തിരുവനന്തപുരം: പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്ന ആളല്ല താനെന്നും അതുപോലെ തന്നെ ഇകഴ്ത്തലില്‍ ഇളകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമസഭയില്‍ തന്റെയത്ര ഇകഴ്ത്തപ്പെട്ട മറ്റൊരാള്‍ ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

എടോ എന്ന് വിളിയേക്കേണ്ടയാളെ അങ്ങനെ തന്നെ വിളിക്കും. എടോ എന്നത്  തെറ്റായ വാക്കല്ല അതില്‍ സംശയമില്ല. എന്നാല്‍ വി.ടി ബല്‍റാമിനെ താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന നിയമസഭയിലെ പിണറായിയുടെ പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നേരെ പ്രതിപക്ഷാംഗങ്ങള്‍ പാഞ്ഞടുത്തിരുന്നു.

ഇതിന് പിന്നാലെ തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളിലൊരാള്‍ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ ആരോപിക്കുകയായിരുന്നു. ഒരു മുഖ്യമന്ത്രിക്കു നേരെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അതിക്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വി.ടി ബല്‍റാം മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചു എന്ന് പറഞ്ഞ് ഭരണകക്ഷി എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ പിന്നീട് രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ‘എടാ’ എന്നോ മറ്റ് അധിക്ഷേപകരമായ വാക്കുകളോ വിളിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വീഡിയോ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.