Categories

Headlines

മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും സജീവം; ഗൗരി ദാസന്‍ നായര്‍ നേതാവ്: പിണറായി

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജന്റെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം. മാധ്യമ സിണ്ടിക്കേറ്റ് വീണ്ടും ശക്തിപ്പെട്ടിട്ടുണ്ടെന്നും അംസംബന്ധങ്ങളും കള്ളവുമാണ് പാര്‍ട്ടിയെക്കുറിച്ച് വാര്‍ത്തയാക്കുന്നതെന്നും പിണറായി ആരോപിച്ചു.

സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചോര്‍ന്നിട്ടില്ലെന്ന് പിണറായി പറഞ്ഞു. സമ്മേളന റിപ്പോര്‍ട്ട് മേല്‍ കമ്മിറ്റി തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണ്. റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പിബിയ്ക്ക് വിട്ടെന്നത് ശുദ്ധ അസംബന്ധമാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏകകണ്ഠമായ തീരുമാനങ്ങള്‍ സമ്മേളനത്തിലെ എല്ലാ നടപടികളിലുമുണ്ടായിരുന്നു. സമ്മേളനം സംബന്ധിച്ചും മറ്റും പുറത്തുനിന്നുവന്ന വിശകലനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. വിജയകരമായി പൂര്‍ത്തിയാക്കിയ
സമ്മേളനത്തെ വക്രീകരിക്കാന്‍ ശ്രമം നടന്നു. പാര്‍ട്ടിയിലെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശരിയായ രീതിയില്‍ മുന്നോട്ടു പോകാനാണെന്നും പിണറായി വ്യക്തമാക്കി.

പിണറായി പറഞ്ഞത്;

സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടെന്ന് പറഞ്ഞ് ചില ചാനലുകള്‍ എടുത്തുകാണിച്ചത് സത്യത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടല്ല. ജില്ലാ സമ്മേളന റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജാഗ്രത കാണിച്ചിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍
സി.പി.ഐ.എം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കിട്ടിയെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കി. എന്നാല്‍ ഇത് ശരിയല്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
മുഴുവനും അവര്‍ക്ക് ലഭിച്ചിട്ടില്ല. നാല് ഭാഗങ്ങളിലായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിന്റെ അനുബന്ധം മാത്രമാണ് അവര്‍ക്ക് കിട്ടിയത്. അത് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കിട്ടിയെന്ന തരത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ട് മരവിപ്പിച്ചുവെന്ന വാര്‍ത്തശരിയല്ല. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകകണ്‌ഠേന അംഗീകരിക്കുകയാണുണ്ടായത്. ചില കുത്തും കോമയും മാറിയിട്ടുണ്ടാവാം. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ആകെ സത്ത മാറിയിട്ടില്ല. ചില പദപ്രയോഗങ്ങള്‍ ശരിയായില്ലെന്ന് എവിടെനിന്നെങ്കിലും അഭിപ്രായം ഉയരും. അപ്പോള്‍ അത് പരിശോധിച്ച് ആവശ്യമെങ്കില്‍ തിരുത്തും. ചില പരാമര്‍ശങ്ങള്‍
അത്രത്തോളം വേണ്ടിയിരുന്നില്ലെന്ന് തോന്നും. അതും തിരുത്തും. കാലാകാലങ്ങളായി പാര്‍ട്ടി പിന്തുടര്‍ന്നുവരുന്ന ഒരു രീതിയുണ്ട്.
സംഘടനയുടെ താഴെത്തട്ടുമുതല്‍ നിരവധി വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമായ റിപ്പോര്‍ട്ടാണ് സംസ്ഥാന സമ്മേളനത്തിലെത്തുന്നത്. അതില്‍ സ്വയം വിമര്‍ശനമുണ്ടാവും. മറ്റുള്ളവര്‍ക്കെതിരായ വിമര്‍ശനങ്ങളുണ്ടാവും. പാര്‍ട്ടിയിലുള്ളവരെല്ലാം മനുഷ്യരല്ലേ. തെറ്റുകള്‍ ആര്‍ക്കും പറ്റും. അതൊക്കെ പരിശോധിച്ച് കൂടുതല്‍ ശരിയായ രീതി സ്വീകരിക്കുകയാണ് പാര്‍ട്ടി
ചെയ്യുക.

പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന് വാര്‍ത്ത കൊടുത്തവര്‍ക്ക് വിവരമില്ലെന്ന്
പറഞ്ഞാല്‍ അത് വലിയ തെറ്റാണെന്ന് പറയും. എന്നാല്‍ അതാണ് ശരി. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഒന്നും അറിയാത്തവരാണിവര്‍.

മാധ്യമസിണ്ടിക്കേറ്റ് ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായിരിക്കുകയാണ്. മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് നല്ലതാണ്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത് പാര്‍ട്ടിയെ നന്നാക്കാനാണ്. എന്നാല്‍ പച്ചക്കള്ളം എഴുതിവിടുന്നത് എന്തിനാണ്?. മുമ്പ് ഹിന്ദുപത്രം സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയിരുന്നതാണ്. പാര്‍ട്ടി ഔദ്യോഗികമായി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അവര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹിന്ദു പത്രം തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിങ്ങളുടെ നേതാവുമായ ഗൗരിദാസന്‍ നായരുടെ പേര് വെച്ചാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നത്.

