കോഴിക്കോട്: സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയനും സി.പി.ഐ സെക്രട്ടറി ചന്ദ്രപ്പനും തമ്മില്‍ വീണ്ടും വാഗ്വാദം. കോണ്‍ഗ്രസുമായി സന്നിഗ്ധ ഘട്ടങ്ങളില്‍ കൂട്ടു ചേരാമെന്ന ചന്ദ്രപ്പന്റെ പ്രസ്താവനയോടുള്ള പിണറായിയുടെ പ്രതികരണമാണ് വാഗ്വാദത്തിന് വഴിവെച്ചത്. ലാവ്‌ലിന്‍ വിഷയത്തില്‍ ചന്ദ്രപ്പന്റെ പരസ്യപ്രസ്താവന പിണറായിയുടെ പ്രതികരണത്തിന് മൂര്‍ഛ കൂട്ടുകയും ചെയ്തു.

പിണറായി: കുത്തക മുതലാളിമാര്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിപ്ലവം നടത്താന്‍ കഴിയില്ല. ഒരിക്കല്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതിന്റെ ഫലമാണ് അടിയന്തരാവസ്ഥയെന്നത് ചന്ദ്രപ്പന്‍ മറക്കരുത്. ചന്ദ്രപ്പനെ പോലൊരാള്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല.

Subscribe Us:

ചന്ദ്രപ്പന്‍: അടുത്തകാലത്ത് കോണ്‍ഗ്രസുമായി ഒരു സന്നിഗ്ദ്ധഘട്ടത്തില്‍ കൂട്ടുചേര്‍ന്നപ്പോള്‍ സി.പി.ഐ. മാത്രമല്ല സി.പി.എമ്മും ഉണ്ടായിരുന്നു.

പിണറായി: എം.പി. വീരേന്ദ്രകുമാര്‍ മുന്നണിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ചന്ദ്രപ്പന്‍ പറഞ്ഞത് അദ്ദേഹം കുറച്ചുകാലം കേരളത്തില്‍ ഇല്ലാതിരുന്നതുകൊണ്ടാണ്. കേരളത്തിലില്ലാത്തതിനാല്‍ ചന്ദ്രപ്പന് ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടാണ് വീരേന്ദ്രകുമാര്‍ മുന്നണി വിട്ടത്.

ചന്ദ്രപ്പന്‍: താന്‍ മൂന്ന് തവണ എം.പിയും ഒരു തവണ എം.എല്‍.എയുമായത് കേരളത്തില്‍ നിന്ന് തന്നെയാണെന്ന് പിണറായി മറക്കരുത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും തന്റെ പ്രവര്‍ത്തന മണ്ഡലം കേരളമായിരുന്നു. പത്തു വര്‍ഷം കിസാന്‍ സഭയുടെ പ്രസിഡന്റായിരുന്നു.

ലാവലിന്‍

ചന്ദ്രപ്പന്‍: സി.പി.ഐ നേതാക്കളും നേരത്തെ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്നെല്ലാം നിയമപരമായി തന്നെയാണ് പാര്‍ട്ടി അതിനെ നേരിട്ടത്. ഏത് കേസും നിയമനടപടികളിലൂടെ കടന്നു പോകണം. ഇത് എല്ലാവര്‍ക്കും ബാധകമാണം. ലാവലിന്‍ കേസിലും ഇങ്ങനെതന്നെയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് മര്യാദ.

അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ചന്ദ്രപ്പന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് പിണറായി പറഞ്ഞു. ‘അക്കാര്യത്തെക്കുറിച്ച് ഞാന്‍ കുറച്ചു കാലമായി പ്രതികരിക്കാറില്ലല്ലോ’ എന്നായിരുന്നു പിണറായിയുടെ മറുപടി.