എഡിറ്റര്‍
എഡിറ്റര്‍
കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി
എഡിറ്റര്‍
Thursday 17th August 2017 11:41am

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.

വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ടിക്കും പി വി അന്‍വറിനുമൊപ്പമാണന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ടി ബല്‍റാം എം.എല്‍.എ ആരോപിച്ചു.

എന്നാല്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു


Dont Miss മോദി പറഞ്ഞത് 56ലക്ഷമെന്ന് , ജെയ്റ്റി 99 ലക്ഷമെന്നും ‘സത്യത്തില്‍ എത്രയാ വര്‍ധിച്ചത്’ :നോട്ടുനിരോധനശേഷമുണ്ടായ പുതിയ നികുതിദായകരുടെ കണക്കിലെ ‘തള്ളല്‍’ ഇങ്ങനെ


പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പി.വി.അന്‍വറിന്റെ പാര്‍ക്ക് എല്ലാ അനുമതികളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടനിര്‍മാണ ചട്ടമടക്കമുള്ള എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ ലൈസന്‍സുകളും നേടിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെയെല്ലാം പിന്നീട് സംസാരിച്ച വി.ടി. ബല്‍റാം ഖണ്ഡിച്ചു. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര കടപ്പാടെന്ന് ബല്‍റാം ചോദിച്ചു. ഒരുമന്ത്രിയും എം.എല്‍.എയും നടത്തിയ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച വിശദമായ അന്വേഷണം വേണം.

മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ 32 ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായിരിക്കുന്നു. ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുജന്‍ ഫോണില്‍ വിളിച്ച ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിരുന്നു. കൈയേറ്റം റവന്യു വകുപ്പിന്റെ ഒത്താശയോടെയാണെന്നും വിടി ബല്‍റാം പറയുന്നു.

ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മുനിസിപ്പാലിറ്റിയില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്.

ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കി. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫും അറിയിച്ചു.

അതേസമയം മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പതിനഞ്ചു മാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒരുതുണ്ട് സ്ഥലമെങ്കിലും കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനമല്ല എം.എല്‍.എ സ്ഥാനം വരെ രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിനും നേതാക്കള്‍ക്കും തന്റെ റിസോര്‍ട്ട് നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടാവുന്നതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

Advertisement