തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താഴേത്തട്ടില്‍ വീഴ്ച്ചകളുണ്ടായെന്ന വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തദ്ദേശഭരണതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്തുള്ള സംസ്ഥാന സമിതിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംഘടനാദൗര്‍ബല്യങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നിഴലിച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ ശ്രമമുണ്ടാകണം. താഴേത്തട്ടില്‍ പാര്‍ട്ടിക്ക് വീഴ്ച്ചയുണ്ടായിട്ടുണ്ട്. ബ്രാഞ്ച്തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമമുണ്ടാകണം. പാര്‍ട്ടിയും എല്‍ ഡി എഫും ഒറ്റക്കെട്ടായി നിന്നാല്‍ ഭരണം നിലനിര്‍ത്താനാകുമെന്നും പിണറായി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യാനായാണ് സി.പി.ഐ.എം നേതൃയോഗങ്ങള്‍ ചേര്‍ന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രാഥമികാവലോകനം പാര്‍ട്ടി നേരത്തേ നടത്തിയിരുന്നു. വിവിധ ജില്ലാഘടകങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകകള്‍ ചര്‍ച്ചചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും ന്യൂനപക്ഷവിഭാഗങ്ങളുടെ ഏകീകരണവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രാഥമികവിലയിരുത്തല്‍.