനു അവര്‍ ഒരുപാട്, ചര്‍ച്ചകളും, സംവാദങ്ങളും (ദാവ), മീഡിയ വഴിയും നേരിട്ടും നടത്തുന്നുമുണ്ട്. ഇസ്ലാം ദൈവ വഴി ആണെങ്കില്‍, ആ വഴി സര്‍വര്‍ക്കും അവകാശപെട്ടതാണ്. അതിനെ ഒരു കാന്തപുര്ത്ത്തിനും വിലങ്ങു വെക്കാന്‍ ആവില്ല.

 2. ഞാന്‍

  മുടിയും കാണിച്ചു ആളെ പറ്റിക്കാം – അങ്ങനെ കുറെ കാശ് ഉണ്ടാക്കാം — സ്വര്‍ഗത്തിലേക്കുള്ള സൂപ്പര്ഫാസ്റ്റില്‍ അത് കൊണ്ട് ഒരു കോച്ച് റിസര്‍വ്‌ ചെയ്യാം എന്നൊക്കെ കണക്ക് കൂട്ടി നടക്കുന്ന കുറെ ____ മോന്‍ കള്‍ ഉണ്ട് ഇവിടെ .. എന്തൊക്കെയായാലും പിണറായി പൂച്ചക്ക് മണി കെട്ടിയത് എനിക്ക് ഇഷ്ടമായി …

 3. ശുംഭന്‍

  ആണ്ടു തരത്തില്‍ പറയാം. ഒന്ന്, പുര കത്തിച്ചു വാഴക്കുല വെട്ടല്‍. രണ്ട്‌, വെള്ളം കലക്കി മീന്‍ പിടിക്കല്‍.

 4. noefal

  ith india rajyaman. india rajyath eethoralkum abhiprayam parayam.
  ath mathathintay karyathil ayalum shari.
  “kanthapurathinay mudi nabi(s) yuday mudy anann theliyitchal oru kody rupa tharam”
  by
  nowfal m.s
  mob: 00971 50 6329766

 5. abuhamza

  കര്‍മ്മം മറന്നു വിശ്വാസചൂഷണത്തിലൂടെ ധനസംബാധനവും പ്രശസ്തിയും കാംക്ഷിച്ച് സമുദായത്തെ കൈയും കാലും ബന്ധിച്ച് പരസ്യ വിചാരണ നടത്താനും കല്ലെറിയാനും വിട്ടുകൊടുത്ത പുരോഹിതരേ …. കാലവും പ്രപഞ്ചനാഥനും നിങ്ങള്‍ക്ക്‌ മാപ്പ തരില്ല. തീര്‍ച്ച…….

 6. Unni

  Media, Political parties, cultural organizations are scared of raising their voices against stupidity of religious heads. In kerala religious institutions are working as profit making enterprises whether it is Hindu, Christian or Muslims. We are all out to criticize political parties on all social issues as a result this kind of religious heads are getting undue immunity.
  I think Pinarayi a man with strong back bone. I support him.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.