പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ നേതാവ് വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല. എന്നാല്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ കേരളത്തിലെ നായകനാണ് സഖാവ് പിണറായി. നിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകളെക്കുറിച്ചും വി.എസ്സുമായുള്ള ബന്ധത്തെക്കുറിച്ചും സഖാവി പിണറായി വാചാലനാകുന്നു. പിണറായി റെഡിഫിന് അനുവദിച്ച അഭിമുഖത്തില്‍ നിന്നും
കേരളം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. എന്നാല്‍ വ്യാവസായത്തിന്റെ കാര്യത്തില്‍ അത്ര മെച്ചപ്പെട്ട സ്ഥിതിയല്ല ഇവിടെയുള്ളത്. ഈ ഒരു ഇമേജ് മാറ്റിയെടുക്കാന്‍ എന്തെങ്കിലും ചെയ്‌തോ?
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിയെടുത്താല്‍ ഇതിന്റെ ഉത്തരം കണ്ടെത്താനാകും. യു.ഡി.എഫ് ഭരിച്ചുപോയപ്പോള്‍ എല്ലാം മൃതാവസ്ഥയിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിറ്റുതുലയ്ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് എല്‍.ഡി.എഫ് ഭരണത്തിലേറി. ഇപ്പോള്‍ സ്ഥാപനങ്ങളുടെ സ്ഥിതി നോക്കിയാല്‍ മാറ്റം കാണാനാകും.

Subscribe Us:

ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്. വ്യാവസായത്തിന് അനുകൂല നിലപാടുകള്‍ എല്‍.ഡിയഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പുതുതായി എട്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാനും എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു.

സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ കാര്യമോ?
സി.പി.ഐ.എം വ്യവസായത്തിന് എതിരാണെന്ന് നേരത്തേയുള്ള ആരോപണമാണ്. ഇത് ശരിയല്ല. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ വ്യവസായ സംരംഭങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാന്‍ സാധ്യമല്ല. സ്വകാര്യ സ്ഥാപനങ്ങളെ തഴയുന്ന നിലപാടല്ല സി.പി.ഐ.എമ്മിനുള്ളത്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സ്വകാര്യ സംരംഭം വേണമെന്നുതന്നെയാണ് പാര്‍ട്ടി കരുതുന്നത്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങ്ള്‍ കാരണം ആരും കേരളത്തിലേക്ക് വരുന്നില്ല എന്നു പറയുന്നതിനോട് യോജിക്കാനാവുന്നില്ല. സ്വകാര്യ കമ്പനികളോട് കടുത്ത വിരോധമൊന്നും ട്രേഡ് യൂണിയനുകള്‍ക്കില്ല. റിലയന്‍സിന് ഏറ്റവുമധികം സഹായം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കമ്പനി മേധാവി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തൊഴിലാളി സംഘടനകളെ ബോധവാന്‍മാരാക്കാന്‍ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ?
പാര്‍ട്ടി പ്രത്യേകിച്ച് എന്തെങ്കിലും നടപടിയെടുക്കേണ്ടതായി കരുതുന്നില്ല. ഓരോ സംഘടനയ്ക്കും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തൊഴില്‍ സംഘടനകളും നിലവിലെ സംഘടനകളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.

vs with pinarayi

സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചാണ് ഏറെ വിവാദങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. അഞ്ച് വര്‍ഷം പ്രശ്‌നമുണ്ടാക്കി എല്‍.ഡി.എഫ് ഭരണത്തിലെത്തിയപ്പോള്‍ കരാറൊപ്പിട്ടു എന്നതാണ് പ്രധാന ആരോപണം?
കേരളത്തിലെ ജനങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് സ്മാര്‍ട്ട് സിറ്റി കരാറൊപ്പിട്ടത്. സ്മാര്‍ട്ട് സിറ്റിയുടെ പരിസരത്ത് മറ്റൊരു ഐ.ടി അനുബന്ധ സ്ഥാപനവും വരാന്‍ പാടില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അത് യു.ഡി.എഫ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ അവസ്ഥ നോക്കൂ. പുതിയ കരാറില്‍ അത്തരമൊരു നിബന്ധനകളുമില്ല. കേരളത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്തുള്ള കരാറിലാണ് ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്.

കേരളം ഇരുമുന്നണികളെയും മാറിമാറി സ്വീകരിക്കുകയാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങിനെയല്ല. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമോ?
ഇത്തവണ ഈ സ്ഥിതി മാറ്റിമറിക്കപ്പെടും. ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിനായി ഇടതുപക്ഷം തുടങ്ങിവെച്ച പദ്ധതികള്‍ എങ്കില്‍ മാത്രമേ പൂര്‍ണതയിലേക്കെത്തൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. കേരളത്തില്‍ അധികാരത്തുടര്‍ച്ചയുണ്ടാകും, എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലേറും.

നിലവിലെ മുതലാളിത്തസാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണ്?
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് മാറ്റം ആരംഭിച്ചത്. അത് മുതലാളിത്വത്തിന്റെ വിജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.

