തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്താന്‍പോലും കഴിയാത്ത സാഹചര്യം നിലവിലില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുമ്പ് അത്തരമൊരു സാഹചര്യമുണ്ടായിരുന്നുവെന്നും പിണറായി പറഞ്ഞു.

മുമ്പ് ജമാഅത്തുമായി ചര്‍ച്ച നടത്താന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍ ഇന്ന് അതില്ല. സി.പി.ഐ.എം ആരുമായും കൂട്ടുകൂടില്ല. തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാക്കാനായി ജമാഅത്തുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മറ്റ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളെ ആന്റണി വിസ്മരിക്കുകയാണെന്ന് പിണറായി ആരോപിച്ചു. കേരളത്തെ ഇകഴ്ത്തി സംസാരിച്ചതുകൊണ്ട് ആന്റണിക്ക് എന്തുനേട്ടമാണ് ഉണ്ടാവുക എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ അവസാനിച്ചുവെന്ന കാര്യം ആന്റണി സമ്മതിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ സഹായം കൊണ്ടാണ് കാര്‍ഷിക ആത്മഹത്യ കുറഞ്ഞതെങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും നടക്കുന്ന ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നും പിണറായി വിജയന്‍ ചോദിച്ചു.

മുന്നണിയുടെ ഭാഗമായി നില്‍ക്കുന്നതുകൊണ്ടാണ് ചിലര്‍ താരങ്ങളാകുന്നത്. ഇത് വ്യക്തിമഹത്വമായി കണ്ടാല്‍ എല്ലാം കഴിഞ്ഞുവെന്നും പിണറായി പ്രതികരിച്ചു.