കണ്ണൂര്‍: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് നടപടയെടുക്കാത്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അവര്‍ നല്‍കിയ പരാതിക്കെന്തു സംഭവിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Ads By Google

കണ്ണൂരില്‍  പിണറായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗണേഷ് വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അഞ്ച് പേജുള്ള പരാതി  ഗണേഷിന്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു എന്നിട്ടും ഗണേഷിനെതിരെ നടപടിയ്ക്ക് മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല.

ഐ.പി.സി 498(എ)വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് നിരന്തരം പറയുന്ന മുഖ്യമന്ത്രി എന്ത്‌കൊണ്ട് ഗണേഷിനെതിരെ നടപടിയ്ക്ക് തയ്യാറാകുന്നില്ല.

ഗണേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേവലം കുടുംബ പ്രശ്‌നംമാത്രമാണെന്ന്‌ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞത് അപലപനീയമാണ്. തെറ്റ് ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് എന്നും സ്വീകരിക്കാറുള്ളത്.

ഗണേഷിനെതിരെ പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ജോര്‍ജിന് ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ എന്ത് ചെയ്താലും സംരക്ഷണം നല്‍കുന്ന നിലപാടാണ് യു.ഡി.എഫ് കൈക്കൊള്ളുന്നത്.  ഗണേഷിന്റെ ഭാര്യ പരാതി നല്‍കിയതോടെ ചീഫ് വിപ്പിന്റെ പരാതിയ്ക്ക് വിശ്വാസ്യത കൂടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.