കോഴിക്കോട് : സംസ്ഥാനത്തെ മുസ്ലിംഭൂരിപക്ഷ പ്രദേശമാക്കാനാണ് പോപ്പുലര്‍ഫ്രണ്ട് ശ്രമമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. മുസ്ലിം സമുദായത്തെ ആകെ ബാധിക്കുന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയതെന്നും പിണറായി പറഞ്ഞു.

സി പി ഐ എമ്മിനെ ന്യൂനപക്ഷവിരുദ്ധരായി ചിത്രീകരിക്കാമെന്ന് യു ഡി എഫ് വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്നും പിണറായി ആരോപിച്ചു. പോപ്പുലര്‍ഫ്രണ്ടിനെ മുസ്ലിം മറയിട്ട സംരക്ഷിക്കാന്‍ ആരും തയ്യാറാകേണ്ടതില്ല. അങ്ങിനെ ചെയ്യുന്നത് തീവ്രവാദികളെ സംരക്ഷിക്കലാണെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്ലിം സമുദായത്തിന് മാനക്കേടുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.