സി.പി.ഐ.എം പോലുള്ള ഒരു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി ആരെ തൃപ്തിപ്പെടുത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നിലപാടിനെ വിമര്‍ശിക്കാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍ വിമര്‍ശനവും കള്ളവും രണ്ടും രണ്ടാണ്. ഞങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. നിങ്ങളെപ്പറ്റി ഇതുപോലെ പറഞ്ഞാല്‍ അത് ധാര്‍ഷ്ട്യമാവും. മെക്കിട്ട് കേറലാവും. എന്നാല്‍ കള്ളത്തരത്തിനെ കള്ളത്തരമെന്നല്ലാതെ എന്താണ് പറയുക?

കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ 85 അംഗങ്ങളാണുണ്ടായിരുന്നത്. ഈ പ്രാവശ്യം 84 പേരെ തിരഞ്ഞെടുത്തു. ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. 84 പേരുടെ പേരുള്‍പ്പെട്ട ഒരു പാനല്‍ സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ചു. അതിനെ
ഏകകണ്ഠമായി അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയംഗങ്ങള്‍ യോഗം ചേര്‍ന്ന് സെക്രട്ടറിയെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

പ്രായക്കൂടുതലുകള്‍ കാരണം ചില ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് അഞ്ച് പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. തൃശൂരില്‍ നിന്നുള്ള കെ. മാമുക്കുട്ടി 90 കഴിഞ്ഞയാളാണ്. ഇതുവരെ നല്ലരീതിയില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ആര്‍ രാജനും, സി.ഒ പൗലോസും നേരത്തെ തന്നെ പറഞ്ഞിരുന്നു ഇത്തവണ ഒഴിവാക്കണമെന്ന്. സരോജിനി
ബാലാനന്ദന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നു. അവര്‍ കരഞ്ഞത് മറ്റുരീതിയില്‍ വ്യഖ്യാനിക്കേണ്ടതില്ല. അതൊക്കെ സാധാരണ ജനങ്ങളുടെ വികാരമാണ്. ഇത്രയും കാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച അവര്‍ക്ക് പുറത്തുപോകുമ്പോള്‍ വിഷമം കൊണ്ട് കരഞ്ഞു. അത് സ്വാഭാവികമാണ്.

അഞ്ചുപേരടങ്ങുന്ന കണ്‍ട്രോള്‍ കമ്മീഷനും രൂപം നല്‍കി. ഇതും ആദ്യം ഒരു പാനല്‍ വയ്ക്കുകയും അതിനെ എല്ലാവരും ഏകകണ്ഠമായി അംഗീകരിക്കുകമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി 175 പേരെ തിരഞ്ഞെടുത്തു. ഇതാണ് ഇവിടെയുണ്ടായത്. എന്നാല്‍ ഇതാണോ മാധ്യമങ്ങള്‍ സൃഷ്ടിച്ച ചിത്രമെന്ന് നിങ്ങള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്.

ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മിക്ക ജനോപകരപ്രദമായ പദ്ധതികളും തകര്‍ക്കപ്പെട്ടു. ബാക്കിയുള്ളത് തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതും. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ഉപചാപത്തിലൂടെ സര്‍ക്കാറിനെ മറിച്ചിടാന്‍ പാര്‍ട്ടി ശ്രമിക്കില്ല. എന്നാല്‍ പ്രക്ഷോഭത്തിന്റെ ചൂടേറ്റ് സര്‍ക്കാര്‍ തകര്‍ന്നുവെന്ന് വരാം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നത് നമ്മുടെ സംസ്ഥാനത്ത് ജനങ്ങള്‍ അംഗീകരിക്കുന്ന മുന്നണിയാണ്. ആ മുന്നണി ജനപിന്തുണ വര്‍ധിപ്പിക്കാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി നടപ്പാക്കും. ഇടതുപക്ഷ ഐക്യം രാജ്യത്തായും സംസ്ഥാനത്തായാലും പ്രധാനപ്പെട്ട കാര്യമായാണ് കാണുന്നത്. ആ ഐക്യം ശക്തിപ്പെടുത്താന്‍ കൂടുതല്‍ നല്ലരീതിയില്‍ ഇടപെടാന്‍
ശ്രദ്ധിക്കും.

കഴിഞ്ഞനാല് വര്‍ഷം പാര്‍ട്ടി പുറകോട്ടല്ല പോയിരിക്കുന്നത്. സംഘടനാതലത്തിലായാലും ജനപിന്തുണയുടെ കാര്യത്തിലായാലും മതസാമുദായിക സംഘടനകളുടെ പിന്തുണയുടെ കാര്യങ്ങളിലായാലും നല്ല മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ജനപിന്തുണ ഇനിയും വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

കാപ്പിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട, അത് വിലപ്പോവില്ല: വി.എസ്

പിണറായിക്കെതിരെ സരോജിനി ബാലാനന്ദന്‍; പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.