തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഡാലോചനയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ ജയിക്കാനായി യു ഡി എഫ് നടത്തിയ വഴിവിട്ട നീക്കങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുമെന്ന് കോണ്‍ഗ്രസുകാര്‍ നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിരുന്നു. ജില്ലയില്‍ അക്രമങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടന്നിരുന്നു. തനിക്ക് നേരത്തേ വിവരം ലഭിച്ചിരുന്നവെന്ന് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് സംസ്ഥാന ആഭ്യന്തരവകുപ്പിനെ അറിയിച്ചില്ല. ഭരണനേതൃത്വത്തെ അറിയിക്കാന്‍ പറ്റാത്ത വിവരങ്ങളാണ് മുല്ലപ്പള്ളിക്ക് ലഭിച്ചതെന്നും വിവരങ്ങള്‍ കൈമാറണമായിരുന്നുവെന്നും പിണറായി പറഞ്ഞു.

ദല്‍ഹിയില്‍ ചെന്ന് സി പി ഐ എമ്മിനെക്കുറിച്ച് പറയാന്‍ മുല്ലപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടില്ല. തങ്ങളെ ചികില്‍സിക്കുന്നതിനു മുമ്പ് സ്വയം ചികില്‍സിക്കുന്നതാകും നന്നാവുകയെന്നും പിണറായി ആരോപിച്ചു.