മാധ്യമങ്ങളെല്ലാം തന്നെ അന്ന് മുതളാളിത്വത്തിന്റെ കൈയ്യിലായിരുന്നു. പക്ഷേ ഇതൊരു മാറ്റത്തിന്റെ കാലമാണെന്നായിരുന്നു ഇടതുപക്ഷം അന്ന് അഭിപ്രായപ്പെട്ടത്. ഈ മാറ്റം ഒടുവില്‍ എത്തിച്ചേരുക സോഷ്യിലസത്തിലായിരിക്കും.

അധസ്ഥിത വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ച പാര്‍ട്ടിയെങ്ങിനെ പരാജയപ്പെട്ടു?
പാര്‍ട്ടി പരാജയപ്പെട്ടിട്ടില്ല, പരാജയപ്പെടുകയുമില്ല. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നടന്ന സാമ്പത്തികമാന്ദ്യത്തിനു ശേഷം എല്ലാവരും വീണ്ടും സോഷ്യലിസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
അമേരിക്കയടക്കമുള്ള കുത്തകരാഷ്ട്രങ്ങളില്‍ എന്താണ് സംഭവിച്ചത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അവര്‍ക്ക് ഇനിയും മുക്തരാകാന്‍ സാധിച്ചിട്ടില്ല.

ശരിക്കും സംസ്ഥാനത്തെ ഇടതുപക്ഷം മുതലാളിത്വത്തിന് എതിരാണോ?
ഓരോ സര്‍ക്കാറും ഓരോ നയങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അംബാനി പോലുള്ള ആളുകള്‍ കേരളത്തെ സമീപിച്ചാല്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കും. വികസനത്തിനായി ആരുമായും ചര്‍ച്ച നടത്താം.

എന്നാല്‍ ചെറുകിട സ്ഥാപനങ്ങളുടെ താല്‍പ്പര്യത്തിന് എതിരെയുള്ള നടപടികള്‍ ഉണ്ടാവില്ല. മുതലാളിത്വത്തിന് പാര്‍ട്ടി എന്നും എതിരാണ്. എന്നാല്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ള ആരെയും തടയില്ല.

pinarayi-with-vs-achuthanan

എന്തായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം?
വികസനം തന്നെയാണ് മുഖ്യവിഷയമായി ഉന്നയിക്കപ്പെടുന്നത്. 2006ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളം വികസനമുരടിപ്പിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് സ്ഥിതി മാറി.

ഭരണത്തുടര്‍ച്ച വേണമെന്ന് കേരളീയര്‍ ആഗ്രഹിക്കുന്നുണ്ട്. എല്‍.ഡി.എഫ് അധികാരത്തില്‍ തുടര്‍ന്നാലേ അതുണ്ടാകൂ എന്ന് ജനങ്ങള്‍ക്കറിയാം.

ഒരുകാലത്ത് സാഹിത്യ-സംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ഇടതുപക്ഷ സഹയാത്രികരായിരുന്നു. ഇന്നെന്തു സംഭവിച്ചു? അതുപോലെ യുവാക്കളെ ആകര്‍ഷിക്കാനും പാര്‍ട്ടിക്ക് സാധിക്കുന്നില്ല?
അത് തെറ്റായ ധാരണയാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്ന ആക്ഷേപങ്ങളാണ് അവയെല്ലാം.

പിന്നെ ചെറുപ്പക്കാര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല എന്നതും ശരിയല്ല. പാര്‍ട്ടിയുടെ യുവജനസംഘടനകളായ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്‌പെക്ട്രം അഴിമതി കേരളത്തില്‍ ചര്‍ച്ചാവിഷയമാകുമോ?
അഴിമതി അത് മേഖലയിലായാലും ചര്‍ച്ചാവിഷയമാകും. സ്‌പെക്ട്രവും പ്രധാന വിഷയമാണ്. അഴിമതി നടത്തിയ കോണ്‍ഗ്രസിന്റെ വികൃതമുഖമാണ് സ്‌പെക്ട്രത്തിലൂടെ വ്യക്തമാകുന്നത്.

പക്ഷേ കേരളത്തില്‍ പ്രാദേശികമായ പ്രശ്‌നങ്ങളാകും ചര്‍ച്ചാവിഷയമാവുക. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരായ കേസ്, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസ്, ആര്‍.ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ചര്‍ച്ചയാകും.

വി.എസ്സുമായി എന്താണ് പ്രശ്‌നം?
വി.എസ്സുമായി യാതൊരു പ്രശ്‌നവുമില്ല. ചില മാധ്യമങ്ങളാണ് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുന്നത്. വി.എസ്സിനും തനിക്കുമിടയില്‍ ശത്രുതയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിപട്ടികയില്‍ വി.എസ് ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഒറ്റ ലിസ്റ്റേ തയ്യാറാക്കിയിരുന്നുള്ളൂ, അതില്‍ വി.എസ് ഉണ്ടായിരുന്നു.