എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപത്തിനെതിരെയുള്ള അക്രമം അസഹിഷ്ണുത: പിണറായി
എഡിറ്റര്‍
Friday 25th January 2013 7:49pm

തിരുവനന്തപുരം: കമലഹാസന്റെ സിനിമയായ വിശ്വരൂപം രൂപം നിരോധിക്കാനായി  ഒരു വിഭാഗം നടത്തുന്ന അക്രമങ്ങള്‍ തികഞ്ഞ അസഹിഷ്ണുതയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിനിമയെ സമുദായ വിരോധം ആരോപിച്ച് നിരോധിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ല.

Ads By Google

രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കാന്‍ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതാണ് തന്റെ ചിത്രമെന്ന കമലഹാസന്‍ അഭിപ്രായപ്പെടുന്നത്. കമലഹാസന്റെ അഭിപ്രായം ശരിയോ തെറ്റോ എന്ന് വിലയിരുത്താനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെ അടച്ചാക്ഷേപിക്കുന്ന ആശയഗതിയോട് ഇടതുപക്ഷക്കാര്‍ യോജിക്കുന്നില്ല. വംശീയമോ മതപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒന്നും തന്റെ സിനിമയിലില്ലെന്ന് കമലഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നതമാനവിക മതനിരപേക്ഷ ബോധമുള്ള കലാകാരനാണ് കമലാഹസ്സന്‍. അദ്ദേഹം നിര്‍മ്മാതാവും സംവിധായകനുമായ സിനിമയെ ആക്രമിച്ച് കലാകാരനെ മൗനിയാക്കാനുള്ള നീക്കം ഫാസിസമാണെന്നും പിണറായി പറഞ്ഞു.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചില സമുദായ സംഘടനകള്‍ പ്രകടനവും ഭീഷണിയുമായി രംഗത്തുവന്നത് മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ സിനിമയ്‌ക്കെതിരെ വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. സിനിമയെ കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്, കണ്ണു തുറന്ന് കണ്ട് ശരി തെറ്റ് നിശ്ചയിക്കുകയാണ് വേണ്ടതെന്നും പിണറായി വ്യക്തമാക്കി.

കലാസൃഷ്ടിയെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധ രീതിക്കെതിരെ എല്ലാ കലാസ്‌നേഹികളും മതനിരപേക്ഷവാദികളും രംഗത്തുവരണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Advertisement