തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ച് മേയര്‍ ആക്രമിക്കപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിസിറ്റേഴ്‌സ് ഗാലറിയിലെത്തി ബി.ജെ.പിയുടെ കൗണ്‍സിലര്‍മാര്‍ മേയറെ ആക്രമിക്കുകയായിരുന്നു. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്. ഇതിന് ഒരു ന്യായീകരണവും നിരത്താനില്ല.

ഇതിന് മാത്രം എന്ത് പ്രകോപനമാണ് അവിടെ ഉണ്ടായത്. ഒന്നും ഉണ്ടായിട്ടില്ല. കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ച് ഇത്തരമൊരു ആക്രമണം നടത്താന്‍ എങ്ങനെയാണ് അവര്‍ക്ക് ധൈര്യം വന്നത്.


Dont Miss പാര്‍ട്ടിയില്‍ ഭിന്നതയില്ല; കാബിനറ്റ് ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണെന്നും കാനം രാജേന്ദ്രന്‍


ആക്രമണത്തിന് ആര്‍.എസ്.എസ് ആണ് നേതൃത്വം കൊടുത്തത്. ആര്‍.എസ്.എസിന്റെ സ്ഥിരം സംഭവങ്ങളില്‍ പങ്കെടുക്കുന്ന ചിലര്‍ നേരത്തെ തന്നെ എത്തിയത്. അവരും ബി.ജെ.പി കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് ഇത്തരമൊരു സംഭവത്തിന് നേതൃത്വത്തിന് നല്‍കിയതെന്നും പിണറായി പറയുന്നു.

അദ്ദേഹത്തിന്റെ കാലിന് സാരമായ പരിക്കുണ്ട്. ഒരു കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. കഴുത്തിന്റെ പിന്‍ഭാഗത്ത് ഏറ്റ പരിക്ക് അല്‍പ്പം കൂടി കടന്നിരുന്നുവെങ്കില്‍ നട്ടെല്ലിനെ പൂര്‍ണമായി നിശ്ചലമാക്കിക്കളയുമായിരുന്നവെന്നും അത്രയും ഗുരുതരമായ ആക്രമണമാണ് അവിടെ നടന്നതെന്നും പിണറായിപറഞ്ഞു.

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മേയര്‍ക്ക് പരിക്കേറ്റത്.

ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തത്. യോഗത്തിനിടെ ബി.ജെ.പി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു.

യോഗം കഴിഞ്ഞ ശേഷം മേയര്‍ പുറത്തേയ്ക്കു പോകുമ്പോള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സി.പി.ഐ.എം കൗണ്‍സിലര്‍മാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. മേയറെ കാലില്‍ വലിച്ച് താഴെയിടുകയായിരുന്നെന്ന് സി.പി.ഐ.എം ആരോപിക്കുന്നു.
പുറത്തുനിന്ന് വന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.