എഡിറ്റര്‍
എഡിറ്റര്‍
‘ഇപ്പം ഇവിടുന്ന് ഇറങ്ങിക്കോണമെന്ന് ഭാര്യയോട് പറഞ്ഞു’; ആര്‍ഭാട വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോന്ന കഥയുമായി പിണറായി വിജയന്‍ സഭയില്‍
എഡിറ്റര്‍
Thursday 11th May 2017 10:49am

തിരുവനന്തപുരം: ഭാര്യ കമലയോടൊപ്പം ആര്‍ഭാട വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോന്നതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. ആര്‍ഭാട വിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി സ്വന്തം അനുഭവം സഭയില്‍ വിവരിച്ചത്.

‘ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു തൃശൂരില്‍ ഭാര്യയുമൊത്തു പോയി. അവിടെ ചെന്നപ്പോഴാണ് ഏര്‍പ്പാടെല്ലാം ഇവന്റ് മാനേജ്‌മെന്റ് കമ്പനി വകയാണ് എന്നു മനസിലാകുന്നത്. അവരുടെ ഓരോ നിര്‍ദേശങ്ങള്‍ ഇടയ്ക്കു വരും.


Dont Miss സാനിട്ടറി നാപ്കിനുകള്‍ക്ക് ചുമത്തിയ അധിക നികുതി ഒഴിവാക്കണം: എസ്.എഫ്.ഐ 


എല്ലാവരും കൈയടിക്കാന്‍ പറഞ്ഞപ്പോള്‍ നമുക്കു കയ്യടിക്കുകയോ അടിക്കാതിരിക്കുകയോ ചെയ്യാം. അടുത്തത് എല്ലാവരും എഴുന്നേറ്റു നില്‍ക്കാനുള്ള നിര്‍ദേശമാണ്. ഹാളിലുള്ള മുഴുവന്‍ പേരും എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഞങ്ങളും അതു ചെയ്യണമല്ലോ. അങ്ങനെ എഴുന്നേറ്റു നിന്നപ്പോള്‍ തന്നെ ‘ഇപ്പോള്‍, ഇവിടെ നിന്ന് ഇറങ്ങിക്കോണം’ എന്നു ഭാര്യയോടു പറഞ്ഞു. പോരുകയും ചെയ്തു. സദ്യ പോലും കഴിക്കാതെയാണ് അവിടെ നിന്നും ഇറങ്ങിയത്.’- പിണറായി പറഞ്ഞു.

ഇത്തരം വിവാഹങ്ങളില്‍നിന്നു നമ്മളെല്ലാം ഒഴിഞ്ഞുനില്‍ക്കണം എന്നു മുല്ലക്കര ആവശ്യപ്പെട്ടപ്പോള്‍, അവിടെ ചെന്നാലല്ലേ അത് ആര്‍ഭാടമാണോ, അനാര്‍ഭാടമാണോ എന്ന് അറിയാന്‍ കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ നിയമ നടപടികള്‍ക്കു പരിമിതിയുണ്ടെന്നും പിണറായി പറഞ്ഞു. ആര്‍ഭാടം ഒഴിവാക്കിയ വിവാഹത്തിനു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം ഉദാഹരണമായി മുല്ലക്കര എടുത്തുകാട്ടി. എന്നാല്‍ തന്റെ സങ്കല്‍പ്പത്തില്‍ ലളിത വിവാഹം നടത്തിയത് ബിനോയ് വിശ്വമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

വളരെ കുറച്ചു പേരോടു മാത്രമേ ബിനോയ് പറഞ്ഞുള്ളൂ, പറഞ്ഞവരോടു തന്നെ വരേണ്ടെന്നും അറിയിച്ചു. പിണറായി ഓര്‍മിച്ചു

ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കണം. സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കും, മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ കേരളീയ സമൂഹം മാറ്റം വരുത്തിയാലേ ആര്‍ഭാടവിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷനേടാനാകൂ. ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement